ഉച്ചയ്ക്ക് വീടിന് പുറത്തുകേട്ടത് കോഴികളുടെ പ്രാണൻ പോകുന്ന വിളി; വന്ന് നോക്കുമ്പോൾ ദാരുണ കാഴ്ച; 12 ജീവനുകളെ കടിച്ചുകീറി; വിഴിഞ്ഞത്ത് നാട്ടുകാരുടെ ഉറക്കം കെടുത്തി തെരുവുനായ ശല്യം രൂക്ഷമാകുന്നു

Update: 2025-08-25 10:05 GMT

വിഴിഞ്ഞം: തിരുവനന്തപുരത്ത് തെരുവുനായ്ക്കളുടെ ആക്രമണം വ്യാപകമാകുന്നു. വിഴിഞ്ഞം മുക്കോല നെല്ലിക്കുന്ന് പനവിളക്കോട് ഭാഗത്ത് തെരുവുനായയുടെ ആക്രമണത്തിൽ ഒരു വീട്ടിലെ 12 കോഴികൾ ചത്തൊടുങ്ങി. കൂടാതെ, 7 ആടുകൾക്കും സമീപത്തെ വളർത്തുനായ്ക്കൾക്കും കടിയേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് പ്രദേശത്ത് സംഭവം നടന്നത്.

രതീഷ് എന്നയാളുടെ വീട്ടിലാണ് നായയുടെ ആക്രമണമുണ്ടായത്. ആക്രമണകാരിയായ തെരുവുനായ വീട്ടിലെ കോഴികളെ കൂട്ടത്തോടെ കടിച്ചു കൊന്നു. കറവയുള്ള ഏഴ് ആടുകളെയും സമീപത്തെ വീടുകളിലെ വളർത്തുനായ്ക്കളെയും നായ ആക്രമിച്ചു.

വീട്ടുകാർ അദ്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നായയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ അതും ആക്രമിക്കാൻ ശ്രമിച്ചതായി രതീഷ് പറഞ്ഞു. കടിയേറ്റ ആടുകൾക്കും വളർത്തുനായ്ക്കൾക്കും മൃഗാശുപത്രിയിൽ കുത്തിവെപ്പ് എടുത്തു.

പേ ബാധിച്ച നായയാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ സംശയിക്കുന്നു. ആക്രമിച്ച നായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശത്ത് തെരുവുനായ ശല്യം വർദ്ധിച്ചുവരുന്നതായും അടിയന്തര ഇടപെടൽ ആവശ്യമാണെന്നും നാട്ടുകാർ പറയുന്നു.

നേരത്തെ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലും തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടർ എൽസമ്മ വർഗീസിന് കൈകാലുകളിൽ പരിക്കേറ്റിരുന്നു. മലയിൻകീഴിൽ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന പിതാവിനും മകൾക്കും നേരെയും തെരുവുനായ്ക്കൾ ആക്രമണം നടത്തിയിരുന്നു. മാനസികാരോഗ്യ കേന്ദ്രത്തിന്റെ വളപ്പിൽ മുപ്പതോളം തെരുവുനായ്ക്കളുണ്ടെന്നും ഇവയെ നിയന്ത്രിക്കാൻ നടപടി സ്വീകരിക്കുന്നില്ലെന്നും ജീവനക്കാർ പരാതി ഉന്നയിച്ചിരുന്നു.

Tags:    

Similar News