പ്രതിഫലക്കാര്യത്തില്‍ എ ആര്‍ റഹ്‌മാനെ കടത്തിവെട്ടി അനിരുദ്ധ്; ഒറ്റപ്പടത്തിന് 20 കോടി; ഇന്ത്യയിലെ ഏറ്റവും വില പിടിച്ച മ്യൂസിക്ക് ഡയറക്ടറായി ഈ 32കാരന്‍; കോപ്പിയടി വീരനെന്നും വളര്‍ച്ച രജനീകാന്തിന്റെ തണലിലെന്നും ആക്ഷേപം; റഹ്‌മാന്‍-അനിരുദ്ധ് ഫാന്‍ ഫൈറ്റ് ശക്തമാവുമ്പോള്‍
റഹ്‌മാന്‍-അനിരുദ്ധ് ഫാന്‍ ഫൈറ്റ് ശക്തമാവുമ്പോള്‍
ഒരുകാലത്ത് ദക്ഷിണേന്ത്യയില്‍ ഏറ്റവും വലിയ ഫാന്‍ ഫൈറ്റ് നടന്നത് സംഗീത സംവിധായകരായ ഇളയരാജയുടെയും, എ ആര്‍ റഹ്‌മാന്റെയും ആരാധകര്‍ തമ്മിലായിരുന്നു. എന്നാല്‍ റഹ്‌മാന്‍ തരംഗത്തിനുമുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ, ഇളയാരജയുടെ പിന്നിലാവുന്നതാണ് പിന്നീട് കണ്ടത്. 90-കളില്‍ മണിരത്നത്തിന്റെ റോജ സിനിമയുയര്‍ത്തിയ തരംഗത്തിന്റെ ചിറകിലേറി വന്ന 'റഹ്‌മാനിയ' ഓസ്‌ക്കാര്‍ അവാര്‍ഡിലാണ് ചെന്നെത്തിയത്. എ ആര്‍ റഹ്‌മാന് പകരക്കാരനില്ല എന്ന് വിധിയെഴുതിയ സമയത്താണ് അനിരുദ്ധ് രവിചന്ദ്രര്‍ എന്ന പുതിയ സംഗീത സംവിധായകന്‍ ഉയര്‍ന്നുവരുന്നത്. രജനീകാന്തിന്റെ ജയിലറിലെ അടക്കം, ഹിറ്റ് സോങ്ങുകള്‍ അനിരുദ്ധിന്റെ കീര്‍ത്തി ഉയര്‍ത്തി. അതോടെ ഈ പയ്യന്‍ റഹ്‌മാനെ കടത്തിവെട്ടുമെന്ന ചര്‍ച്ചകള്‍ ഉയരുന്നു. ഇപ്പോള്‍ തമിഴകസോഷ്യല്‍ മീഡിയയില്‍ റഹ്‌മാന്റെയും, അനിരുദ്ധിന്റെയും ആരാധകര്‍ ചേരിതിരിഞ്ഞ് എറ്റുമുട്ടുകയാണ്. ചെന്നൈയില്‍ ഒരു മ്യൂസിക്ക് ഷോക്കിടെ ആരാധര്‍ ചേരി തിരിഞ്ഞ് ഏറ്റമുട്ടിയതും വാര്‍ത്തയായിരുന്നു.
നേരത്തെ കമലഹാസന്റെ ഇന്ത്യന്‍ 2-വില്‍നിന്ന് എ ആര്‍ റഹ്‌മാനെ ഒഴിവാക്കി പകരം അനിരുന്ധ് രവിചന്ദറിനെ നിശ്ചയിച്ചെന്ന് വാര്‍ത്തവന്നതോടെ, ഇരുവരുടെയും ആരാധകര്‍ തമ്മില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റുമുട്ടിയിരുന്നു. അനിരുദ്ധ് പ്രതിഫലം പത്തുകോടിയാക്കിയതോടെ, റഹ്‌മാനും പ്രതിഫലം 8ല്‍നിന്ന് പത്തുകോടിയിലേക്ക് ഉയര്‍ത്തി. ഷാറുഖ് ഖാന്‍ ചിത്രം ജവാന് വേണ്ടിയാണ് അനിരുദ്ധ് 10 കോടി രൂപ പ്രതിഫലം വാങ്ങി ബോളിവുഡിലേക്ക് കാലെടുത്തുവെച്ചത്.
