കൊലപാതകം നടന്ന ദിവസം ഞാന്‍ ജീപ്പ് കയറാന്‍ നിന്നപ്പോള്‍ വിടിനു സമീപം ഒരാള്‍ നില്‍ക്കുന്നതു കണ്ടിരുന്നു; അവന്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു; രഞ്ജിനി ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന സമയത്ത് അവനെ അവിടെ കണ്ടിരുന്നു; ആരാണ് ആ മൂന്നാമന്‍? അഞ്ചലിലെ ക്രൂരതയില്‍ മറ്റൊരാളും!

Update: 2025-01-05 02:35 GMT

കോട്ടയം: അഞ്ചലിലെ രഞ്ജിനിയുടെ കൊലയില്‍ മൂന്നാമനും? രഞ്ജിനിയുടെ അമ്മ ശാന്തമ്മയുടെ സംശയമാണ് ഇതിലേക്ക് വിരല്‍ ചൂണ്ടുന്നത്. ദിവില്‍ കുമാറിനും രാജേഷിനും പിന്നില്‍ മറ്റൊരാളും ഉണ്ടെന്നാണ് അമ്മ പറയുന്നത്. ദിവില്‍ കുമാറിന്റെ കുടുംബത്തിന് നേരെയാണ് ഈ അമ്മ വിരല്‍ ചൂണ്ടുന്നത്.

കൊലപാതകം അവര്‍ മാത്രമാണു നടത്തിയതെന്നു കരുതുന്നില്ല. കൊലപാതകത്തിനു കൂട്ടുനിന്ന വേറെയും ആള്‍ക്കാരുണ്ട്. ബന്ധുക്കളും അല്ലാത്തവരും പങ്കാളികളാണ്. കൊലപാതകം നടന്ന ദിവസം, ഞാന്‍ ജീപ്പ് കയറാന്‍ നിന്നപ്പോള്‍ വിടിനു സമീപം ഒരാള്‍ നില്‍ക്കുന്നതു കണ്ടിരുന്നു. അവന്‍ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. രഞ്ജിനി ആശുപത്രിയില്‍ പ്രസവിച്ചു കിടക്കുന്ന സമയത്ത് അവനെ ഞാന്‍ അവിടെ കണ്ടിരുന്നു. അന്ന് അയല്‍ക്കാരനെന്നു പറഞ്ഞ് രാജേഷ് പരിചയപ്പെടുത്തിയത് ഓര്‍മയുണ്ടെന്നും ശാന്തമ്മ പറഞ്ഞു.

അഞ്ചല്‍ അലയമണ്‍ രജനി വിലാസത്തില്‍ രഞ്ജിനിയും അയല്‍വാസിയായ ദിവില്‍ കുമാറുമായി അടുപ്പത്തിലായിരുന്നു. അവിവാഹിതയായ രഞ്ജിനി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് വനിതാ കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. കമ്മിഷന്‍ ദിവില്‍ കുമാറിനോട് ഡിഎന്‍എ ടെസ്റ്റിന് ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. ഗര്‍ഭിണിയായ രഞ്ജിനി ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെയാണ് രാജേഷ് എത്തിയത്. തന്റെ സഹോദരിയുടെ പ്രസവത്തിനായി എത്തിയതെന്ന് വിശ്വസിപ്പിച്ചു. കള്ളപ്പേരാണ് പറഞ്ഞത്. അങ്ങനെ കുടുംബവുമായി അടുത്തു. കുട്ടികളെ പ്രസവിച്ച ശേഷം കൂട്ടുകാരന് വേണ്ടി കൊലയും. ആദ്യം ക്രൈംബ്രാഞ്ചും പിന്നീട് സിബിഐയും കേസ് ഏറ്റെടുത്തിരുന്നു. തൊട്ടുപിന്നാലെ ദിവില്‍ കുമാറും രാജേഷും ഒളിവില്‍ പോയി. പഠാന്‍കോട്ട് യൂണിറ്റിലാണ് ഇരുവരും സൈനികരായി സേവനം അനുഷ്ഠിച്ചിരുന്നത്. പ്രതികള്‍ പോണ്ടിച്ചേരിയിലുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ സിബിഐ പിടികൂടിയത്.

