ഭാരതത്തെ നിസാരമായി കാണാനാവില്ലെന്ന് ലോകരാജ്യങ്ങൾക്ക് മനസിലായി..!; ഓപ്പറേഷൻ സിന്തൂരിന്റെ വിജയം; മാവേലിക്കരയിൽ ത്രിവർണ സ്വാഭിമാന ആഘോഷ യാത്ര സംഘടിപ്പിച്ചു; ധീര ജവാൻ സാം എബ്രഹാമിന്റെ ഓർമ്മകൾ വീണ്ടും പുതുക്കി നാട്!
മാവേലിക്കര: പാക്കിസ്ഥാന്റെ പ്രകോപനങ്ങളെ ധൈര്യപൂർവം നേരിട്ട് തക്കതായ മറുപടി നൽകിയ ഇന്ത്യയുടെ ശക്തിയെ നിസ്സാരമായി കാണാൻ കഴിയില്ലെന്ന് ലോകരാഷ്ട്രങ്ങൾ മനസ്സിലാക്കിയിരിക്കുന്നുവെന്ന് മലങ്കര കത്തോലിക്ക സഭ മാവേലിക്കര രൂപത ബിഷപ്പ് ഡോ. ജോഷ്വാ മാർ ഇഗ്‌നാത്തിയോസ് വ്യക്തമാക്കി. സ്വാഭിമാൻ സംരക്ഷണ സമിതി മാവേലിക്കരയിൽ നടത്തിയ ത്രിവർണ സ്വാഭിമാന ആഘോഷയാത്രയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2018-ൽ കശ്മീരിൽ പാക്ക് വെടിവെപ്പിൽ വീരമൃത്യു വരിച്ച ധീര ജവാൻ സാം എബ്രഹാമിന്റെ അമ്മ സാറാമ്മ എബ്രഹാം, യുഹാനോൻ പുത്തൻവീട്ടിൽ റമ്പാൻ എന്നിവർ ദേശീയപതാക കൈമാറി ത്രിവർണ സ്വാഭിമാന യാത്ര ഉദ്ഘാടനം ചെയ്തു. തുടർന്ന് പുന്നമൂട്ടിലെ സാം എബ്രഹാമിന്റെ സ്മൃതിമണ്ഡപത്തിൽനിന്ന് ആരംഭിച്ച ത്രിവർണ സ്വാഭിമാന യാത്ര മുനിസിപ്പൽ ബസ് സ്റ്റാൻഡിനു സമീപം സമാപിക്കുകയും ചെയ്തു.
സ്വാഭിമാൻ സംരക്ഷണസമിതി ചെയർമാൻ ഫ്രാൻസിസ് ടി. മാവേലിക്കര, കൺവീനർ പ്രവീൺ ഇറവങ്കര, ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, മേഖലാ പ്രസിഡന്റുമാരായ എൻ. ഹരി, കെ. സോമൻ, സെക്രട്ടറി ബി. കൃഷ്ണകുമാർ, മുൻ ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ, കെ.കെ. അനൂപ്, കൃഷ്ണകുമാർ രാംദാസ്, പി.ബി. അഭിലാഷ്, പാലമുറ്റത്ത് വിജയകുമാർ, കെ.വി. അരുൺ തുടങ്ങിയവർ നേതൃത്വം നൽകുകയും ചെയ്തു.