അഞ്ച് പോക്സോ കേസുകളിൽ പ്രതി; ഒളിവിലായിരുന്നു പ്രതിയെ ചെന്നൈയിലെത്തി പൊക്കി ചെറുതുരുത്തി പോലീസ്; പിടിയിലായത് കലാമണ്ഡലം അധ്യാപകൻ കനകകുമാർ
തൃശ്ശൂർ: അഞ്ച് പോക്സോ കേസുകളിൽ പ്രതിയായ കേരള കലാമണ്ഡലം കൂടിയാട്ടം വിഭാഗം അധ്യാപകൻ കലാമണ്ഡലം കനകകുമാറിനെ ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഞായറാഴ്ച രാത്രി ചെറുതുരുത്തി പോലീസ് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. വിദ്യാർത്ഥികളോട് അപമര്യാദയായി പെരുമാറിയെന്ന വ്യാപകമായ പരാതികളെ തുടർന്നാണ് കലാമണ്ഡലം കനകകുമാറിനെതിരെ കേസെടുത്തത്.
പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, കലാമണ്ഡലം അധികൃതർ ഇയാളെ സർവീസിൽ നിന്ന് പുറത്താക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിൽ, കഴിഞ്ഞ പത്താം തീയതിയാണ് ചെറുതുരുത്തി പോലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തത്. ആദ്യഘട്ടത്തിൽ രണ്ട് വിദ്യാർത്ഥികളുടെ മൊഴികളും പിന്നീട് മൂന്ന് വിദ്യാർത്ഥികളുടെ മൊഴികളും രേഖപ്പെടുത്തിയതോടെയാണ് ഇയാൾക്കെതിരെ ആകെ അഞ്ച് പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത്.
കേസെടുത്തതറിഞ്ഞ് ഒളിവിൽ പോയ കനകകുമാറിനെ, രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ചെന്നൈയിൽ നിന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്. എസ്ഐ ജോളി സെബാസ്റ്റ്യൻ, എസ് സിപിഒമാരായ വിനീത് മോൻ, ജയകൃഷ്ണണൻ എന്നിവരടങ്ങിയ ചെറുതുരുത്തി പോലീസ് സ്പെഷ്യൽ സ്ക്വാഡാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.