ഓണാഘോഷ പരിപാടിക്കിടെ നടന്ന തർക്കം; സഹോദരങ്ങളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വിധി; പ്രതി ഏഴ് വർഷം അഴിയെണ്ണണം
ആലപ്പുഴ: ഓണാഘോഷ പരിപാടികൾ തടസ്സപ്പെടുത്തിയതിനെ ചോദ്യംചെയ്ത സഹോദരങ്ങളെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചു. ആലപ്പുഴ സ്വദേശിയായ ആൻഡ്രൂസ് (27) എന്ന ഡെന്നീസിനാണ് ആലപ്പുഴ അഡീഷണൽ ജില്ലാ സെഷൻസ് കോടതി (രണ്ട്) ശിക്ഷ വിധിച്ചത്.
2017 സെപ്റ്റംബർ നാലിനാണ് സംഭവം നടന്നത്. പൂങ്കാവ് വൈ ബി സി വായനശാലയിലെ ഓണാഘോഷ പരിപാടികൾ തടസ്സപ്പെടുത്തിയതിനെ തുടർന്ന്, വായനശാലയുടെ ഭാരവാഹികളായ സഹോദരങ്ങളെ ആൻഡ്രൂസ് കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് സ്വദേശിയായ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാണ് ജഡ്ജി എസ്. ഭാരതി ശിക്ഷ വിധിച്ചത്.
ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ മാസം 30-ന് നാല് കിലോ കഞ്ചാവുമായി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.ഐ. ശ്രീമോൻ ഹാജരായി.