സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്; ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരവുമായി മുന്നോട്ട് പോകുന്നത്

Update: 2025-07-20 07:36 GMT

കൊച്ചി: സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ ജൂലൈ 22 മുതല്‍ അനിശ്ചിതകാലത്തേക്ക് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാകുന്നില്ലെന്നാരോപിച്ചാണ് സമരം.

ദീര്‍ഘദൂര ലിമിറ്റഡ് സ്റ്റോപ്പ് സര്‍വീസുകള്‍ ഉള്‍പ്പെടെ നിലവിലുള്ള എല്ലാ പെര്‍മിറ്റുകളും അതേപടി പുതുക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ക്രമീകരിക്കുക, ഇ-ചാലനുകളുടെ പേരില്‍ പൊലീസ് അനാവശ്യമായി പിഴയിടുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി മുന്നോട്ടുവച്ചത്. ജനറല്‍ കണ്‍വീനര്‍ രാജ്കുമാര്‍ കരുവാരത്ത്, കണ്‍വീനര്‍മാരായ പി.കെ. പവിത്രന്‍, കെ. വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.

ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയോടെ ബസ് ഓപ്പറേറ്റേഴ്സ് ഫോറം സമരത്തില്‍ നിന്ന് പിന്‍മാറിയിരുന്നെങ്കിലും മറ്റ് സംഘടനകള്‍ സമരം തുടരുകയാണ്. തുടര്‍ന്ന് ഗതാഗത കമ്മീഷണര്‍ ഉടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും അതും ഫലമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ജൂലൈ 7-ന് സംയുക്ത സംഘടനകള്‍ മുന്നറിയിപ്പ് പണിമുടക്ക് നടത്തുകയും തുടര്‍ന്ന് നടപടികളില്ലാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമര തീരുമാനമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

സര്‍വീസ് നിര്‍ത്തല്‍ ലക്ഷക്കണക്കിന് യാത്രക്കാരെ ബാധിക്കുമെന്നാണ് സൂചന. കൂടുതല്‍ ചര്‍ച്ചകള്‍ വഴിയിലൂടെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകണമെന്ന് പൊതുജന പ്രതീക്ഷ.

Tags:    

Similar News