ദുഃഖകരം..; ഷൊര്‍ണൂർ ട്രെയിൻ അപകടത്തിൽ കാണാതായ ശുചീകരണ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി; മരണം നാലായി

Update: 2024-11-03 12:57 GMT

പാലക്കാട്: ഷൊര്‍ണൂരിൽ ട്രെയിൻ അപകടത്തെ തുടർന്ന് കാണാതായ തമിഴ്നാട് സേലം സ്വദേശിയായ ലക്ഷ്മണന്‍റെ (48) മൃതദേഹം കണ്ടെത്തി. ഭാരതപ്പുഴയിൽ ഇന്ന് നടത്തിയ തിരച്ചിലിലാണ് ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് മൂന്നോടെയാണ് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കേരള എക്സ്പ്രസ് ട്രെയിൻ തട്ടി ശുചീകരണ തൊഴിലാളികളായ മൂന്നുപേര്‍ മരിച്ചത്.

ട്രെയിൻ തട്ടി പുഴയിൽ വീണ നാലാമത്തെയാളായ ലക്ഷ്മണനെ കണ്ടെത്താൻ ഇന്നലെ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെ മുതൽ ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീം ഉള്‍പ്പെടെ നടത്തിയ തിരച്ചിലിനൊടുവിലാണ് ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഇതോടെ ട്രെയിൻ തട്ടി മരിച്ചവരുടെ എണ്ണം നാലായി. ഫയര്‍ഫോഴ്സിന്‍റെ സ്കൂബാ ടീമിലെ മുങ്ങല്‍ വിദഗ്ധരാണ് മൃതദേഹം കണ്ടെത്തിയത്. കൊച്ചിൻ പാലത്തിന്‍റെ തൂണിനോട് ചേര്‍ന്നായിരുന്നു ലക്ഷ്മണന്‍റെ മൃതദേഹം കണ്ടെത്തിയത്.

Tags:    

Similar News