തിരുവനന്തപുരത്ത് തെരുവുനായയുടെ ആക്രമണം; നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്
തിരുവനന്തപുരം: മംഗലപുരത്ത് തെരുവുനായയുടെ ആക്രമണത്തിൽ നാലുവയസ്സുകാരി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. മംഗലപുരം പാട്ടത്തിൻകരയിൽ തിങ്കളാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് സംഭവം. പാട്ടത്തിൻകര സ്വദേശികളായ ദക്ഷിണ (4), കുട്ടിയുടെ മുത്തച്ഛൻ ബാബു പിള്ള, രാജേഷ് എന്നിവർക്കാണ് കടിയേറ്റത്.
വീട്ടുമുറ്റത്ത് പല്ലുതേച്ചുകൊണ്ടിരുന്ന ദക്ഷിണയെയാണ് നായ ആദ്യം ആക്രമിച്ചത്. കുട്ടിയുടെ മുഖത്തും തലയിലും കയ്യിലും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതുകണ്ട് കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച മുത്തച്ഛൻ ബാബു പിള്ളയെയും നായ ആക്രമിച്ചു.
ഇവിടെനിന്ന് ഓടിപ്പോയ നായ, സമീപത്തുള്ള കാവ് ക്ഷേത്രത്തിന് പരിസരത്തുവെച്ച് രാജേഷ് എന്ന മറ്റൊരാളെയും കടിച്ചു. തുടർന്ന് കല്ലൂർ പാലം ഭാഗത്തേക്ക് ഓടിയ നായ വേറെയും ചിലരെ ആക്രമിച്ചതായി പരാതിയുണ്ട്. പരിക്കേറ്റ മൂന്നുപേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.