ചേപ്പാറ 'ടേക്ക് എ ബ്രേക്ക്' വിവാദം; ഹൈക്കോടതിയെ സമീപിച്ച് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി; അനധികൃത കൈയേറ്റത്തിനെതിരെ ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്ന് യൂത്ത് കോൺഗ്രസ്

Update: 2025-02-06 07:15 GMT

തെക്കുംകര: ചെപ്പാറ ടേക്ക് എ ബ്രേക്ക് അനധികൃത നിർമ്മാണത്തിനെതിരെ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്ത് യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റി. തെക്കുംകര പഞ്ചായത്തിലെ ചെപ്പാറ പൂമല മലയിലെ 'ടേക്ക് എ ബ്രേക്ക്' കെട്ടിടത്തിൻ്റെ അനധികൃത നിർമ്മാണം സ്റ്റേ ചെയ്യണമെന്നും, വനം വകുപ്പ് നൽകിയ സ്‌റ്റോപ്പ് മെമ്മൊ നിലനിൽക്കെ, ഉന്നത അധികാരികൾക്ക് പരാതികൾ നൽകിയിട്ടും നടപടി ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണം. യൂത്ത് കോൺഗ്രസ് തെക്കുംകര മണ്ഡലം കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് അനീഷ് കണ്ടംമാട്ടിലാണ് ഹൈകോടതിയെ സമീപിച്ചിരിക്കുന്നത്. നിർമാണം നടക്കുന്ന കെട്ടിടത്തിന് തെക്കുംകര പഞ്ചായത്ത് പെർമിറ്റ് അനുവദിച്ചിട്ടില്ല.

വനം വകുപ്പ് നൽകിയ സ്റ്റോപ്പ് മെമ്മോ നിലനിൽക്കുന്ന സാഹചര്യത്തിൽ സംരക്ഷിത വനഭൂമി തട്ടിയെടുക്കാൻ വ്യാജരേഖ ഉണ്ടാക്കിയവർക്കെതിരെ നിയമ നടപടി എടുക്കണമെന്നതാണ് ആവശ്യം. അനധികൃത കൈയ്യേറ്റം കോടതിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും, ശക്തമായ സമര പരിപാടികൾക്ക് രൂപം നൽകുമെന്നും നേതാക്കൾ പറയുന്നു. വില്ലേജ് ഓഫീസർ മുതൽ കളകടർ വരെ നീളുന്ന റവന്യു ഉന്നത ഉദ്യോഗസ്ഥകരുടെ ഈ നിയമലംഘനത്തിൽ പങ്ക് ഉണ്ടായിട്ടുണ്ടെന്നും ഇവരെ ഇതിലേക്ക് നയിച്ച ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസ് എടുക്കണമെന്നും രേഖകൾ പ്രകാരം കോടതിയെ ബോധിപ്പിക്കുമെന്നും യൂത്ത് കോൺഗ്രസ്സ് ഭാരവാഹികൾ അവകാശപ്പെടുന്നു.

വ്യാജരേഖ ചമക്കൽ ,സംരക്ഷിത വന ഭൂമിയിൽ നിരോധനാജ്ഞ ലംഘിച്ച് അധിക്രമിച്ച് കടന്ന് അനധികൃത നിർമ്മാണം എന്നീ ഗുരുതരമായ വീഴ്ചകൾ കോടതിയെ ബോധ്യപ്പെടുത്തുമെന്നും കോടതി വഴി നിയമം പാലിക്കപ്പെടുമെന്നും യൂത്ത് കോൺഗ്രസിന് പരിപൂർണ്ണ വിശ്വാസമുണ്ടെന്നും നേതാക്കൾ പറയുന്നു. യൂത്ത് കോൺഗ്രസിന് വേണ്ടി അഡ്വ.അപ്പു അജിത്ത്, അഡ്വ. അഖിൽ പി. സാമുവൽ, എന്നീ അഭിഭാഷകരുടെ നേതൃത്വത്തിലാണ് യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് അനീഷ് കണ്ടം മാട്ടിൽ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. അഡ്വ.അഖിൽ പി സാമുവൽ യൂത്ത് കോൺഗ്രസ് വടക്കാഞ്ചേരി മുൻനിയോജക മണ്ഡലം പ്രസിഡൻ്റാണ്.

Tags:    

Similar News