കണ്ണൂരിലെ അന്വേഷണം കര്‍ണ്ണാടക പോലീസിന് നല്‍കിയത് നിരാശ; മുത്തച്ഛന് ഒന്നും അറിയില്ലെന്ന തിരിച്ചറിവില്‍ മടങ്ങിയ അന്വേഷകരെ അമ്പരപ്പിച്ച് എത്തിയത് പ്രതിയുടെ ഫോണ്‍ കോള്‍; ഗൂഗിള്‍ മാപ്പ് ലൊക്കേഷന്‍ അടക്കം നല്‍കി കീഴടങ്ങല്‍; കുറ്റം സമ്മതിച്ച് ആരവ് ഹാനോയ്; ഇനി വിശദ ചോദ്യം ചെയ്യല്‍; വ്‌ലോഗറെ കൊന്നത് ഗൂഡാലോചനയില്‍

Update: 2024-11-29 09:53 GMT

ബംഗളൂരു: ഇന്ദിരാ നഗറില്‍ അസംകാരിയായ വ്‌ലോഗറെ കൊലപ്പെടുത്തിയ കണ്ണൂര്‍ തോട്ടട സ്വദേശി ആരവ് ഹാനോയ് അറസ്റ്റിലാകുമ്പോള്‍ കര്‍ണ്ണാടക പോലീസിന് അശ്വാസം. കര്‍ണാടക പൊലീസ് ഉത്തരേന്ത്യയില്‍നിന്നാണ് ആരവിനെ അറസ്റ്റ് ചെയ്തത്. രാത്രിയോടെ ആരവിനെ ബെംഗളൂരുവില്‍ എത്തിക്കും. പോലീസിനെ വിളിച്ച് ആരവ് താന്‍ എവിടെയുണ്ടെന്ന് അറിയിക്കുകയായിരുന്നു. കീഴടങ്ങാനുള്ള സന്നദ്ധതയും അറിയിച്ചു. ഇതേ തുടര്‍ന്നാണ് പോലീസ് എത്തി ആരവിനെ അറസ്റ്റു ചെയ്തത്. ആരവിനെ അറസ്റ്റു ചെയ്യാന്‍ കഴിയാത്തത് പോലീസിന് തലവേദനയായി മാറിയിരുന്നു. രണ്ടു പ്രത്യേക സംഘങ്ങളാണ് അന്വേഷണത്തിനുണ്ടായിരുന്നത്. ഇതിനിടെയാണ് ആരവ് തന്നെ ഫോണ്‍ ചെയ്ത് കീഴടങ്ങല്‍ സന്നദ്ധത അറിയിച്ചത്.

ആറു മാസമായി ആരവും മായയും പ്രണയത്തിലായിരുന്നു. മായ ഇക്കാര്യം സഹോദരിയോട് പറഞ്ഞിരുന്നു. മായയുടെ ഫോണ്‍ പരിശോധിച്ച പൊലീസിന് ആരവുമായി മണിക്കൂറുകള്‍ കോളുകള്‍ വഴിയും ചാറ്റുകള്‍ വഴിയും സംസാരിച്ചെന്ന് കണ്ടെത്താനായി. ചില സമയത്ത് ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്നും ചാറ്റുകളിലൂടെ വ്യക്തമാകുന്നുണ്ട്. പരസ്പരമുള്ള അഭിപ്രായഭിന്നതയാണ് മായയുടെ കൊലപാതകത്തിന് കാരണെന്നാണ് വിലയിരുത്തല്‍. പിടിയിലായ ആരവ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. മായയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

ആരവിനെ കണ്ട ബെംഗളൂരു മജസ്റ്റിക് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ പരമാവധി സിസിടിവികള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇവിടെ വച്ചാണ് ആരവ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്. ഇന്നലെ കണ്ണൂരിലെ തോട്ടടയിലുള്ള ആരവിന്റെ വീട്ടിലെത്തിയ കര്‍ണാടക പൊലീസ് നിരാശരായി മടങ്ങിയിരുന്നു. മുത്തച്ഛന്‍ മാത്രമാണ് ആരവിന്റെ വീട്ടിലുണ്ടായിരുന്നത്. രാവിലെയാണ് പോലീസിനെ ആരവ് വിളിച്ചത്. 21 വയസ്സാണ് ആരവിനുള്ളത്. മായയ്ക്ക് 19 വയസ്സും എന്നാണ് സൂചന. താനുള്ള സ്ഥലത്തിന്റെ ഗൂഗിള്‍ ലൊക്കേഷനും ആരവ് തന്നെ കൈമാറിയെന്ന് സൂചനയുണ്ട്.

