പട്രോളിംഗിനിടെ സ്‌കൂട്ടറിൽ മൂവർ സംഘമെത്തി; വാഹന ഉടമയുടെ വിവരങ്ങൾ ശേഖരിച്ചപ്പോൾ പുറത്ത് വന്നത് മോഷണ വിവരം; യുവാക്കളെ കൈയോടെ പിടികൂടി ചാലക്കുടി പോലീസ്
തൃശൂർ: മോഷണ വാഹനവുമായെത്തിയ യുവാക്കളെ പോലീസ് വലയിലാക്കിയത് സുപ്രധാന നീക്കത്തിലൂടെ. പട്രോളിംഗിനിടെ മോഷ്ടിച്ച സ്‌കൂട്ടറിൽ എത്തിയ മൂവർ സംഘമാണ് ചാലക്കുടി പോലീസിന്റെ പിടിയിലായത്. സംഘത്തിൽ 15 വയസ്സ്കാരനുമുണ്ടായിരുന്നു. തൃശൂർ വടനപ്പള്ളി സ്വദേശികളായ നൗഫൽ (19), അഭയ് (19), 15കാരൻ എന്നിവരെയാണ് പോലീസ് അറസ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്. മോഷണ വാഹനവുമായി യുവാക്കൾ ചെന്ന്പെട്ടത് പെട്രോളിംഗ് നടത്തിയിരുന്ന പോലീസിന്റെ മുന്നിലായിരുന്നു. ചോദ്യം ചെയ്യലിൽ പരുങ്ങിയ യുവാക്കൾ വന്ന വാഹനത്തിന്റെ വിവരങ്ങൾ ശേഖരിച്ചതോടെയാണ് മോഷണ വിവരം പുറത്ത് വരുന്നത്.
വെള്ളിയാഴ്ച വെളുപ്പിന് ഒന്നരയോടെയാണ് മൂവർ സംഘം സ്‌കൂട്ടറിലെത്തിയത്. ചാലക്കുടി സർവീസ് റോഡിന് സമീപത്ത് പട്രോളിംഗ് നടത്തിയിരുന്ന പോലീസ് വാഹനം കൈകാട്ടി നിർത്തി. എന്നാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ സംബന്ധമായ വിവരങ്ങൾ ചോദിച്ചപ്പോൾ യുവാക്കൾ പരുങ്ങിയതോടെ പോലീസിന് സംശയമായി. മൂവരുടെയും വിവരങ്ങൾ പോലീസ് ചോദിച്ച് മനസ്സിലാക്കി. വാഹനത്തിന്റെ ഉടമ ആരാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഇവർക്കായില്ല. തുടർന്ന് ഇ പോസ് മെഷീന്റെ സഹായത്തോടെ പോലീസ് വാഹന ഉടമസ്ഥന്റെ വിവരങ്ങൾ ശേഖരിക്കുകയായിരുന്നു.
ഇതോടെ വാഹനം മോഷ്ടിച്ചതാവാമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസെത്തി. വാഹനം യുവാക്കളുടേതല്ലെന്ന സംശയത്തിൽ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മോഷണ വിവരം പുറത്ത് വരുന്നത്. സ്‌കൂട്ടറിൽ എത്തിയവരിൽ ഒരാൾക്ക് 15 വയസ്സ് മാത്രമായിരുന്നു പ്രായം. മോഷണ സമയം 15 വയസ്സ്കാരനും പ്രതികൾക്കൊപ്പമുണ്ടായിരിന്നു എന്നാണ് സൂചന. യുവാക്കളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോയി നടത്തിയ ചോദ്യം ചെയ്യലിൽ ഇവർ കുറ്റ സമ്മതിക്കുകയായിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 305 (ബി ), 3(5) വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.