പശ്ചിമേഷ്യയിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിക്കുന്നു; കുടുങ്ങിയവർക്ക് ആശ്വാസമായി യുഎഇയുടെ പ്രത്യേക വിമാനങ്ങൾ; എമിറേറ്റ്‌സും ഇത്തിഹാദും, എയർ ഇന്ത്യയും പറന്നുതുടങ്ങി; പുതിയ ബുക്കിംഗുകൾ ഇപ്പോഴില്ല; കറാച്ചിയിൽ കുടുങ്ങിയ മലയാളികൾ നാളെ നാട്ടിലെത്തും

Update: 2026-03-02 15:32 GMT

അബുദാബി: ഇറാൻ-ഇസ്രായേൽ സംഘർഷത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ താളംതെറ്റിയ വ്യോമഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു തുടങ്ങി. യുഎഇയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് യാത്രക്കാർക്കായി എമിറേറ്റ്‌സ്, ഇത്തിഹാദ് എയർവേയ്‌സ്, എയർ ഇന്ത്യ എക്സ്പ്രസ് ഉൾപ്പെടെയുള്ള വിമാനക്കമ്പനികൾ പ്രത്യേക സർവീസുകൾ ആരംഭിച്ചു. സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിലാണ് സർവീസുകൾ നടത്തുന്നത്.

അബുദാബിയിൽ നിന്ന് മുംബൈ ഉൾപ്പെടെയുള്ള ഇന്ത്യൻ നഗരങ്ങളിലേക്കും പാരീസ്, ലണ്ടൻ, കറാച്ചി, മോസ്കോ തുടങ്ങിയ വിദേശ നഗരങ്ങളിലേക്കും ഇത്തിഹാദ് വിമാനങ്ങൾ സർവീസ് നടത്തി. കൊച്ചിയിലേക്കും വൈകാതെ പ്രത്യേക വിമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. എന്നാൽ വിമാനത്താവളങ്ങളിൽ കുടുങ്ങിയവർക്കും നേരത്തെ ബുക്കിംഗ് ഉള്ളവർക്കുമാണ് ഇപ്പോൾ മുൻഗണന നൽകുന്നത്. പുതിയ ബുക്കിംഗുകൾ നിലവിൽ ലഭ്യമാകില്ല.

ദുബായ് രാജ്യാന്തര വിമാനത്താവളവും അൽ മക്തും വിമാനത്താവളവും പ്രവർത്തനക്ഷമമായെങ്കിലും കർശനമായ നിയന്ത്രണങ്ങളോടെ മാത്രമായിരിക്കും സർവീസുകൾ. വിമാനങ്ങൾ വഴിതിരിച്ചുവിട്ടതിനെത്തുടർന്ന് പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മലയാളി യാത്രക്കാർ നാട്ടിലേക്ക് തിരിച്ചു. ഇന്ന് ഉച്ചയോടെ ഇവർ കൊളംബോയിലെത്തി. ഇന്ന് അർദ്ധരാത്രി കൊളംബോയിൽ നിന്ന് പുറപ്പെട്ട് ഡൽഹിയിലെത്തുന്ന സംഘം നാളെ പുലർച്ചെയുള്ള എയർ ഇന്ത്യ വിമാനത്തിൽ കൊച്ചിയിലെത്തും.

യാത്രയ്ക്കായി റീബുക്കിംഗ് പൂർത്തിയാക്കിയവരെ കമ്പനി നേരിട്ട് ബന്ധപ്പെടും. എന്നാൽ, ഔദ്യോഗിക അറിയിപ്പ് ലഭിക്കാതെ യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്. സാഹചര്യം വിലയിരുത്തിയ ശേഷം വരും ദിവസങ്ങളിൽ കൂടുതൽ ഷെഡ്യൂളുകൾ പ്രഖ്യാപിക്കും.

യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിക്കുന്നതിനായി അബുദാബിയിൽ നിന്ന് 15 വിമാനങ്ങളാണ് ഇത്തിഹാദ് എയർവേയ്‌സ് സർവീസ് നടത്തുന്നത്. അതേസമയം, ഒമാനിൽ നിന്നുള്ള സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. മസ്‌കത്തിൽ നിന്ന് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഉൾപ്പെടെയുള്ള നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ നാളെ മുതൽ പറന്നുയരും.

യാത്ര മാറ്റിവയ്ക്കുന്നതിനും ടിക്കറ്റ് റദ്ദാക്കുന്നതിനും ഫീസുകളിൽ ഇളവ് നൽകുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. വിമാനങ്ങളുടെ സമയവിവരങ്ങൾ അറിയാൻ കമ്പനിയുടെ വെബ്‌സൈറ്റോ (+91 63600 12345) എന്ന വാട്സാപ്പ് നമ്പറോ ഉപയോഗിക്കാം. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ നാളെ അർധരാത്രി വരെ നിർത്തിവെച്ചിരിക്കുകയാണ്.

സുരക്ഷാ സാഹചര്യങ്ങൾ കണക്കിലെടുത്ത് സിവിൽ ഏവിയേഷൻ വിഭാഗത്തിന്റെ കർശന നിരീക്ഷണത്തിലാണ് നിലവിൽ വിമാനങ്ങൾ പറക്കുന്നത്. വരും ദിവസങ്ങളിൽ ഗതാഗതം പൂർണ്ണതോതിൽ സാധാരണ നിലയിലാകുമെന്നാണ് സൂചന.

ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ ആരംഭിച്ച ശക്തമായ വ്യോമാക്രമണങ്ങളാണ് ജിസിസി രാജ്യങ്ങളിലെ ഗതാഗതം അനിശ്ചിതത്വത്തിലാക്കിയത്. സൗദി അറേബ്യ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ തുടങ്ങിയ രാജ്യങ്ങളിലെ വ്യോമപാതകളും കഴിഞ്ഞ ദിവസങ്ങളിൽ നിശ്ചലമായിരുന്നു. യുദ്ധഭീതിയെത്തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് യുഎഇയുടെ പുതിയ നീക്കം വലിയ ആശ്വാസമാണ് പകരുന്നത്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ സാധാരണ നിലയിലാകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Similar News