മദ്യപിച്ചെത്തിയ സംഘം റെയിൽവെ ട്രാക്ക് പരിശോധിക്കാനെത്തിയ ജീവനക്കാര്‍ക്കുനേരെ കല്ലെറിഞ്ഞു; 2 പേർ പിടിയിൽ; ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്
തിരുവനന്തപുരം: മദ്യപിച്ചെത്തി ഡ്യൂട്ടിയിലായിരുന്ന റെയിൽവേ ജീവനക്കാർക്കു നേരെ അക്രമം നടത്തിയ യുവാക്കൾ പിടിയിൽ. പാറശാല കരുമാനൂർ സ്വദേശി പ്രവീൺ(30), മുര്യങ്കര സ്വദേശി സുബീഷ്(21) എന്നിവരാണ് പാറശാല റെയിൽവേ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞദിവസം രാത്രി 10ന് പാറശാല ഇലങ്കം ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് സംഭവം. മദ്യപിച്ചെത്തിയ സംഘം ട്രാക്കിൽ പരിശോധന നടത്തുകയായിരുന്ന ജീവനക്കാർക്കുനേരെ കല്ലെറിഞ്ഞത്.
പാളത്തിലൂടെ നടന്ന് വരികയായിരുന്ന ജീവനക്കാർക്ക് നീയാണ് ആക്രമണമുണ്ടായത്. പെട്ടന്നുണ്ടായ ആക്രമണത്തിൽ ജീവനക്കാർക്ക് ഒന്നും ചെയ്യാനായില്ല. സംഭവത്തിൽ ഒരാൾക്ക് കാര്യമായ പരിക്കേറ്റിരുന്നു. തുടർന്ന് ജീവനക്കാർ പാറശാല റെയിൽവേ പോലീസിന് പരാതി നൽകി. പോലീസ് സ്ഥലത്തെത്തി രണ്ട് പേരെ പിടികൂടി. എന്നാൽ സംഘത്തിലെ മൂന്നാമൻ ഓടി രക്ഷപ്പെട്ടു.
കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പ്രതികളെ കോടതിയിൽ ഹാജരാക്കി. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. മൂന്നാമത്തെ പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ പിടികൂടുമെന്നും റെയിൽവേ പോലീസ് പറഞ്ഞു.