സ്കൂൾ ബസിലെ ദ്വാരത്തിൽ വിദ്യാർത്ഥിയുടെ കൈവിരൽ കുടുങ്ങി; കുട്ടിയുമായി ബസ് ഫയർ സ്റ്റേഷനിലേക്ക്; കൈവിരൽ പുറത്തെടുത്തത് ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിൽ

Update: 2025-08-24 07:01 GMT

മലപ്പുറം:സ്കൂൾ ബസിലെ വിൻഡോ ഗാർഡിനോട് ചേർന്നുള്ള ദ്വാരത്തിൽ വിരൽ കുടുങ്ങിയ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഒരു മണിക്കൂർ നീണ്ട ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് വിരൽ ദ്വാരത്തിൽ നിന്നും പുറത്തെടുത്തത്. ബസിന്റെ ഭാഗങ്ങൾ ഗ്രൈൻഡർ ഉപയോഗിച്ച് മുറിച്ചുമാറ്റിയായിരുന്നു രക്ഷാപ്രവർത്തനം.

ശനിയാഴ്ച വൈകുന്നേരം 4:30-ഓടെയാണ് സംഭവം. കോഴിക്കോട് അൽ ഹിദായത്ത് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥിയ്ക്കാണ് അപകടം ഉണ്ടായത്. സ്കൂളിൽ നിന്ന് കോടങ്ങാട്ടെ വീട്ടിലേക്ക് മടങ്ങവേ വീടിന് സമീപം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിയുടെ വിരൽ ബസിലെ വിൻഡോ ഗാർഡിന് സമീപമുള്ള ദ്വാരത്തിൽ കുടുങ്ങിയത്.

വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ ബസ് ജീവനക്കാരും നാട്ടുകാരും ചേർന്ന് വിരൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ കുട്ടിയുമായി ബസ് മലപ്പുറം ഫയർ സ്റ്റേഷനിലേക്ക് എത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ ഇ.കെ. അബ്ദുൾ സലീമിന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങൾ ബസിന്റെ സീറ്റ് അഴിച്ചുമാറ്റുകയും തുടർന്ന് മെറ്റൽ ഷീറ്റ് ഗ്രൈൻഡർ ഉപയോഗിച്ച് അതീവ ശ്രദ്ധയോടെ മുറിച്ചുമാറ്റി കുട്ടിയുടെ വിരൽ മോചിപ്പിക്കുകയുമായിരുന്നു.

Tags:    

Similar News