2006 ഫെബ്രുവരി 10നാണ് കേസിനാസ്പദമായ സംഭവം. അഞ്ചല്‍ ഏറത്ത് വാടകയ്ക്കു താമസിച്ചിരുന്ന അലയമണ്‍ സ്വദേശിനി രഞ്ജിനിയെയും 17 ദിവസം പ്രായമുള്ള പെണ്‍മക്കളെയുമാണ് കഴുത്തറുത്ത് കൊന്നത്. അയല്‍വാസികളായിരുന്ന രഞ്ജിനിയും ദിവില്‍കുമാറും അടുപ്പത്തിലായിരുന്നു. രഞ്ജിനി ഗര്‍ഭിണിയായതോടെ അലസിപ്പിക്കാന്‍ ദിവില്‍കുമാര്‍ പലതവണ നിര്‍ബന്ധിച്ചെങ്കിലും അവര്‍ തയ്യാറായില്ല. 2006 ജനുവരി 24ന് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ രഞ്ജിനി ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. രഞ്ജിനിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്ക് ദിവില്‍കുമാറിനു വനിതാ കമീഷന്‍ നോട്ടീസയച്ചു.

തുടര്‍ന്നാണ് ദിവില്‍കുമാര്‍ കൊലപാതകം ആസൂത്രണംചെയ്തത്. സുഹൃത്തും സൈനികനുമായ രാജേഷുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി. ആശുപത്രിയില്‍ രഞ്ജിനിയെ സഹായിക്കാനെന്ന വ്യാജേന രാജേഷ് പരിചയം സ്ഥാപിച്ചു. രഞ്ജിനി വീട്ടില്‍ എത്തിയശേഷം അവിടെയെത്തിയ രാജേഷ്, ദിവില്‍കുമാറിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കി. സംഭവദിവസം വീട്ടിലെത്തിയ രാജേഷ് കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി രഞ്ജിനിയുടെ അമ്മയെ തന്ത്രപരമായി പറഞ്ഞുവിട്ടു. തുടര്‍ന്ന് ദിവില്‍കുമാറിനുള്ള കത്തെഴുതാന്‍ രഞ്ജിനിയോട് ആവശ്യപ്പെട്ടു. കത്തെഴുതുമ്പോഴാണ് പിന്നിലൂടെയെത്തി കഴുത്തറുത്ത് കൊന്നത്. ഉറങ്ങുകയായിരുന്ന ഇരട്ടക്കുട്ടികളെയും കഴുത്തറുത്ത് കൊലപ്പെടുത്തി.

അഞ്ചല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും പ്രതികളെ പിടികൂടാനായില്ല. ഹൈക്കോടതി ഉത്തരവിലാണ് 2010ല്‍ സിബിഐ കേസ് ഏറ്റെടുത്തത്. പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ആദ്യം 50,000 രൂപയും പിന്നീട് രണ്ടുലക്ഷം രൂപയും പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ദിവില്‍കുമാര്‍ പുതിയ പേരില്‍ ആധാര്‍കാര്‍ഡ് സംഘടിപ്പിച്ച് പോണ്ടിച്ചേരിയില്‍ കട നടത്തിവരികയായിരുന്നു.

രഞ്ജിനിയുടെ അമ്മ ശാന്തമ്മയുടെ പ്രതികരണം ചുവടെ

''ഗൂഢാലോചന നടത്തിയാണ് കൊലപാതകം നടത്തിയത്. 3 ജീവനുകള്‍ ഇല്ലാതാക്കിയപ്പോള്‍ അവര്‍ക്ക് എന്തുകിട്ടി ? ഞാന്‍ മരിക്കും മുന്നേ എന്റെ കുഞ്ഞുങ്ങളെ കൊന്ന ഘാതകന്മാരെ കാണണമെന്ന് മാത്രമാണ് ദൈവത്തോട് പ്രാര്‍ഥിച്ചിരുന്നത്. ഇനി അവരെ തൂക്കി കൊല്ലണം. ഒന്നും അറിയാത്ത രണ്ട് പിഞ്ച് ഓമനകളെയാണ് അവര്‍ കൊന്നത്. എനിക്ക് ഇനി കരയാന്‍ കണ്ണീരില്ല'' ശാന്തമ്മ പറഞ്ഞു.

