ചുവർ പൊളിച്ച് അകത്ത് കയറി മദ്യം ചാക്കുകളിലാക്കി കടന്നു; കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റിൽ നിന്നും മോഷണം പോയത് ലക്ഷങ്ങളുടെ മദ്യക്കുപ്പികൾ; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
പാലക്കാട്: കൊല്ലങ്കോട് ബീവറേജ് ഔട്ട്ലെറ്റിൽ വൻ മോഷണം. ഔട്ട്ലെറ്റിൻ്റെ ഒരു വശത്തെ ചുവർ പൊളിച്ച് അകത്ത് കയറി ലക്ഷക്കണക്കിന് രൂപയുടെ മദ്യക്കുപ്പികൾ ചാക്കുകളിലാക്കി കടന്നതായാണ് പ്രാഥമിക വിവരം. ഏകദേശം പത്ത് ചാക്കുകളിലായാണ് മോഷണം നടന്നത്. വിവിധ ബ്രാൻഡുകളിലുള്ള മദ്യങ്ങളാണ് നഷ്ടപ്പെട്ടത്.
തിരുവോണത്തലേന്നോ അതിന് മുമ്പോ ആണ് മോഷണം നടന്നതെന്നാണ് പോലീസ് കരുതുന്നത്. ഔട്ട്ലെറ്റിലെ ജീവനക്കാർ അവധി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. മോഷണത്തിൻ്റെ കൃത്യമായ നഷ്ടം സ്റ്റോക്ക് പരിശോധനയ്ക്ക് ശേഷം മാത്രമേ കണക്കാക്കാൻ കഴിയൂ എന്ന് ഔട്ട്ലെറ്റ് മാനേജർ അറിയിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റോക്ക് വിവരങ്ങളും ഔട്ട്ലെറ്റിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തും.