പക്ഷേ ഇത് സംഗീത ലോകത്ത് വമ്പന്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും ഇടയാക്കിയിട്ടുണ്ട്. അനിരുദ്ധിന്റെ ചിത്രങ്ങള്‍ തുടര്‍ച്ചയായി വിജയിക്കുന്നതുകൊണ്ടാണ് അയാള്‍ പ്രതിഫലം ഉയര്‍ത്തുന്നത്. എന്നാല്‍ അടുത്തകാലത്തായി എ.ആര്‍.റഹ്‌മാന്റെ ഗാനങ്ങളും ബിജിഎമ്മുമൊന്നും പഴയപോലെ എല്‍ക്കുന്നില്ല. എന്നിട്ടും ഒരു പാട്ട് പാടുന്നതിന് റഹ്‌മാന്‍ കൈപ്പറ്റുന്നത് 10 കോടിയോളം രൂപയാണ്. ഇത് കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും ആവശ്യപ്പെട്ടതും വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ അനിരുദ്ധ് വീണ്ടും പ്രതിഫലം ഉയര്‍ത്തിയതിന്റെ വാര്‍ത്തകളാണ് പുറത്തുവരുന്നത്.
ഒറ്റപ്പടത്തിന് 20 കോടിയോളം
3 എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം സംഗീത സംവിധായകനായി അരങ്ങേറുന്നത്. ഈ സിനിമയിലെ ഗാനങ്ങള്‍ എല്ലാം തന്നെ സൂപ്പര്‍ ഹിറ്റ് ആയിരുന്നു എന്ന് മാത്രമല്ല കൊലവെറി എന്ന ഗാനം വലിയ രീതിയില്‍ ആഗോള പ്രശസ്തിയും നേടിയിരുന്നു. നിരവധി ആളുകള്‍ ആയിരുന്നു ഇതിനെ ഒരുതവണത്തെ പ്രതിഭാസം എന്ന് വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയത്. എന്നാല്‍ പിന്നീട് നമ്മള്‍ കണ്ടത് അനിരുദ്ധ് എന്ന സംഗീത സംവിധായകന്റെ മാജിക് തന്നെയാണ്. തൊട്ടതെല്ലാം എല്ലാം പൊന്നാക്കിയ സംവിധായകന്‍ ആണ് ഇദ്ദേഹം. ജയിലര്‍ സിനിമയിലെ അയാളുടെ 'കാവാലയ' പാട്ട് മുമ്പ് എ ആര്‍ റഹ്‌മാന്റെ 'മുക്കാലാ മുക്കാബാല'യൊക്കെ അലയടിച്ചതുപോലെ, കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഹിറ്റായിരിക്കയാണ്.
ഇന്ന് ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ഡിമാന്‍ഡ് ഉള്ള സംഗീതസംവിധായകരില്‍ ഒരാളാണ് 32 കാരനായ ഈ അവിവാഹിതന്‍. എത്ര മോശം സിനിമയാണെങ്കിലും ഇദ്ദേഹത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഉണ്ടെങ്കില്‍ അത് കണ്ടിരിക്കാന്‍ പറ്റുന്ന സിനിമയായി മാറും എന്നാണ് പ്രേക്ഷകര്‍ പറയാറുള്ളത്. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഇദ്ദേഹം പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ പുറത്തിറങ്ങിയ ദേവര എന്ന സിനിമയിലെ ഗാനങ്ങള്‍ വലിയ രീതിയില്‍ ഹിറ്റായിരുന്നു. ഉത്തരേന്തയിലും ഈ സിനിമയിലെ ഗാനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ തെലുങ്കിലെ പുതിയ സിനിമകള്‍ക്ക് 20 കോടി രൂപയാണ് ഇപ്പോള്‍ ഇദ്ദേഹം ആവശ്യപ്പെടുന്നത് എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടൈ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകനായി മാറിയിരിക്കുകയാണ് അനിരുദ്ധ. 10 മുതല്‍ 12 കോടി രൂപ വരെയാണ് മുന്‍ സിംഹം എ ആര്‍ റഹ്‌മാന്‍ വാങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അതേസമയം തമിഴില്‍ വേട്ടയന്‍ എന്ന സിനിമയിലാണ് അനിരുദ്ധ അവസാനമായി പ്രത്യക്ഷപ്പെട്ടത്. അടുത്ത വിജയ് സിനിമയിലും അനിരുദ്ധ തന്നെയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. അതേസമയം ഇപ്പോള്‍ എല്ലാവര്‍ക്കും അനിരുദ്ധിനെ മതി എന്നതാണ് അവസ്ഥ. ഇളയാരാജക്ക് വന്നുചേര്‍ന്ന അതേ അവസ്ഥയാണ് ഇപ്പോള്‍ റഹ്‌മാനും വന്നുചേരുന്നത്.