ആരവ് ഹാനോയ് പോലീസിനെ വിളിച്ച് കീഴടങ്ങാന്‍ തയ്യാറെന്ന് അറിയിച്ചു. ഇയാള്‍ ഉത്തരേന്ത്യയിലാണ് ഉള്ളതെന്നാണ് പൊലീസ് കരുതുന്നത്. ആരവിനെ അറസ്റ്റ് ചെയ്യാന്‍ പോലിസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. ലോക്കല്‍ പോലീസിനെയും വിവരമറിയിച്ചു. ഉടന്‍ ആരവിനെ കസ്റ്റഡിയില്‍ എടുത്തു. നവംബ 26-ന് രാവിലെ ആണ് ബെംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ടത്. കേസില്‍ മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണമെന്നും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താനാവില്ലെന്നും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന ബംഗളുരു ഈസ്റ്റ് ഡിസിപി ഡി ദേവരാജ് പറഞ്ഞിരുന്നു.

മായാ ഗൊഗോയിയെ ആരവ് ഹാനോയ് നേരത്തെ തന്നെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. മായയെ കൊല്ലണം എന്നുദ്ദേശിച്ച് തന്നെയാണ് ഇവരെയും കൊണ്ട് മുറിയെടുത്തതെന്നും പൊലീസ് പറഞ്ഞു. ഓണ്‍ലൈനില്‍ നൈലോണ്‍ കയര്‍ ഓര്‍ഡര്‍ ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി.കയര്‍ വാങ്ങിയതിന്റെ കവറും ബില്ലും സര്‍വീസ് അപ്പാര്‍ട്ട്‌മെന്റിലെ മുറിയില്‍ നിന്ന് കണ്ടെടുത്തു. കയര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് പിന്നാലെ ദേഹത്ത് കുത്തുകയായിരുന്നു.

മായയും ആരവും സുഹൃത്തുക്കളായിരുന്നെന്ന വിവരം അറിയാമായിരുന്നെന്ന് മായയുടെ കുടുംബം പൊലീസിന് മൊഴില്‍ നല്‍കി. ആരവിനെക്കുറിച്ച് വീട്ടില്‍ മായ പറയാറുണ്ടായിരുന്നെന്നും മായയുടെ സഹോദരി പൊലീസില്‍ മൊഴി നല്‍കി. ബ്യൂട്ടി കെയര്‍ വീഡിയോസ് പോസ്റ്റ് ചെയ്തിരുന്ന വ്‌ലോഗറാണ് കൊല്ലപ്പെട്ട മായ ഗോഗോയ്. അസം ഗുവാഹത്തിയിലെ കൈലാഷ് നഗര്‍ സ്വദേശിനിയാണ്. ബംഗളൂരുവിലെ ലീപ് സ്‌കോളര്‍ ഓവര്‍സീസ് എന്ന വിദേശ പഠന കണ്‍സള്‍ട്ടന്‍സിയില്‍ സ്റ്റുഡന്റ് കൗണ്‍സിലര്‍ ആയി ജോലി ചെയ്ത് വരികയായിരുന്നു ആരവ്. മായയെ കൊലപ്പെടുത്തിയശേഷം രണ്ട് ദിവസം ആരവ് യുവതിയുടെ മൃതദേഹമുള്ള മുറിയില്‍ കഴിഞ്ഞു.

കഴിഞ്ഞ ശനിയാഴ്ചയാണു മായയും ആരവ് ഹര്‍ണിയും അപ്പാര്‍ട്ട്മെന്റില്‍ ചെക്ക് ഇന്‍ ചെയ്തത്. ഞായറാഴ്ച ആരവ് മായയെ കൊലപ്പെടുത്തിയെന്നാണു പോലീസ് നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ആരവ് സംഭവസ്ഥലത്തുനിന്നു മടങ്ങിയത്. അതുവരെ ഇയാള്‍ മൃതദേഹത്തിനൊപ്പം അപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞതായാണു സൂചന.

Tags:    

Similar News