എട്ടാം പ്രതിയായ ദിലീപിനെതിരായ ഗൂഢാലോചനക്ക് കുറ്റത്തിന് തെളിഞ്ഞില്ല; ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല; പ്രതികള്‍ ജയിലില്‍ നിന്ന് ദിലീപിനെ ഫോണ്‍ വിളിച്ചതിന് തെളിവില്ല; തൃശൂരിലെ ടെന്നീസ് ക്ലബില്‍ ദിലീപിനൊപ്പം ഫോട്ടോയില്‍ ഉള്ളത് പള്‍സര്‍ സുനിയല്ല; 'ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാകണം'; നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത്

നടിയെ ആക്രമിച്ച കേസിലെ വിധി പകര്‍പ്പ് പുറത്ത്

Update: 2025-12-12 17:09 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിധി പകര്‍പ്പ് പുറത്ത്. 1711 പേജുള്ള വിധിന്യായത്തിലെ വിശദാംശങ്ങളാണ് പുറത്തുവന്നത്. എട്ടാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനാ കുറ്റം തെളിഞ്ഞില്ലെന്നാണ് ഉത്തരവില്‍ പറയുന്നു. ദിലീപിന് പള്‍സര്‍ സുനിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി വിധിയില്‍ വ്യക്തമാക്കുന്നത്. പ്രോസിക്യൂഷന്‍ മുന്നോട്ടുവെച്ച തെളിവുകള്‍ എല്ലാം കോടതി തള്ളുകയാണ് ഉണ്ടായത്.

പള്‍സര്‍ സുനിയെ ദിലീപിന് അറിയില്ലെന്ന തരത്തിലായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് ഖണ്ഡിക്കുന്ന ഒരു തെളിവും നിരത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് വിധിന്യായത്തില്‍ നിന്നും വ്യക്തമാകുന്നത്. പ്രതികള്‍ ജയിലില്‍ നിന്ന് ദിലീപിനെ ഫോണ്‍ വിളിച്ചെന്നായിരുന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്. എന്നാല്‍ ഇതിന് യാതൊരു വിധ തെളിവും നിരത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. പ്രതികള്‍ ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനും തെളിവില്ല.

തൃശൂരിലെ ടെന്നീസ് ക്ലബില്‍ ദിലീപും പള്‍സര്‍ സുനിയും ഒരുമിച്ച് ഉണ്ടായിരുന്നെന്നും ഇരുവരും ഫോട്ടോ എടുത്തിരുന്നു എന്നുമുള്ള വാദത്തില്‍, ഫോട്ടോയിലുള്ളത് പള്‍സര്‍ സുനി ആയിരുന്നില്ലെന്ന് ഫോട്ടോ എടുത്ത വ്യക്തി പറഞ്ഞു. ഇതോടെ ആ വാദവും അസാധുവായി. ദിലീപ് പ്രതികള്‍ക്ക് പണം നല്‍കി എന്നതിനും കൃത്യമായ തെളിവില്ല.

ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് മുന്നൂറോളം പേജുകളിലാണ് വിധി പകര്‍പ്പില്‍ പറയുന്നത്. കേസില്‍ ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. പത്ത് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്, എച്ച് സലിം, പ്രദീപ് എന്നിവരെയാണ് ശിക്ഷിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 20 വര്‍ഷം കഠിന തടവ് ശിക്ഷയാണ് വിധിച്ചത്.

എല്ലാ ശിക്ഷയും ഒരുമിച്ച് അനുഭവിക്കണം. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതീവ ശ്രദ്ധ പുലര്‍ത്തണം എന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദിലീപ് ഉള്‍പ്പെടെയുള്ള നാല് പേരെയാണ് കോടതി വെറുതെ വിട്ടിരുന്നത്. 7,8,9,15 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. ഏഴാം ചാര്‍ളി തോമസ്, ഒമ്പതാം പ്രതി സനില്‍, 15-ാം പ്രതി ശരത് എന്നിവരാണ് കുറ്റവിമുക്തരായത്.

Tags:    

Similar News