'ഇടി കൊണ്ട് നേരെ റോഡിലേക്ക് തെറിച്ചുവീണു'; സ്‌കൂട്ടറിൽ സഞ്ചരിക്കവെ കാട്ടുപന്നിയുടെ ആക്രമണം; കൊല്ലത്ത് അമ്മയ്ക്കും മകനും ​ഗുരുതര പരിക്ക്

Update: 2026-03-18 07:36 GMT

കൊല്ലം: പുനലൂർ-ഇടമൺ പാതയിൽ പാപ്പന്നൂരിന് സമീപം സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകനും നേരെ കാട്ടുപന്നിയുടെ ആക്രമണം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം.

ഇടമൺ-34 ഉദയഗിരി പുളിമൂട്ടിൽ വീട്ടിൽ സോണിയയ്ക്കും മകൻ ആദിത്യനുമാണ് പരിക്കേറ്റത്. മകനെ പുനലൂരിലെ ആശുപത്രിയിൽ കൊണ്ടുപോയി തിരികെ വരുന്നതിനിടെയാണ് ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന് കുറുകെ കാട്ടുപന്നി ചാടിയത്. അപകടത്തിൽ സ്കൂട്ടറിൽ നിന്ന് ദൂരേക്ക് തെറിച്ചു വീണ ഇരുവരുടെയും മുഖത്തും കൈകാലുകളിലുമാണ് ഗുരുതരമായി പരിക്കേറ്റത്.

അലർച്ച കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സോണിയയെയും ആദിത്യനെയും രക്ഷപ്പെടുത്തി പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. പ്രാഥമിക ചികിത്സയ്ക്ക് ശേഷം പരിക്ക് ഗുരുതരമായതിനാൽ സോണിയയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലേക്കും മകൻ ആദിത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. 

Tags:    

Similar News