പല്ലന്‍ചാത്തൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; പിന്നില്‍ സ്‌കൂള്‍ അധ്യാപികയുടെ അനാവശ്യ ഇടപെടലും ഭീഷണിയുമെന്ന് ബന്ധുക്കള്‍; സൈബര്‍ സെല്ലില്‍ കേസ് കൊടുക്കും, ജയിലില്‍ പോകേണ്ടിവരും എന്ന് പറഞ്ഞതായി സഹപാഠികള്‍; പോലീസ് അന്വേഷണം ആരംഭിച്ചു

Update: 2025-10-16 04:04 GMT

പാലക്കാട്: പല്ലന്‍ചാത്തൂരില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെ ചുറ്റിപ്പറ്റി വിവാദം ശക്തമാകുന്നു. പതിനാലുകാരന്‍ അര്‍ജുന്റെ മരണത്തിന് പിന്നില്‍ സ്‌കൂള്‍ അധ്യാപികയുടെ അനാവശ്യ ഇടപെടലും ഭീഷണിപ്പെടുത്തലുമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കണ്ണാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു മരിച്ച അര്‍ജുന്‍.

ഇന്‍സ്റ്റഗ്രാം വഴി സഹപാഠികളുമായി നടന്ന സന്ദേശവിനിമയം സ്‌കൂളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് അധ്യാപിക രംഗപ്രവേശം ചെയ്തത്. രക്ഷിതാക്കളുടെ ഇടപെടലിലൂടെ വിഷയം തീര്‍ന്നെങ്കിലും, അതിന് പിന്നാലെ ക്ലാസ് ടീച്ചര്‍ മുഴുവന്‍ കുട്ടികളുടെ മുന്നില്‍ അര്‍ജുനെ അപമാനിച്ചുവെന്നാണ് ആരോപണം.

ക്ലാസ്സില്‍ കുട്ടികളുടെ ചെവിയില്‍ പിടിച്ച് അടിക്കുകയും ''സൈബര്‍ സെല്ലില്‍ കേസ് കൊടുക്കും, ജയിലില്‍ പോകേണ്ടിവരും'' എന്നൊക്കെയായും പറഞ്ഞതായി സഹപാഠികളും ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെ മനോവിഷമത്തിലായ അര്‍ജുന്‍ ആത്മഹത്യയിലേക്കാണ് നീങ്ങിയത് എന്നതാണ് കുടുംബത്തിന്റെ നിലപാട്.

സംഭവത്തില്‍ കുടുംബം പൊലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ്. എന്നാല്‍, ''ഭീഷണിപ്പെടുത്തലൊന്നും നടന്നിട്ടില്ല, വിഷയത്തില്‍ ശരിയായ ബോധവല്‍ക്കരണമാണ് നല്‍കിയതെന്ന'' നിലപാടിലാണ് സ്‌കൂള്‍ അധികൃതര്‍. കേസ് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News