കോപ്പിയടി, നെപ്പോകിഡ്
അതേസമയം, അനിരുദ്ധിന്റെ ഗാനങ്ങള്‍ക്കെതിരെ വലിയ വിമര്‍ശനം റഹ്‌മാന്‍ ഫാന്‍സ് ഉയര്‍ത്തുന്നുണ്ട്. എല്ലാ പാട്ടുകളും ഒരുപോലെയാണ് എന്നും സ്വന്തം പാട്ടുകള്‍ തന്നെ കോപ്പിയടിച്ചാണ് പുതിയ പാട്ടുകള്‍ ഉണ്ടാക്കുന്നത് എന്നും വിമര്‍ശനം ഉയരുന്നുണ്ട്. ഇളയരാജ ഇതേ ആരോപണം നേരത്തെ റഹ്‌മാന് നേരെ ഉയര്‍ത്തിയിരുന്നു. താന്‍ മാത്രമാണ്, ഒറിജിനല്‍ എന്നായിരുന്നു ഇളയരാജയുടെ വാദം. ഇപ്പോള്‍ അത് അനിരുദ്ധിലേക്കും എത്തുന്നു. അതുപോലെ റഹമാന്‍ ഒറ്റക്ക് വഴിവെട്ടിവന്നവനാണെന്നും, അനിരുദ്ധ് നെപ്പോകിഡ് ആണെന്നും വിമര്‍ശനം വരുന്നുണ്ട്.
രജനീകാന്തിന്റെ പത്നിയും പിന്നണി ഗായികയുമായ ലതയുടെ സഹോദരന്‍ രാഗവേന്ദ്രയുടെ പുത്രനാണ് അനിരുദ്ധ്. പക്ഷേ അയാള്‍ ആ ബന്ധുബലം കൊണ്ട് കയറിവന്ന ആളാണ് എന്ന് പറയാന്‍ കഴിയില്ല. വെറും കീബോര്‍ഡ് ആര്‍ട്ടിസ്റ്റായി തുടങ്ങി പടിപടിയായി കറി വന്നയാളാണ്. പക്ഷേ അനിരുദ്ധിനോട് രജനിയ്ക്ക് പ്രത്യേക വാത്സല്യവുമുണ്ടെന്നത് സത്യമാണ്. ആരെയും ശുപാര്‍ശ ചെയ്യാന്‍ ഇഷട്പ്പെടാത്ത രജീനകാന്ത് തന്റെ ചിത്രങ്ങളില്‍ അനിരുദ്ധിന്റെ പേര് പറയാറുണ്ടെന്നാണ് തമിഴക മാധ്യമങ്ങള്‍ പറയുന്നത്.
പത്തു വയസു മുതല്‍ സ്വന്തമായി വരികള്‍ ചിട്ടപ്പെടുത്തി തുടങ്ങിയിട്ടുണ്ട് അനിരുദ്ധ്. എ.ആര്‍ റഹ്‌മാനായിരുന്നു പ്രചോദനം. ലണ്ടനിലെ ട്രിനിറ്റി കോളജ് ഓഫ് മ്യൂസകില്‍ ചേര്‍ന്ന് പിയാനോ പഠിച്ചു. ചെന്നൈയിലെ സൗണ്ട്ടെക് മീഡിയ ഓഡിയോ എന്‍ജിനീറിയറിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് സൗണ്ട് എന്‍ജിനീയറിങ്ങും പഠിച്ചു. സ്‌കൂള്‍ പഠനകാലത്ത് എ.ആര്‍. റഹ്‌മാന്‍ ജഡ്ജായിരുന്ന ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് പുരസ്‌കാരം വാങ്ങിയത് വഴിത്തിരിവായി. ഈ ജീവിതം സംഗീതവഴിയില്‍ തന്നെയെന്നുറപ്പിച്ച നിമിഷം. പിന്നെ കുറേക്കാലം റഹ്‌മാന്റെ അസിസ്റ്റന്റുമായി. അങ്ങനെ ഇരിക്കയെയാണ് ബന്ധുകൂടിയായ ഐശ്വര്യ രജനീകാന്ത് ഒരു സിനിമയെടുത്തത്. അത് ഒരു പുതിയ സംഗീത പ്രതിഭയുടെ ഉദയമായി. 'ത്രീ'യ്ക്കുവേണ്ടി അനിരുദ്ധ് എന്ന ചെറുപ്പക്കാരന്‍ സംഗീതമിട്ട് ധനുഷ് തന്നെ പാടിയ 'വൈ ദിസ് കൊലവെറി സോങ്് തരംഗമായതാണ് അയാള്‍ക്ക് ബ്രേക്ക് ആയത്.
ഇളയരാജയെ സ്വന്തം ശിഷ്യനായ റഹ്‌മാന്‍ മലര്‍ത്തിയടിച്ചപോലെ, ഇപ്പോള്‍ കാലം തിരിച്ചടിക്കയാണ്. റഹ്‌മാനെ ശിഷ്യനായ അനിരുദ്ധ് കടത്തിവെട്ടുന്നു. അടുത്തകാലത്തായി ഒരു റഹ്‌മാന്‍ ചിത്രവും സൂപ്പര്‍ ഹിറ്റായിട്ടില്ല. പക്ഷേ അനിരുദ്ധ് തുടര്‍ച്ചയായി ഹിറ്റുകള്‍ ഉണ്ടാക്കുന്നുമുണ്ട്.