ബന്ധുവീട്ടിൽ പോയി മടങ്ങിവന്നവർ സ്വന്തം വീടിന്റെ അവസ്ഥ കണ്ട് പതറി; കുത്തിത്തുറന്ന നിലയിൽ വാതിൽ; ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണാഭരണങ്ങളും കാണാനില്ല; അന്വേഷണം ഊർജിതം
തിരുവനന്തപുരം: വെള്ളറടയിൽ പൂട്ടിയിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലവരുന്ന സ്വർണ്ണാഭരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും മോഷ്ടിച്ചു. ചെറിയകൊല്ല മുത്തുപറമ്പിൽ ഹൗസിൽ ആന്റണിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവർച്ച നടന്നത്. വിദേശത്തുള്ള മക്കൾ കൊണ്ടുവന്ന സാധനങ്ങൾ ബന്ധുവീടുകളിൽ എത്തിക്കുന്നതിനായി കുടുംബത്തോടൊപ്പം പുറത്തുപോയി മടങ്ങി വന്നപ്പോഴാണ് വീടിന്റെ പൂട്ട് തകർത്ത നിലയിൽ കണ്ടെത്തിയത്.
മോഷ്ടാക്കൾ വീടിനകത്തെ അലമാരകൾ തകർത്ത് അതിൽ സൂക്ഷിച്ചിരുന്ന ഒൻപത് പവൻ സ്വർണ്ണാഭരണങ്ങൾ, വെള്ളി അരഞ്ഞാണം, വിദേശത്തുനിന്ന് കൊണ്ടുവന്ന പെർഫ്യൂം അടക്കമുള്ള സാധനങ്ങൾ എന്നിവ കവർന്നു. വീട്ടിലുണ്ടായിരുന്ന ബാഗുകളിലാണ് മോഷ്ടാക്കൾ കവർച്ച ചെയ്ത വസ്തുക്കൾ നിറച്ചതെന്ന് കരുതുന്നു.
സംഭവമറിഞ്ഞതിനെ തുടർന്ന് വീട്ടുടമ നൽകിയ പരാതിയിൽ വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയോടെ ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും അടങ്ങുന്ന സംഘം വീട്ടിലെത്തി വിശദമായ പരിശോധനകളും തെളിവെടുപ്പും നടത്തി. മോഷ്ടാക്കൾ ഉപേക്ഷിച്ചുപോയ താക്കോൽ കൂട്ടത്തിൽ നിന്ന് മണം പിടിച്ച നായ സമീപത്തെ വീടുകളിലൂടെ സഞ്ചരിച്ച് പിന്നീട് റോഡിലേക്ക് തിരിച്ചെത്തി. ഇതിനെത്തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.