പ്രവാസികള്‍ക്കും യാത്രക്കാര്‍ക്കും ഇരുട്ടടി; എയര്‍ ഇന്ത്യ വിമാന നിരക്ക് ഉയരുന്നു; ഇറാന്‍-യുഎസ് യുദ്ധം വിനയായി; ഇന്ധന സര്‍ചാര്‍ജ് മൂന്ന് ഘട്ടങ്ങളിലായി വര്‍ദ്ധിപ്പിക്കും; വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസ് ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികം; ഒഴിവാക്കാനാവാത്ത തീരുമാനമെന്ന് എയര്‍ ഇന്ത്യ
എയര്‍ ഇന്ത്യ വിമാന നിരക്ക് ഉയരുന്നു
ന്യൂഡല്‍ഹി: പശ്ചിമേഷ്യയില്‍ ഇറാന്‍-അമേരിക്ക യുദ്ധം കൊടുമ്പിരിക്കൊള്ളവെ, വിമാനയാത്രക്കാരെ പിഴിഞ്ഞുകൊണ്ട് എയര്‍ ഇന്ത്യയുടെ പുതിയ പരിഷ്‌കാരം. വിമാന ഇന്ധന വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ ആഭ്യന്തര-അന്തര്‍ദേശീയ സര്‍വീസുകള്‍ക്ക് ഇന്ധന സര്‍ചാര്‍ജ് ഏര്‍പ്പെടുത്താനാണ് വിമാനക്കമ്പനിയുടെ തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി നിരക്ക് വര്‍ദ്ധനവ് നടപ്പിലാക്കുമെന്നും എയര്‍ ഇന്ത്യ ഇന്ന് ഔദ്യോഗികമായി അറിയിച്ചു.വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് ചെയ്യുന്ന ആഭ്യന്തര സര്‍വീസുകളിലെ ടിക്കറ്റുകള്‍ക്കൊപ്പം 399 രൂപ അധികമായി ഈടാക്കും.
തങ്ങളുടെ നിയന്ത്രണത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നും യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടില്‍ ഖേദിക്കുന്നുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. നിരക്ക് വര്‍ദ്ധിപ്പിക്കാതെ മറ്റ് വഴികളില്ലെന്നാണ് കമ്പനിയുടെ വാദം. സര്‍ചാര്‍ജ് പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ പല വിമാന സര്‍വീസുകളും സാമ്പത്തികമായി ലാഭകരമല്ലാത്ത അവസ്ഥയിലാകുമെന്നും അവ റദ്ദാക്കേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
യാത്രാ ചെലവ് പോലും കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍വീസുകള്‍ നിര്‍ത്തലാക്കാതിരിക്കാനുള്ള ഏക മാര്‍ഗ്ഗം ഈ അധിക നിരക്ക് ഈടാക്കുക എന്നതാണെന്ന് എയര്‍ ഇന്ത്യ വിശദീകരിച്ചു. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ഇന്ധന വിപണിയെ തകിടം മറിച്ചതോടെ വരും ദിവസങ്ങളില്‍ മറ്റ് വിമാനക്കമ്പനികളും സമാനമായ രീതിയില്‍ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ സാധ്യതയുണ്ട്.
എയര്‍ ഇന്ത്യ പ്രഖ്യാപിച്ച പുതിയ ഇന്ധന സര്‍ചാര്‍ജ് പ്രകാരം ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങള്‍ക്ക് 10 ഡോളര്‍ (ഏകദേശം 830 രൂപ) അധികം നല്‍കണം. എന്നാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 30 മുതല്‍ 90 ഡോളര്‍ വരെയും, തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് 20 മുതല്‍ 60 ഡോളര്‍ വരെയുമാണ് വര്‍ദ്ധനവ്. അതേസമയം, സാധാരണക്കാരായ പ്രവാസികള്‍ക്ക് ആശ്വാസമായി ടാറ്റയുടെ കീഴിലുള്ള ബജറ്റ് എയര്‍ലൈനായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് തല്‍ക്കാലം സര്‍ചാര്‍ജ് വര്‍ദ്ധിപ്പിക്കില്ലെന്ന് അറിയിച്ചു.
ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവ്
വിമാനക്കമ്പനികളുടെ പ്രവര്‍ത്തനച്ചെലവിന്റെ 40 ശതമാനവും വിമാന ഇന്ധനത്തിനാണ് (ATF) ചെലവാകുന്നത്. മാര്‍ച്ച് മാസം മുതല്‍ ഇന്ധനവിലയില്‍ ഉണ്ടായ വന്‍ വര്‍ദ്ധനവ് വിമാനക്കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലെ ഉയര്‍ന്ന നികുതിയും വാറ്റും (VAT) ഈ പ്രതിസന്ധിയുടെ ആഘാതം വര്‍ദ്ധിപ്പിക്കുന്നുവെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഖത്തറില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; ഗ്യാസ് വിതരണം നിലച്ചു
യുദ്ധം കേവലം വിമാനയാത്രയെ മാത്രമല്ല, ലോകത്തിന്റെ ഊര്‍ജ്ജ ലഭ്യതയെയും ബാധിച്ചിരിക്കുകയാണ്. ഖത്തറിലെ ഗ്യാസ് പാടങ്ങള്‍ക്ക് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തെത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക കയറ്റുമതി കമ്പനിയായ ഖത്തര്‍ എനര്‍ജി ഉത്പാദനം നിര്‍ത്തിവെച്ചു. ഹോര്‍മുസ് കടലിടുക്ക് രണ്ടാഴ്ചയായി യുദ്ധമേഖലയായി തുടരുന്നതിനാല്‍ 750-ലേറെ ചരക്കുക്കപ്പലുകള്‍ വിവിധ തുറമുഖങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
ഇന്ത്യയുടെ കരുതല്‍ നീക്കം
ആവശ്യമായ പ്രകൃതിവാതകത്തിന്റെ 50 ശതമാനവും ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ ഈ സാഹചര്യം വല്ലാതെ ബാധിക്കും. ഇതില്‍ 20 ശതമാനവും ഖത്തറില്‍ നിന്നാണ് എത്തുന്നത്. പ്രതിസന്ധി നേരിടാന്‍ പെട്രോളിയം മന്ത്രാലയം പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. രാജ്യത്തെ വിവിധ മേഖലകളെ നാല് മുന്‍ഗണനാ വിഭാഗങ്ങളായി തിരിച്ചാണ് ഇനി വാതക വിതരണം നിയന്ത്രിക്കുക.
