കുറ്റകൃത്യങ്ങള്‍ക്ക് മതമുദ്ര ചാര്‍ത്തുന്ന പ്രവണത അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കും; ഇത്തരമൊരു പ്രവണത ഭരണനേതൃത്വത്തില്‍ നിന്ന് തന്നെ പ്രകടമായത് ആശങ്കാജനകമെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍

കുറ്റകൃത്യങ്ങള്‍ക്ക് മതമുദ്ര ചാര്‍ത്തുന്ന പ്രവണത അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കും

Update: 2024-10-11 18:16 GMT

മലപ്പുറം: കുറ്റകൃത്യങ്ങള്‍ക്ക് മതമുദ്ര ചാര്‍ത്തുന്ന പ്രവണത അപകടകരമായ വര്‍ഗീയ ധ്രുവീകരണത്തിന് വഴിയൊരുക്കുമെന്ന് സമസ്ത നേതാവും പണ്ഡിതനും എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറിയുമായ അബ്ദുസമദ് പൂക്കോട്ടൂര്‍. ഈയിടെയായി ഇത്തരമൊരു പ്രവണത ഭരണനേതൃത്വത്തില്‍ നിന്ന് തന്നെ പ്രകടമായത് തികച്ചും ആശങ്കാജനകമാണ്.

മലപ്പുറം ജില്ലയെ വേര്‍തിരിച്ചും മുസ്ലിങ്ങളെ തരംതിരിച്ചും മതമൗലികവാദികളും ദേശവിരുദ്ധ പ്രവര്‍ത്തകരുമാക്കുന്ന പ്രവണത ഉത്തരവാദിത്തപ്പെട്ടവരില്‍ നിന്ന് പ്രകടമാകുന്നത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം മലപ്പുറത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നികുതിവെട്ടിപ്പ്, സ്വര്‍ണക്കടത്ത്, ഹവാല ഇടപാടുകള്‍ എന്നിവ രാജ്യത്തൊട്ടാകെ നടന്നുവരുന്ന ക്രിമിനല്‍ പ്രവണതകളാണ്. ഇത് തടയാന്‍ രാജ്യത്ത് നിയമവും അതിനായുള്ള സംവിധാനവുമുണ്ട്. ഒരു പ്രദേശത്തെയും സമുദായത്തെയും ഒറ്റ തിരിച്ച് ഒറ്റിക്കൊടുക്കുന്ന സമീപനം അരക്ഷിതാവസ്ഥക്ക് കളമൊരുക്കലാണ്.

ഇന്ത്യന്‍ മതേതരത്വം അംഗീകരിച്ചു കൊണ്ടുതന്നെ മതവിശ്വാസങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ മുറുകെ പിടിക്കാന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കിയിട്ടുണ്ട്. സ്വന്തം മതത്തില്‍ വിശ്വസിക്കുന്നതോടൊപ്പം മതേതരത്വം അംഗീകരിക്കുന്നവരാണ് ഇന്ത്യന്‍ മുസ്ലിങ്ങള്‍. സ്വന്തം മതത്തിന്റെ തീരുമാനങ്ങള്‍ മാത്രമേ അംഗീകരിക്കൂ എന്ന് മുസ്ലിങ്ങള്‍ വാദിക്കുന്നില്ല. രാജ്യത്തിന്റെ നിയമങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ പ്രതിജ്ഞാബദ്ധരാണ്. അതുകൊണ്ടുതന്നെ മൗലികവാദം ദേശവിരുദ്ധമോ ആക്ഷേപാര്‍ഹമോ ആയ ഒന്നല്ലെന്നും അബ്ദുസമദ് പൂക്കോട്ടൂര്‍ പറഞ്ഞു.

സമാധാനത്തോടെയും സൗഹൃദത്തോടെയും ജീവിക്കുന്ന മലപ്പുറം ജില്ലയില്‍ വിഭാഗീയത സൃഷ്ടിക്കുന്ന നീക്കത്തിനെതിരെ എസ്.വൈ.എസ് ജില്ലാ കമ്മിറ്റി മലപ്പുറത്ത് പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഇതിന്റെ ഭാഗമായി നാളെ ഉച്ചക്ക് രണ്ടിന് മലപ്പുറം കോട്ടപ്പടി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് ഓഡിറ്റോറിയത്തില്‍ മതമൗലികത: അറിയേണ്ടതും പറയേണ്ടതും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തും.

സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുള്ള മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. എസ്‌കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായിരിക്കും. എസ്.വൈ.എസ് ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര ആമുഖഭാഷണം നടത്തും. സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍ വിഷയാവതരണം നടത്തും. സമസ്ത കേന്ദ്ര മുശാവറ അംഗം ഡോ. സി.കെ. അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു, സാഹിത്യകാരാന്‍ പി. സുരേന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. നൗഷാദലി തുടങ്ങിയവര്‍ പ്രസംഗിക്കും.

Tags:    

Similar News