'വനിതാ ലീഗിനെ അവഗണിച്ചു,ആ വേദന നേതൃത്വം മനസിലാക്കണം'; നിലപാട് കടുപ്പിച്ച് നൂര്‍ബിന റഷീദ്

Update: 2026-03-18 07:24 GMT

കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ വനിതാ ലീഗിനെ പൂര്‍ണ്ണമായും അവഗണിച്ചുവെന്ന ആരോപണവുമായി ദേശീയ ജനറല്‍ സെക്രട്ടറി നൂര്‍ബിന റഷീദ് രംഗത്ത്. ഫാത്തിമ തഹ്ലിയയെയും ജയന്തി രാജനെയും സ്ഥാനാര്‍ത്ഥികളാക്കിയതിലൂടെ അര്‍ഹരായ വനിതാ ലീഗ് നേതാക്കളെ തഴഞ്ഞുവെന്ന് നൂര്‍ബിന കുറ്റപ്പെടുത്തി.

തനിക്ക് സീറ്റ് ലഭിക്കാനല്ല തന്റെ പോരാട്ടമെന്നും, എന്നാല്‍ സംഘടനയ്ക്കായി അധ്വാനിക്കുന്ന നിരവധി സ്ത്രീകള്‍ വനിതാ ലീഗിലുണ്ടെന്നും അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാത്തത് നീതികേടാണെന്നും നൂര്‍ബിന റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പാര്‍ട്ടിയോട് വിരോധമില്ലെന്നും എന്നാല്‍ നേതൃത്വത്തിന്റെ തെറ്റായ നയങ്ങളോടാണ് വിയോജിപ്പെന്നും അവര്‍ വ്യക്തമാക്കി.

പാണക്കാട് തങ്ങളെ വിമര്‍ശിച്ചവര്‍ക്കാണ് ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നതെന്ന് ഫാത്തിമ തഹ്ലിയയെ ലക്ഷ്യം വെച്ച് നൂര്‍ബിന ആരോപിച്ചു. കൂത്തുപറമ്പില്‍ ദളിത് ലീഗ് നേതാവായ ജയന്തി രാജനും പേരാമ്പ്രയില്‍ ഫാത്തിമ തഹ്ലിയയുമാണ് ഇത്തവണ ലീഗ് പട്ടികയിലെ വനിതാ മുഖങ്ങള്‍. എന്നാല്‍ വനിതാ ലീഗ് എന്ന മാതൃസംഘടനയെ പാടെ അവഗണിച്ചതിലുള്ള വേദന നേതൃത്വം മനസ്സിലാക്കണമെന്നും അനീതിക്കെതിരെ ശബ്ദമുയര്‍ത്തുക തന്നെ ചെയ്യുമെന്നും നൂര്‍ബിന റഷീദ് കൂട്ടിച്ചേര്‍ത്തു. എത്ര വലിയ പദവികള്‍ വാഗ്ദാനം ചെയ്താലും ലീഗ് വിട്ട് മറ്റൊരു പാര്‍ട്ടിയിലേക്കും പോകില്ലെന്നും അവര്‍ നിലപാട് വ്യക്തമാക്കി.

Similar News