അപകടങ്ങള്‍ പതിവായ 'ബ്ലാക്ക് സ്‌പോട്ടുകള്‍' കേന്ദ്രീകരിച്ച് നവീകരണം; രൂപരേഖ തയ്യാറാക്കാന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങള്‍ ഗണ്യമായി കുറയ്ക്കുന്നതിനും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായി ജങ്ഷനുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നു. ആദ്യഘട്ടത്തില്‍ കൂടുതല്‍ തിരക്കുള്ള പ്രധാന ജങ്ഷനുകളിലാണ് ശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
ഇതിനായി കിഫ്ബി വഴി ഫണ്ട് അനുവദിച്ചുകൊണ്ട് പൊതുമരാമത്ത് വകുപ്പ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി. അപകടങ്ങള്‍ പതിവായ 'ബ്ലാക്ക് സ്‌പോട്ടുകള്‍' കേന്ദ്രീകരിച്ചാണ് നവീകരണം. നിലവിലുള്ള ജങ്ഷനുകളിലെ അശാസ്ത്രീയമായ ഘടന മാറ്റുകയും സിഗ്‌നല്‍ സംവിധാനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും ചെയ്യും. കാല്‍നടയാത്രക്കാര്‍ക്ക് സുരക്ഷിതമായി റോഡ് മുറിച്ചുകടക്കുന്നതിന് സീബ്രാ ലൈനുകള്‍, ട്രാഫിക് ഐലന്റുകള്‍, ഫുട്പാത്തുകള്‍ എന്നിവ മികച്ച രീതിയില്‍ സജ്ജീകരിക്കും. കൂടാതെ, രാത്രികാലങ്ങളില്‍ വ്യക്തമായ കാഴ്ച ഉറപ്പാക്കാന്‍ സോളാര്‍ ലൈറ്റുകളും ഹൈമാസ്റ്റ് ലൈറ്റുകളും സ്ഥാപിക്കും.
റോഡ് സുരക്ഷാ അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ട്രാഫിക് എന്‍ജിനീയറിങ് വിദഗ്ധരുടെ സഹായത്തോടെയാണ് ഓരോ ജങ്ഷനും അനുയോജ്യമായ രൂപരേഖ തയ്യാറാക്കുന്നത്. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനുള്ള ബോര്‍ഡുകളും വരിതെറ്റിച്ചുള്ള ഡ്രൈവിംഗ് തടയാന്‍ ക്യാമറ സംവിധാനങ്ങളും ഇതോടൊപ്പം ഏര്‍പ്പെടുത്തും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്തെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.