മത്സ്യബന്ധന ബോട്ടിന്റെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; മത്സ്യത്തൊഴിലാളികൾ കടലിൽ കുടുങ്ങി; അഞ്ചാം നാൾ നാലംഗ സംഘത്തെ കരക്കെത്തിച്ചു
കണ്ണൂർ: കണ്ണൂർ ആയിക്കരയിൽ അഞ്ച് ദിവസങ്ങളായി കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ കരക്കെത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റിന്റെ ബോട്ടിലാണ് നാലുപേരെയും രേഖപ്പെടുത്തി കരക്കെത്തിച്ചത്. കഴിഞ്ഞ 17 നാണ് നാലംഗ സംഘം മത്സ്യബന്ധനത്തിനായി ആയിക്കരയിൽ നിന്ന് പുറപ്പെട്ടത്. പരപ്പനങ്ങാടി സ്വദേശി മുജീബ്, കോഴിക്കോട് സ്വദേശി കുര്യാക്കോസ്, തിരുവനന്തപുരം സ്വദേശി വർഗീസ് , ഒഡീഷ സ്വദേശി പ്രഭു എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.
എന്നാൽ ഉൾക്കടലിൽ വെച്ച് ബോട്ടിന്റെ ഡ്രൈവർ മുജീബിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. തുടർന്ന് സംഘം തിരിച്ചുവരാൻ ആവാതെ ഉൾക്കടലിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ കരയ്ക്ക് എത്തിച്ചത്തിൽ മറ്റു മൂന്നുപേരുടെ ആരോഗ്യനില തൃപ്തികരമാണ്. മുജീബിനെ കണ്ണൂരിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ചിരുന്ന സഫ മോൾ എന്ന ഫൈബർ ബോട്ടും കരയ്ക്ക് എത്തിച്ചിട്ടുണ്ട്.