യുവതിയുടെ പേരിൽ വ്യാജ ഐഡിയുണ്ടാക്കി ചാറ്റിംഗ്; യുവാക്കളെ കെണിയിലാക്കി തട്ടികൊണ്ട് പോയ സംഘം പിടിയിൽ; രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി പോലീസ്
തൃശൂർ: മതിലകത്ത് നിന്നും യുവാക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് കയ്പമംഗലം കൂരിക്കുഴി സ്വദേശി തോട്ടപ്പുള്ളി ശ്യാം, മതിലകം പൊന്നാംപടി സ്വദേശി വട്ടപ്പറമ്പിൽ അലി അഷ്‌കർ എന്നിവരാണ് മതിലകം പോലീസിന്റെ പിടിയിലായത്. സംഭവം ഹണി ട്രാപ്പ് ആണെന്നും പോലീസ് വ്യക്തമാക്കി. രണ്ട് പ്രതികൾക്കായുള്ള അന്വേഷണം നടക്കുന്നു.
യുവതിയുടെ പേരിൽ വ്യാജ ഐഡി ഉണ്ടാക്കിയ സംഘം ഓൺലൈൻ ആപ്പിലൂടെ യുവാക്കളുമായി ചാറ്റ് ചെയ്തു. തുടർന്ന് യുവാക്കളോട് മതിലകത്തേക്ക് എത്താൻ ആവശ്യപ്പെട്ട സംഘം ഇവരെ കാറിൽ കയറ്റിക്കൊണ്ടുപോയി. ഭീഷണിപ്പെടുത്തി പണം കൈപ്പറ്റാനായിരുന്നു ശ്രമം.
എന്നാൽ പോലീസിന്‍റെ സമയോചിതമായ ഇടപെടൽ മൂലം സംഘം പിടിക്കപ്പെടുകയായിരുന്നു. ആറംഗ സംഘമാണ് സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചതെന്നും ഇതിൽ നാല് പേരെ ഇനിയും പിടികൂടാൻ ഉണ്ടെന്നും പോലീസ് പറഞ്ഞു.
ഇന്നലെ രാത്രിയായിരുന്നു മതിലകത്തേക്ക് ബൈക്കിൽ എത്തിയ യുവാക്കളെ കാറിൽ തട്ടിക്കൊണ്ടുപോയത്. മതിലകം പോലീസും കയ്പമംഗലം പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവാക്കളെ കയ്പമംഗലം ഭാഗത്ത് നിന്നും കണ്ടെത്തിയത്.
യുവാക്കളെ കൊണ്ടുപോയ കാർ രാത്രി തന്നെ കയ്പമംഗലം കൂരിക്കുഴിയിൽ നിന്നും ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യുവാക്കളെയും ഇവരെ തട്ടിക്കൊണ്ടുപോയവരെയും കണ്ടെത്തിയത്. കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി കെ രാജു, മതിലകം ഇൻസ്പെക്ടർ എം കെ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി രണ്ട് പ്രതികളെ പിടികൂടിയത്.