ഇവന്മാരുടെ 'ഹോൺ' അടി തന്നെ വലിയ ശല്യമാണ്; വിദേശ രാജ്യങ്ങളിൽ ആയിരുന്നെങ്കിൽ ദേഷ്യം വരുന്നവർ 'തോക്ക്' എടുത്ത് വെടിവെയ്ക്കുമായിരുന്നു..'; വിവാദ പരാമർശവുമായി വീണ്ടും ഗതാഗത മന്ത്രി
കൊല്ലം: സ്വകാര്യ ബസുകളുടെ അമിതവേഗതയിലുള്ള ഓട്ടത്തിനും കാതടപ്പിക്കുന്ന ഹോൺ മുഴക്കത്തിനുമെതിരെ രൂക്ഷ വിമർശനവുമായി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഇത് പൊതുജനത്തിന് വലിയ ശല്യമാണെന്നും, ഇത്തരം മത്സരയോട്ടങ്ങൾ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശ രാജ്യങ്ങളിൽ ഇത്തരം ശബ്ദം കേൾക്കുന്നവർ തോക്കുപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്നും, എന്നാൽ കേരളത്തിൽ അത്തരം സാഹചര്യം ഉണ്ടാകാൻ അനുവദിക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ കൊച്ചിയിൽ സ്വകാര്യ ബസുകൾ നടത്തിവന്ന മിന്നൽ പണിമുടക്കിനെതിരെയും മന്ത്രി ശക്തമായ നിലപാടെടുത്തിരുന്നു. എത്ര കാലം വേണമെങ്കിലും പണിമുടക്കാമെന്നും, പകരം കെ.എസ്.ആർ.ടി.സി ബസുകൾ ഈ റൂട്ടുകളിൽ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പണിമുടക്ക് നേരിടാൻ ആവശ്യമായ കെ.എസ്.ആർ.ടി.സി ബസുകൾ കൊച്ചിയിൽ എത്തിച്ചിട്ടുണ്ടെന്നും, പണിമുടക്കുന്ന ബസുകളുടെ ചിത്രങ്ങൾ ശേഖരിച്ചിട്ടുണ്ടെന്നും മന്ത്രി ഗണേഷ് കുമാർ സൂചിപ്പിച്ചു. ബസ് സർവീസ് ഒരു അവശ്യ സർവീസാണെന്നും, യാത്രക്കാരെ ബുദ്ധിമുട്ടിക്കാൻ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഇതിനിടെ, മൂന്നാറിൽ വിനോദസഞ്ചാരിയായ യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്നുണ്ടായ ദുരനുഭവത്തിലും മന്ത്രി അതൃപ്തി രേഖപ്പെടുത്തി. മൂന്നാറിലെ ടാക്സി ഡ്രൈവർമാരുടെ നടപടി ഗുണ്ടായിസമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് കർശന നടപടിയെടുക്കുമെന്നും, യുവതിയോട് മോശമായി പെരുമാറിയ ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്നും, മോശം അനുഭവം കാണിച്ച ഡ്രൈവർമാർക്കും ഇതിന് കൂട്ടുനിന്ന പൊലീസുകാർക്കുമെതിരെയും നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.