സിപിഎമ്മിന് സാംസ്‌കാരിക ദാരിദ്ര്യം; ആലപ്പുഴയിൽ പാർട്ടി നശിച്ചാൽ നടുവൊടിയും; റിയൽ എസ്റ്റേറ്റുകാരും കള്ളുഷാപ്പ് കോൺട്രാക്ടർമാരും വാഴുന്ന പാർട്ടിയായി സിപിഎം മാറിയെന്ന് ജി. സുധാകരൻ
കലവൂർ: തന്റെ പിതാവിനെ അധിക്ഷേപിക്കാനുള്ള സാംസ്‌കാരിക ദാരിദ്ര്യം സി.പി.എമ്മിന് മാത്രമേയുള്ളൂവെന്ന് അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ജി. സുധാകരൻ. അച്ഛൻ ഉള്ളവർക്കേ അച്ഛന്റെ ഗുണം അറിയാവൂ എന്നും അദ്ദേഹം പറഞ്ഞു. വലിയ കലവൂരിൽ യു.ഡി.എഫ് ആലപ്പുഴ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ആരുടെയും തറവാട്ട് സ്വത്ത് ഭാഗം വെച്ച് നൽകുന്നതല്ല. ആലപ്പുഴയിൽ പാർട്ടി നശിച്ചാൽ കേരളത്തിൽ സി.പി.എമ്മിന്റെ നടുവൊടിയും. മുകളിലുള്ളവർ എന്ത് വൃത്തികേട് കാണിച്ചാലും അടിസ്ഥാനവർഗത്തിന്റെ പിന്തുണയുള്ളതുകൊണ്ടാണ് ഇവിടെ വോട്ട് ലഭിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ മുസ്ലീമാണെന്നാണ് പലരും കരുതുന്നത്. എന്നാൽ അദ്ദേഹം ഒന്നാന്തരം ഈഴവ കുടുംബാംഗമാണെന്നും സുധാകരൻ പറഞ്ഞു.
സമൂഹത്തിൽ ഏറ്റവും മേന്മയുള്ളവരെ സ്ഥാനാർത്ഥിയാക്കുന്നതിൽ യു.ഡി.എഫ് ബുദ്ധിപരമായി പ്രവർത്തിച്ചു. റിയൽ എസ്റ്റേറ്റ് ബിസിനസുകാരും കള്ളുഷാപ്പ് കോൺട്രാക്ടർമാരുമാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റ് പാർട്ടിയിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു. അഡ്വ. ആർ. ഉണ്ണിക്കൃഷ്ണൻ, എ.ഐ.സി.സി സെക്രട്ടറി ഡാനിഷ് എബ്രാർ, എ.എ. ഷുക്കൂർ തുടങ്ങിയവർ പ്രസംഗിച്ചു.