നെടുമങ്ങാട്ട് എൽഡിഎഫ് പ്രവർത്തകരുടെ വീട്ടുപടിക്കൽ റീത്ത്; പേരെഴുതി വെച്ച് ഭീഷണി; സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തം
നെടുമങ്ങാട്: തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ നെടുമങ്ങാട്ട് എൽഡിഎഫ് പ്രവർത്തകരുടെ വീടുകൾക്ക് മുന്നിൽ റീത്ത് വച്ച് ഭീഷണി. മന്നൂർക്കോണം സ്വദേശികളായ അഖിൽ നന്ദു, സണ്ണി, പേരില സ്വദേശികളായ ജയ റോസ്, ബിനോയ് എന്നിവരുടെ വീട്ടുപടിക്കലാണ് വ്യാഴാഴ്ച പുലർച്ചെ റീത്തുകൾ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു.
റീത്തുകളിൽ ഒട്ടിച്ച വെള്ളക്കടലാസിൽ പ്രവർത്തകരുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. നെടുമങ്ങാട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി ജി.ആർ. അനിലിന്റെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമായവരാണ് ഇവർ. പ്രദേശത്തെ ചുവരെഴുത്ത്, പോസ്റ്റർ പതിപ്പിക്കൽ, ഭവനസന്ദർശനം എന്നിവയ്ക്ക് നേതൃത്വം നൽകുന്നത് ഇവരാണ്. പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിപ്പിക്കാനും ഭീതി പടർത്താനുമാണ് അജ്ഞാതസംഘം റീത്ത് വെച്ചതെന്ന് എൽഡിഎഫ് ആരോപിച്ചു.
സ്ഥാനാർത്ഥി ജി.ആർ. അനിലും മറ്റ് എൽഡിഎഫ് നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും നേതാക്കൾ ഉറപ്പുനൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്ന് എൽഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികളായ ആർ. ജയദേവൻ, കെ.പി. പ്രമോഷ്, പാട്ടത്തിൽ ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.