മന്ത്രിയുടെ ലെറ്റർപാഡിൽ വോട്ട് ചോദിച്ചെന്ന് പരാതി; ശിവൻകുട്ടിക്കെതിരെ ബിജെപി വരണാധികാരിക്ക് കത്ത് നൽകി; വിജ്ഞാപനത്തിന് മുൻപുള്ള കത്തെന്ന് ന്യായീകരിച്ച് എൽഡിഎഫ് സ്ഥാനാർത്ഥി

Update: 2026-03-27 06:05 GMT

തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും മന്ത്രിയുമായ വി. ശിവൻകുട്ടി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന പരാതി. മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ച് വോട്ടർമാർക്ക് കത്തയച്ചുവെന്നാണ് ആക്ഷേപം. ബിജെപി ലീഗൽ ഇൻ ചാർജ് അഡ്വ. പ്രകാശ് ആർ.സി.യാണ് വരണാധികാരിക്ക് പരാതി നൽകിയത്. സംഭവത്തിൽ വി. ശിവൻകുട്ടി വരണാധികാരിക്ക് വിശദീകരണം നൽകി.

മന്ത്രിയുടെ ഔദ്യോഗിക ലെറ്റർപാഡിൽ വോട്ടർമാരുടെ പിന്തുണയും സഹായവും അഭ്യർഥിച്ചുള്ള കത്ത് മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തുവെന്നാണ് പരാതി. എന്നാൽ പരാതിയിൽ പറയുന്നതുപോലെ സംസ്ഥാന ചിഹ്നം പതിച്ച ഔദ്യോഗിക ലെറ്റർപാഡ് ഉപയോഗിച്ചിട്ടില്ലെന്ന് വി. ശിവൻകുട്ടി വ്യക്തമാക്കി. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുൻപ്, മാർച്ച് ആറിനാണ് മണ്ഡലത്തിലെ പ്രമുഖർക്ക് കത്തയച്ചത്. ഭാവിപ്രവർത്തനങ്ങൾക്ക് പിന്തുണ തേടിയുള്ളതായിരുന്നു കത്തെന്നും അദ്ദേഹം വിശദീകരണത്തിൽ ചൂണ്ടിക്കാട്ടി. മാർച്ച് 15-നാണ് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയത്.

Tags:    

Similar News