ഇന്ത്യയ്ക്ക് കുറഞ്ഞ വിലയ്ക്ക് ലഭിച്ചിരുന്ന റഷ്യന്‍ എണ്ണ; പ്രതിസന്ധി മറികടക്കാന്‍ മൂന്ന് കോടി ബാരല്‍ എണ്ണ വാങ്ങിയത് ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള്‍ അധിക തുക നല്‍കി; ക്രൂഡോയിലുമായി മൂന്ന് കപ്പലുകള്‍ ഇന്ത്യന്‍ തീരത്ത്; സ്പോട്ട് മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടാതെ കിടന്ന മുഴുവന്‍ റഷ്യന്‍ എണ്ണയും വാങ്ങിക്കൂട്ടി ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസും
ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ യുദ്ധത്തെത്തുടര്‍ന്ന് എണ്ണ വിതരണം തടസ്സപ്പെട്ടതോടെ, പ്രതിസന്ധി മറികടക്കാന്‍ വീണ്ടും റഷ്യയെ ആശ്രയിച്ച് ഇന്ത്യ. അമേരിക്കന്‍ വിലക്കുകളില്‍ പ്രത്യേക ഇളവ് ലഭിച്ചതോടെ, ഏകദേശം മൂന്ന് കോടി (30 ദശലക്ഷം) ബാരല്‍ റഷ്യന്‍ എണ്ണയാണ് ഇന്ത്യന്‍ കമ്പനികള്‍ വാങ്ങിക്കൂട്ടിയത്. അതേ സമയം റഷ്യയില്‍നിന്ന് കൂടുതല്‍ എല്‍എന്‍ജി എത്തിക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങി. റഷ്യയില്‍നിന്ന് എല്‍എന്‍ജി വാങ്ങാന്‍ ഏഴു വര്‍ഷം മുന്‍പാണ് ഗെയില്‍ കരാറിലേര്‍പ്പെട്ടത്. 23 വര്‍ഷത്തേക്കാണ് കരാര്‍. എന്നാല്‍ യുഎസുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായി ഇറക്കുമതി കുറച്ചുകൊണ്ടുവന്നിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പാചകവാതകം ഉള്‍പ്പെടെ മുടങ്ങുന്ന ഘട്ടത്തിലാണ് റഷ്യയില്‍നിന്ന് കൂടുതല്‍ എല്‍എന്‍ജി എത്തിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങിയത്.
റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നതിന്റെ അളവും കൂട്ടുകയായിരുന്നു. കഴിഞ്ഞ ജനുവരിക്കും ഒക്ടോബറിനും ഇടയില്‍ ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡോയില്‍ ഇറക്കുമതിയുടെ 3035 ശതമാനം റഷ്യയില്‍നിന്നായിരുന്നു. ഡിസംബറോടെ ഇത് 25 ശതമാനത്തിനു താഴെയായി. യുഎസ് ഇളവു നല്‍കിയതിനു പിന്നാലെയാണ് റഷ്യയില്‍നിന്ന് ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യന്‍ കമ്പനികള്‍ കുത്തനെ കൂട്ടിയത്. ഇതിനകം ഇന്ത്യ മൂന്നു കോടി ബാരല്‍ റഷ്യന്‍ ക്രൂഡോയില്‍ ഇന്ത്യ വാങ്ങിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. 20 ലക്ഷത്തോളം ബാരല്‍ യുറല്‍സ് ക്രൂഡോയിലുമായി മൂന്നു കപ്പലുകള്‍ ഇന്ത്യന്‍ തീരത്തെത്തിക്കഴിഞ്ഞു. ബാക്കിയുള്ളവ ദിവസങ്ങള്‍ക്കകം എത്തും.
