ആലുവയിൽ ട്രെയിനിൽ വന്നിറങ്ങിയതും വെപ്രാളം; പെട്ടെന്ന് ഒരു ഓട്ടോ പിടിച്ച് പോകുന്നതിനിടെ പോലീസിന്റെ വക സർപ്രൈസ് എൻട്രി; പരിശോധനയിൽ കള്ളത്തരം കൈയ്യോടെ പൊക്കി
കൊച്ചി: കാലടിയിൽ രണ്ടിടങ്ങളിൽ നിന്ന് കഞ്ചാവുമായി പ്രായപൂർത്തിയാകത്ത ഒരാൾ ഉൾപ്പടെ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പോലീസിന്റെ വലയിൽ കുടുങ്ങി. ശ്രീമൂലനഗരത്ത് 16 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ ബാപി മൊല്ല (23), സാദിഖുൽ (25), പ്രായപൂർത്തിയാകാത്ത ഒരാൾ, കാഞ്ഞൂരിൽ 6 കിലോ കഞ്ചാവുമായി മൂർഷിദാബാദ് സ്വദേശി മനൂർ ഹുസൈൻ (40) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘവും കാലടി പൊലീസും ചേർന്ന് കുടുക്കിയത്.
കൃത്യ സമയത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടന്നത്. ഒഡീഷയിൽ നിന്ന് കഞ്ചാവ് വാങ്ങി ആലുവയിൽ ട്രെയിനിറങ്ങി ഓട്ടോയിൽ കൊണ്ടു പോകും വഴിയാണ് കുടുങ്ങിയത്. കിലോക്ക് 3000 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടി രൂപയ്ക്കാണ് കേരളത്തിൽ വില്പന നടത്തുന്നത്.
എ.എസ്.പി ഹാർദിക് മീണ, കാലടി ഇൻസ്പെക്ടർ അനിൽകുമാർ ടി. മേപ്പിള്ളി, എസ്.ഐമാരായ ശ്യാം, ജെയിംസ് മാത്യു, മാർട്ടിൻ, ഷിജു, എ.എസ്ഐ. അബ്ദുൽ മനാഫ്, സീനിയർ സി.പി.ഒ ടി.എ അഫ്സൽ, സി.പി.ഒമാരായ ബെന്നി ഐസക്, റോബിൻ ജോയ്, അരുൺ രവി കുമാർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.