പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ആയുധവേട്ട; നാടന്‍ തോക്കുകളും വെടിയുണ്ടകളുമായി യുവാവ് പിടിയില്‍

പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ ആയുധവേട്ട

Update: 2026-03-27 04:12 GMT

പാലക്കാട്: പാലക്കാട് ജങ്ഷന്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ മാര്‍ഗം കടത്താന്‍ ശ്രമിച്ച നാടന്‍ തോക്കുകളും വെടിയുണ്ടകളുമായി യുവാവ് പിടിയില്‍. കൊട്ടോപ്പാടം അരിയൂര്‍ സ്വദേശി പ്രവീണിനെയാണ് (21) ആര്‍പിഎഫ് ക്രൈം പ്രിവന്‍ഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. വ്യാഴം വൈകിട്ട് നാലിനാണ് പ്രവീണ്‍ ആര്‍പിഎഫിന്റെ കസ്റ്റഡിയിലാവുന്നച്

ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്‌സ്പ്രസില്‍ എത്തിയ യുവാവ് സംശയാസ്പദമായ രീതിയില്‍ ബാഗുമായി പുറത്തേക്കുപോകാന്‍ ശ്രമിക്കുന്നത് കണ്ട ആര്‍പിഎഫ് എഎസ്‌ഐ സജി അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുനിര്‍ത്തി പരിശോധിക്കുകയായിരുന്നു. ഇയാളുടെ ബാഗില്‍ നിന്നും ഒരു നാടന്‍ പിസ്റ്റള്‍ (7.65 എംഎം), ഒരു സിംഗിള്‍ ബാരല്‍ തോക്ക് (12 എംഎം), 40 റൗണ്ട് പിസ്റ്റള്‍ വെടിയുണ്ടകള്‍, പത്ത് ബോക്‌സുകളിലായി സൂക്ഷിച്ച 100 വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു.

പാലക്കാട് ആര്‍പിഎഫ് ഓഫീസിലെത്തിച്ച യുവാവിനെ ഡിഎസ്സി പാലക്കാട്, ഷൊര്‍ണൂര്‍ ഐആര്‍പി എന്നിവരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രെയിന്‍ മാര്‍ഗം സംസ്ഥാനത്തേക്ക് ലഹരി വസ്തുക്കളും കള്ളക്കടത്തും തടയുന്നതിന് ആര്‍പിഎഫും റെയില്‍വേ സുരക്ഷാസേനയും ഊര്‍ജിതമായ പരിശോധനകള്‍ തുടരുന്നതിനിടെയാണ് ആയുധങ്ങള്‍ പിടികൂടിയത്. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Tags:    

Similar News