അമേരിക്കയും ഇസ്രായേലും ഇറാനില്‍ നടത്തിയ ആക്രമണങ്ങളെ തുടര്‍ന്ന്, ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എണ്ണ വിതരണത്തിന്റെ പ്രധാന പാതയായ 'ഹോര്‍മുസ് കടലിടുക്ക്' ഏതാണ്ട് പൂര്‍ണ്ണമായും അടഞ്ഞ അവസ്ഥയിലാണ്. ഇതോടെ സൗദി അറേബ്യ, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ വരവ് നിലച്ചിരുന്നു. ഈ വലിയ വിടവ് നികത്താനാണ് ഇന്ത്യ വീണ്ടും റഷ്യന്‍ എണ്ണയിലേക്ക് തിരിഞ്ഞത്. അമേരിക്കന്‍ ഇളവ് ലഭിച്ചതിന് പിന്നാലെ, സ്പോട്ട് മാര്‍ക്കറ്റില്‍ വില്‍ക്കപ്പെടാതെ കിടന്നിരുന്ന മുഴുവന്‍ റഷ്യന്‍ എണ്ണയും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനും റിലയന്‍സ് ഇന്‍ഡസ്ട്രീസും ചേര്‍ന്ന് സ്വന്തമാക്കി. ഈ എണ്ണ കപ്പലുകളില്‍ കയറ്റിയ നിലയിലും, വലിയൊരു ശതമാനം ഏഷ്യന്‍ സമുദ്രപരിധിയിലും ആയിരുന്നു ഉണ്ടായിരുന്നത്. മുന്‍പ് കുറഞ്ഞ വിലയ്ക്കായിരുന്നു റഷ്യന്‍ എണ്ണ ലഭിച്ചിരുന്നതെങ്കില്‍, ഇപ്പോള്‍ ലണ്ടനിലെ ബ്രെന്റ് നിരക്കിനേക്കാള്‍ ബാരലിന് 2 മുതല്‍ 8 ഡോളര്‍ വരെ അധിക തുക നല്‍കിയാണ് ഇന്ത്യ ഇത് വാങ്ങിയത്. യുറല്‍സ്, ഇ.എസ്.പി.ഒ , വരാന്‍ഡെ തുടങ്ങിയ വിവിധയിനം റഷ്യന്‍ ക്രൂഡ് ഓയിലുകളാണ് ഈ കൂട്ടത്തിലുള്ളത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്ത്യന്‍ ഓയില്‍ ഏകദേശം ഒരു കോടി ബാരലും, റിലയന്‍സ് അത്രതന്നെ അളവിലും എണ്ണ വാങ്ങിയെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ഇരു കമ്പനികളും ഇതിനോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മാര്‍ച്ച് 5-ന് മുന്‍പ് കപ്പലുകളില്‍ കയറ്റിയതും, ഇന്ത്യന്‍ കമ്പനികള്‍ വാങ്ങി ഇന്ത്യയിലേക്ക് തന്നെ കൊണ്ടുവരുന്നതുമായ എണ്ണയ്ക്കാണ് അമേരിക്കന്‍ ഭരണകൂടം പ്രത്യേക ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ പ്രഖ്യാപനം വന്നതോടെ, സിംഗപ്പൂരിലേക്കും ചൈനയിലേക്കും പോയിക്കൊണ്ടിരുന്ന പല എണ്ണക്കപ്പലുകളും പാതിവഴിയില്‍ വെച്ച് ദിശമാറി ഇന്ത്യയിലേക്ക് തിരിച്ചു. റഷ്യയുടെ പടിഞ്ഞാറന്‍ തുറമുഖങ്ങളില്‍ നിന്ന് യുറല്‍സ് എണ്ണയുമായി സിംഗപ്പൂരിലേക്ക് പോയിരുന്ന 'മൈലോ', 'സാറ' എന്നീ കപ്പലുകള്‍ ഇപ്പോള്‍ ഇന്ത്യ ലക്ഷ്യമാക്കിയാണ് നീങ്ങുന്നത്. റഷ്യയുടെ കിഴക്കന്‍ മേഖലയില്‍ നിന്ന് ചൈനയിലേക്ക് പോയിരുന്ന 'ഒയാസിസ്' , 'നോബിള്‍ വാക്കര്‍' എന്നീ കപ്പലുകളും ദിശമാറി ഇന്ത്യയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. 2022-ല്‍ ഉക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷമാണ് ഇന്ത്യ റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണ വാങ്ങിത്തുടങ്ങിയത്.
