കയ്യിലെ മാംസം പുറത്തുവരുന്ന രീതിയിൽ കടിച്ചുപറിച്ചു; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ ആക്രമിച്ച തെരുവ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചു

Update: 2025-11-04 10:59 GMT

പാലക്കാട്: വടക്കഞ്ചേരിയിൽ കിടപ്പുരോഗിയായ വീട്ടമ്മയെ കടിച്ച തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. സമീപത്തെ മറ്റൊരു പശുക്കുട്ടിക്കും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിൽ നടത്തിയ പരിശോധനയിലാണ് തെരുവുനായ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം പുളിമ്പറമ്പ് വിശാലം (55) എന്ന കിടപ്പുരോഗിയായ വീട്ടമ്മയെയാണ് നായ ആക്രമിച്ചത്. വീടിന് മുൻവശത്തെ ചായ്പ്പിൽ കട്ടിലിൽ കിടക്കുകയായിരുന്ന ഇവരെ നായ കടിച്ചുപരിക്കേൽപ്പിക്കുകയായിരുന്നു. കയ്യിലെ മാംസം പുറത്തുവരുന്ന രീതിയിലുള്ള ഗുരുതരമായ പരിക്കുകളോടെ അവശ നിലയിലായ വിശാലത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർക്ക് മുന്നിൽവെച്ചാണ് നായ ഓടിമറഞ്ഞത്. തുടർന്ന് ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരാണ് പിന്നീട് നായയെ തല്ലിക്കൊല്ലുകയും മൃതദേഹം വിശദമായ പരിശോധനയ്ക്കായി മണ്ണുത്തി വെറ്റിനറി സർവ്വകലാശാലയിൽ എത്തിക്കുകയും ചെയ്തത്.

അതിനിടെ, കമ്മാന്തറയിൽ കണ്ടെത്തിയ ഒരു പശുക്കുട്ടിക്കും പേവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഏതാനും ദിവസങ്ങളായി പശുക്കുട്ടിക്ക് പനിയും ഭക്ഷണം കഴിക്കാത്ത അവസ്ഥയുമുണ്ടായിരുന്നു. വടക്കഞ്ചേരി വെറ്റിനറി സർജൻ ഡോ. പി. ശ്രീദേവി നടത്തിയ പരിശോധനയിലാണ് രോഗലക്ഷണങ്ങൾ സംശയിക്കപ്പെടുന്നത്.

Tags:    

Similar News