അവഗണനയുടെ അപമാനഭാരം പേറി ഇനിയും എം എല്‍ എ ആയി തുടരരുത്; പി വി അന്‍വറിനെ തോമസ് കെ തോമസ് മാതൃകയാക്കണമെന്ന് എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ എന്‍ എ മുഹമ്മദ് കുട്ടി
പി വി അന്‍വറിനെ തോമസ് കെ തോമസ് മാതൃകയാക്കണമെന്ന് എന്‍ എ മുഹമ്മദ് കുട്ടി
കൊച്ചി: അപമാനഭാരം പേറി ഇനിയും എംഎല്‍എ ആയി തുടരാതെ പി വി അന്‍വറിനെ മാതൃകയാക്കി തോമസ് കെ തോമസ് രാജിവെക്കണമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍ എ മുഹമ്മദ് കുട്ടി. കടുത്ത അവഗണനയാണ് ഒരു ജനപ്രതിനിധി കൂടിയായ തോമസ് കെ തോമസിന് സിപിഎമ്മില്‍ നിന്നും ഉണ്ടായിരിക്കുന്നത്.
എല്‍ഡിഎഫിന്റെ ഘടകകക്ഷിയായ എന്‍സിപി എസ് പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും ദേശീയ നേതൃത്വം തീരുമാനമെടുത്തിട്ടും തോമസിനെ മന്ത്രിയാക്കിയില്ലെന്ന് മാത്രമല്ല കഴിഞ്ഞദിവസം സിപിഎം ജില്ലാ സമ്മേളനത്തില്‍ അഴിമതിക്കാരനാക്കി മുദ്രകുത്തുകയും ചെയ്തു. ഗുരുതരമായ സാമ്പത്തിക ആരോപണം ഉള്‍പ്പെടെ എംഎല്‍എക്ക് നേരെ ഉന്നയിച്ചു. മണ്ഡലത്തിന്റെ തെക്കും വടക്കും പോലും അറിയാത്ത ആളാണ് തോമസെന്ന് സമ്മേളന പ്രതിനിധികള്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെയും സിപിഎം നേതൃത്വത്തിന്റെയും സാന്നിധ്യത്തിലാണ്.
കരാറുകാരില്‍ നിന്നും പണം വാങ്ങുന്ന അഴിമതിക്കാരന്‍ എന്ന ആക്ഷേപവും ഗൗരവകരമാണ്. സിപിഎമ്മില്‍ നിന്നോ അദ്ദേഹത്തിന്റെ ഇന്നത്തെ പാര്‍ട്ടിയായ എന്‍സിപി എസില്‍ നിന്നോ ഒരാള്‍ പോലും തോമസിനെ പിന്തുണച്ച് രംഗത്ത് വരികയും ചെയ്തിട്ടില്ല. ഇനിയും ഇത്തരത്തില്‍ അപമാനഭാരം ചുമന്ന് മുന്നോട്ടുപോകണമോ എന്നതില്‍ തോമസ് കെ തോമസ് ഉചിതമായ തീരുമാനമെടുക്കണമെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.
അതോടൊപ്പം തന്നെ ദേശീയതലത്തില്‍ എന്‍ഡിഎ മുന്നണിയുടെ ഭാഗമായ ജെഡിഎസിനെ സംസ്ഥാനത്ത് ഇടതുമുന്നണിയില്‍ നിലനിര്‍ത്തിയിരിക്കുന്നത് ഇരട്ടത്താപ്പ് ആണെന്നും അദ്ദേഹം പറഞ്ഞു. ദേശീയതലത്തില്‍ ബിജെപി മുന്നണിയുടെ ഭാഗമായ കെ കൃഷ്ണന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കുവാനുള്ള ആര്‍ജ്ജവം മുഖ്യമന്ത്രി കാട്ടണം. എന്‍സിപി മഹാരാഷ്ട്രയില്‍ മാത്രമാണ് ബിജെപി മുന്നണിയെ പിന്തുണയ്ക്കുന്നത്.
മറ്റ് പല സംസ്ഥാനങ്ങളിലും എന്‍സിപി ഒറ്റയ്ക്ക് തന്നെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. വരാനിരിക്കുന്ന ഡല്‍ഹി നിയമസഭ തെരഞ്ഞെടുപ്പില്‍ പോലും പത്തിലേറെ സീറ്റുകളില്‍ എന്‍സിപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരിക്കുന്നു. എന്നാല്‍ ജെഡിഎസ് എല്ലാ സംസ്ഥാനങ്ങളിലും ബിജെപി രാഷ്ട്രീയത്തെ പ്രചരിപ്പിക്കുകയാണെന്നും സമാന ചിന്താഗതി ഉള്ളതുകൊണ്ടാണോ മുഖ്യമന്ത്രിയും സിപിഎമ്മും കൃഷ്ണന്‍ കുട്ടിയെയും പാര്‍ട്ടിയെയും സംരക്ഷിക്കുന്നതെന്നും എന്‍ എ മുഹമ്മദ് കുട്ടി ആരാഞ്ഞു.