സൗജന്യ പാഠപുസ്തകവും യൂണിഫോമും ഉച്ചഭക്ഷണവും കുട്ടികളുടെ അവകാശം; സാമ്പത്തിക വര്‍ഷം സ്‌കൂള്‍ യൂണിഫോം അലവന്‍സ് പദ്ധതിക്കായ് 80 കോടി 34 ലക്ഷം രൂപ അനുവദിച്ചെന്ന് മന്ത്രി വി ശിവന്‍കുട്ടി

സൗജന്യ പാഠപുസ്തകവും യൂണിഫോമും ഉച്ചഭക്ഷണവും കുട്ടികളുടെ അവകാശം;

Update: 2025-04-06 12:18 GMT

തിരുവനന്തപുരം: സൗജന്യ പാഠപുസ്തകം, സൗജന്യ യൂണിഫോം, സൗജന്യ ഉച്ചഭക്ഷണം എന്നിവ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികളുടെ അവകാശമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. 2024- 25 സാമ്പത്തിക വര്‍ഷം സ്‌കൂള്‍ യൂണിഫോം അലവന്‍സ് പദ്ധതിക്കായ് 80 കോടി 34 ലക്ഷം രൂപ (80,34,00,000) യാണ് അനുവദിച്ചതെന്ന് മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അലവന്‍സ് ഇനത്തില്‍ 1 മുതല്‍ 8 വരെയുള്ള 13,16,921 കുട്ടികള്‍ക്ക് അറുന്നൂറ് രൂപ ക്രമത്തില്‍ 79 കോടി രൂപ അനുവദിച്ചു.

സൗജന്യ യൂണിഫോം പദ്ധതി ആദ്യമായി ആരംഭിച്ചത് 2013- 14 അധ്യയന വര്‍ഷത്തിലാണ്. 82 കോടിയുടെ പദ്ധതിയായാണ് ഇതിന് തുടക്കം കുറിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠിക്കുന്ന മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും എപിഎല്‍ വിഭാഗം ഒഴികെയുള്ള ആണ്‍കുട്ടികള്‍ക്കുമാണ് സൗജന്യ യൂണിഫോം പദ്ധതിക്കായി കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി വിഹിതം അനുവദിച്ച് തുടങ്ങിയത്. 2014- 15 വര്‍ഷം മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് പദ്ധതി വിഹിതം നല്‍കാത്ത സര്‍ക്കാര്‍ സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാസുകളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും അതോടൊപ്പം എയ്ഡഡ് സ്‌കൂളുകളിലെ 1 മുതല്‍ 8 വരെ ക്ലാ0സുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും സൗജന്യ യൂണിഫോം പദ്ധതിക്കായി പദ്ധതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു തുടങ്ങി.

കൈത്തറി മേഖലയുടെ ഉന്നമനത്തിനായി സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തെ തുടര്‍ന്ന് 2016- 17ല്‍ സ്‌കൂളുകളില്‍ കൈത്തറി യൂണിഫോം വിതരണം ചെയ്യാന്‍ തീരുമാനിച്ചു. 2017- 18 അധ്യയന വര്‍ഷത്തിലാണ് കൈത്തറി യൂണിഫോം ആദ്യമായി വിതരണം ചെയ്തത്. രണ്ടര ലക്ഷം കുട്ടികളായിരുന്നു ആദ്യ ഘട്ടത്തിലെ ഗുണഭോക്താക്കള്‍. 2018- 19ല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളുകളില്‍ കൂടി പദ്ധതി നടപ്പിലാക്കി. നാലര ലക്ഷം കുട്ടികളായിരുന്നു ഗുണഭോക്താക്കള്‍.

2019- 20 വര്‍ഷത്തില്‍ എയ്ഡഡ് മേഖലയിലെ എല്‍പി സ്‌കൂളുകളെ കൂടി പദ്ധതിയുടെ കീഴില്‍ കൊണ്ടു വന്നു. നിലവില്‍ ഏകദേശം പത്ത് ലക്ഷം കുട്ടികളാണ് 2023- 24ല്‍ കൈത്തറി യൂണിഫോമിന്റെ ഗുണഭോക്താക്കള്‍. 2023- 24 സാമ്പത്തിക വര്‍ഷത്തില്‍ 140 കോടി രൂപയുടെ ഭരണാനുമതി ലഭിക്കുകയും ആകെ 87 കോടി രൂപ അഞ്ച് ഘട്ടങ്ങളിലായി കൈത്തറി വകുപ്പിന് തുക അനുവദിക്കുകയും ചെയ്തു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കൈത്തറി വകുപ്പിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സൗജന്യ യൂണിഫോം പദ്ധതി രണ്ട് ഘട്ടങ്ങളായാണ് നടപ്പിലാക്കുന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിന് കീഴില്‍ വരുന്ന സൗജന്യ യൂണിഫോം പദ്ധതിയും സൗജന്യ കൈത്തറി യൂണിഫോം പദ്ധതിയും. സംസ്ഥാനത്തെ സ്റ്റാന്‍ഡ് എലോണ്‍ എല്‍പി, യുപി സര്‍ക്കാര്‍ സ്‌കൂളുകളിലും 1 മുതല്‍ 4 വരെയുള്ള എയ്ഡഡ് എല്‍പി സ്‌കൂളുകളിലും കൈത്തറി വകുപ്പ് വഴി കൈത്തറി യൂണിഫോം നല്‍കിവരുന്നു. കൈത്തറി യൂണിഫോം ലഭിക്കാത്ത 1 മുതല്‍ 8 വരെയുള്ള ഗവ ഹൈസ്‌കൂളിലെ എപിഎല്‍ വിഭാഗം ആണ്‍കുട്ടികള്‍ക്കും 1 മുതല്‍ 8 വരെയുള്ള എയ്ഡഡ് സ്‌കൂളുകളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഇതോടൊപ്പം 1 മുതല്‍ 5 വരെയുള്ള എയ്ഡഡ് എല്‍ പി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ഒരു കുട്ടിക്ക് രണ്ട് ജോഡി യൂണിഫോമിന് അറുന്നൂറ് രൂപ നിരക്കില്‍ അലവന്‍സ് പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും നല്‍കിവരുന്നതായി മന്ത്രി അറിയിച്ചു.

Tags:    

Similar News