ഒമ്പതുവയസുകാരിയുടെ പിതാവ് ലക്ഷ്യം വച്ചത് താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ; സൂപ്രണ്ടിന് പകരം മുറിയിലുണ്ടായിരുന്ന ഡോ.വിപിനോട് കലി തീര്‍ത്തു; കുട്ടിക്ക് പനിയും ഛര്‍ദ്ദിയും മറ്റും ഉണ്ടായെങ്കിലും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിക്കുന്നതില്‍ കാലതാമസം ഉണ്ടായെന്ന് ബന്ധുക്കള്‍; ചികിത്സ വൈകിയതാണ് കുട്ടിയുടെ മരണകാരണമെന്നും ആരോപണം

ഒമ്പതുവയസുകാരിയുടെ പിതാവ് ലക്ഷ്യം വച്ചത് താമരശേരി താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ

Update: 2025-10-08 09:50 GMT

കോഴിക്കോട്: താമരശേരി താലൂക്ക് ആശുപത്രിയില്‍ ഒമ്പത് വയസുകാരിയുടെ പിതാവ് ലക്ഷ്യം വച്ചത് സൂപ്രണ്ടിനെ. ആ സമയത്ത് സൂപ്രണ്ട് മുറിയില്‍ ഉണ്ടായിരുന്നില്ല. ജൂനിയര്‍ ഡോക്ടര്‍ വിപിനാണ് അപ്പോള്‍ മുറിയിലുണ്ടായിരുന്നത്. മകളുടെ കാര്യം പറഞ്ഞ് തര്‍ക്കിക്കുകയും വടിവാള്‍ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.

വാളുമായി എത്തി 'എന്റെ മകളെ കൊന്നവനല്ലേ..' എന്ന് ആക്രോശിച്ചായിരുന്നു ആക്രമണം. ഡോക്ടര്‍ വിപിന്റെ തലയ്ക്കാണ് വെട്ടേറ്റത്. പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റി. സൂപ്രണ്ടിന്റെ ഓഫീസില്‍ വെച്ചാണ് വെട്ടിയത്.

രണ്ടു മക്കളുമായാണ് അക്രമി എത്തിയത്. കുട്ടികളെ പുറത്ത് നിര്‍ത്തിയാണ് സൂപ്രണ്ടിന്റെ റൂമിലെത്തിയത്. ചികിത്സയിലിരിക്കെ മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച ഒമ്പതുകാരിയുടെ പിതാവാണ് ഡോക്ടറെ വെട്ടി പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ അനയയുടെ പിതാവ് സനൂപിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

പനി, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനയയുടെ നില ഗുരുതരമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ച് മസ്തിഷ്‌കജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.

താമരശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ വൈകിയതാണ് അനയയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. രോഗം സ്ഥിരീകരിക്കുന്നതിലെ കാലതാമസവും, രോഗം മൂര്‍ച്ഛിച്ച് അപസ്മാരമുണ്ടായ ശേഷമാണ് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. അനയയുടെ സഹോദരനും സമാനമായ രോഗലക്ഷണങ്ങളുണ്ടായിരുന്നുവെങ്കിലും ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയിരുന്നു.

മരണ സര്‍ട്ടിഫിക്കറ്റില്‍ രോഗം വ്യക്തമാക്കാത്തതിലും ബന്ധുക്കള്‍ അതൃപ്തി അറിയിച്ചിരുന്നു. ഇതിനിടെ, കുടുംബത്തിന് നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് സനൂപ് ഡോക്ടര്‍ വി.പിനെ ആക്രമിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് താമരശേരി ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Tags:    

Similar News