''ദിവില്‍ കുമാറിന്റെ കൂട്ടുകാരനെന്നു പറഞ്ഞാണ് ഞങ്ങളെ രാജേഷ് പരിചയപ്പെട്ടത്. എന്ത് സഹായം വേണമെങ്കിലും ചെയ്യാന്‍ മരുമകന്‍ പറഞ്ഞയച്ചു എന്നും പറഞ്ഞിരുന്നു. രാജേഷ് കൂടെയുണ്ടായിരുന്നതു കൊണ്ട് ഞാനും എന്റെ മകളും ഒരുപാട് അപവാദങ്ങള്‍ കേട്ടിരുന്നു. പല ബന്ധുക്കളും ഞങ്ങളെ വിട്ടുപോയി. എത്ര പറഞ്ഞിട്ടും രാജേഷ് പോയിരുന്നില്ല. അണ്ണന്‍ ഇവിടെ നില്‍ക്കേണ്ടെന്നും ഞങ്ങള്‍ക്ക് പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും മകള്‍ പലതവണ അവനോട് പറഞ്ഞു. ബലാല്‍ക്കാരമായാണ് ആശുപത്രിയില്‍ നിന്നും അവന്‍ ഞങ്ങള്‍ക്കൊപ്പം വന്നത്'' ശാന്തമ്മ പറഞ്ഞു.

''ഒരു ദിവസം ദിവിലിനെ കണ്ടുപിടിച്ചെന്നും കല്യാണം നടത്താമെന്നും പറഞ്ഞാണ് രാജേഷ് വീട്ടിലെത്തിയത്. കുട്ടികളെയും രഞ്ജിനിയേയും അവന്റെ കൂടെ വിടാന്‍ പറഞ്ഞു. അയക്കത്തില്ലെന്ന് ഞാനും വരത്തില്ലെന്നു മോളും പറഞ്ഞു. കുട്ടികളെ കുളിപ്പിച്ച് കിടത്തിയപ്പോള്‍ മറ്റൊരു ദിവസം രാജേഷ് അവിടെയെത്തി. കൊച്ചുങ്ങളെ കാണണമെന്ന് പറഞ്ഞു കുളിപ്പിച്ചു കൊണ്ടിരുന്ന പിള്ളേരില്‍ ഒരെണ്ണത്തിനെ അവന്‍ കയ്യില്‍ മേടിച്ചു. കുറേ നേരം അവന്‍ ആ കൊച്ചിനെ നോക്കി നിന്നു. അപ്പോഴേക്കും കൊച്ചിനെ കയ്യില്‍ നിന്നും മേടിക്കാന്‍ മകള്‍ പറഞ്ഞു. അതിനിടയില്‍ അവനൊരു ഫോണ്‍ കോള്‍ വന്നു. അന്നും കൊലപാതകത്തിനു പദ്ധതിയിട്ടെങ്കിലും നടന്നില്ല.

അന്നേദിവസം അവന്‍ എന്നെ ബൈക്ക് ഇടിച്ചുതെറിപ്പിക്കാന്‍ നോക്കി. ഞാന്‍ എന്തോ ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. ആ ദിവസം ഡിഎന്‍എ ടെസ്റ്റ് ചെയ്യാനുള്ള പേപ്പര്‍ വന്നിരുന്നു. ടെസ്റ്റ് നടത്തണമെന്ന് ദിവിലിന്റെ ബന്ധുക്കളോട് ഞാന്‍ പറഞ്ഞപ്പോള്‍ രാജേഷ് എന്നെ അടിക്കാന്‍ വന്നു. അന്നാണ് അവന്റെ യഥാര്‍ഥ സ്വഭാവം എനിക്ക് മനസിലായത്. പിറ്റേന്ന് ഞാന്‍ പഞ്ചായത്ത് ഓഫിസില്‍ പോയപ്പോഴാണ് കൊലപാതകം നടക്കുന്നത്'' ശാന്തമ്മ പറഞ്ഞു.

Tags:    

Similar News