'എം.കെ. ഗാന്ധി ഇന്ത്യക്കാര്‍ക്ക് മഹാത്മാവാണ്, പക്ഷേ ഞാനങ്ങനെ വിളിക്കില്ല' എന്ന് അംബേദ്ക്കര്‍ പറയാനുള്ള കാരണമെന്ത്? അദ്ദേഹം ശരിക്കും മതേതരവാദി ആയിരുന്നോ? ചാതുര്‍വര്‍ണ്യ വ്യവസ്ഥയോടുള്ള ഗാന്ധിജിയുടെ നിലപാടെന്തായിരുന്നു? ചിന്തകള്‍ക്ക് തീപ്പിടിപ്പിക്കാന്‍ സി രവിചന്ദ്രന്‍ കൊയിലാണ്ടിയില്‍

ചിന്തകള്‍ക്ക് തീപ്പിടിപ്പിക്കാന്‍ സി രവിചന്ദ്രന്‍ കൊയിലാണ്ടിയില്‍

Update: 2025-05-02 15:11 GMT

കോഴിക്കോട്: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെന്‍സ് ഗ്ലോബലിന്റെ ആഭിമുഖ്യത്തില്‍, കോഴിക്കോട് കൊയിലാണ്ടിയില്‍ ഈ മാസം 4ന് ഞായറാഴ്ച നടത്തുന്ന 'എവെയ്ക്ക്-25' സെമിനാറിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. കൊയിലാണ്ടി ടൗണ്‍ഹാളില്‍ ഉച്ചക്ക് 1.30 മുതല്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സ്വതന്ത്രചിന്തകനും എഴുത്തുകാരനുമായ സി രവിചന്ദ്രനടക്കമുള്ളവര്‍ പങ്കെടുക്കും.

പ്രസാദ് വേങ്ങര, മുഹമ്മദ് നസീര്‍, യാസിന്‍ ഒമര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രസന്റേഷനുകള്‍ അവതരിപ്പിക്കും. തുടര്‍ന്ന് 'ആവിഷ്‌കാര സ്വാതന്ത്ര്യവും സ്വതന്ത്ര സമൂഹവും' എന്ന വിഷയത്തില്‍ നടക്കുന്ന പാനല്‍ ചര്‍ച്ചയില്‍ കല്‍പ്പറ്റ നാരായണന്‍, എന്‍.വി. ബാലകൃഷ്ണന്‍, എം.റിജു എന്നിവര്‍ സംസാരിക്കും. സുരേഷ് ചെറൂളി മോഡറേറ്ററായിരിക്കും.

ഗാന്ധിജിയും മതേതരത്വവും

സെക്യൂലര്‍ ഗാന്ധി എന്ന വിവാദ വിഷയവുമായാണ് ഇത്തവണ രവിചന്ദ്രന്‍ എത്തുന്നത്. 'എം.കെ. ഗാന്ധി ഇന്ത്യക്കാര്‍ക്ക് മഹാത്മാവാണ്, പക്ഷേ ഞാനങ്ങനെ വിളിക്കില്ല, അതിന് കാരണങ്ങളുമുണ്ട് 'എന്ന് തറപ്പിച്ച് പറഞ്ഞത് ബി.ആര്‍ അബേദ്കറാണ്. അംബേദ്ക്കര്‍ അങ്ങനെ പറയാനുള്ള കാരണങ്ങള്‍ രവിചന്ദ്രന്‍ വിലയിരുത്തുന്നു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം വാങ്ങിത്തന്നത് ഗാന്ധി ആണ് എന്ന് വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ ഗാന്ധിയുടെ അടുത്ത ബന്ധുക്കള്‍ അദ്ദേഹത്തെ കുറിച്ച് എഴുതിയിട്ടുള്ള കാര്യങ്ങള്‍ പലപ്പോഴും ഈ സങ്കല്‍പ്പത്തെ ചോദ്യം ചെയ്യുന്നുണ്ട്. മൂത്തമകനായ ഹരിലാല്‍ ദശകങ്ങളോളം ഗാന്ധിയെ ശത്രുവിനെപ്പോലെയാണ് കണ്ടിട്ടുള്ളത്. പലപ്പോഴും ഹരിലാലിനെ തള്ളിപ്പറയാന്‍ ഗാന്ധിയും മറന്നിട്ടില്ല. ഗാന്ധിയുടെ കൊച്ചുമകനായ തുഷാര്‍ ഗാന്ധി എഴുതിയ 'ലെറ്റ്സ് കില്‍ ഗാന്ധി' പുസ്തകത്തില്‍ ഗാന്ധി നടത്തിയിട്ടുള്ള വഴിവിട്ട മതപ്രീണനങ്ങളും മതേതരവിരുദ്ധ പ്രവര്‍ത്തികളും പച്ചയായ ജനാധിപത്യവിരുദ്ധതയും തുറന്നുകാട്ടുന്നുണ്ട്.



മറ്റൊരു കൊച്ചുമകനായ രാജ്‌മോഹന്‍ ഗാന്ധിയുടെ 'ദ മാന്‍, ഹിസ് പീപ്പിള്‍ ആന്‍ഡ് ദ എംപയര്‍' എന്ന പുസ്തകം ഗാന്ധിയിലെ ഏകാധിപതിയെ തുറന്നുകാട്ടുന്നു. കൊച്ചുമകനും മുന്‍ ബംഗാള്‍ ഗവര്‍ണറും ആയിരുന്ന ഗോപാലകൃഷ്ണ ഗാന്ധി, ഗാന്ധിയെ കുറിച്ച് പറയുന്ന പല കാര്യങ്ങളും അത്ര സുഖകരമല്ല. ചാതുര്‍വര്‍ണ്യ വ്യവസ്ഥയോടുള്ള താല്‍പ്പരര്യം, കുടുംബത്തോടുള്ള അവഗണന, ലൈംഗികപരീക്ഷണങ്ങള്‍, ചെലവ് ഏറെ വേണ്ടി വന്ന ലാളിത്യപ്രകടനങ്ങള്‍, അതിന് കുടുംബാംഗങ്ങള്‍ കൊടുക്കേണ്ടിവന്ന വില.. ഇവയെക്കുറിച്ചൊക്കെ ഗോപാലകൃഷ്ണ ഗാന്ധി എഴുതുന്നുണ്ട്. മറ്റൊരു കൊച്ചു മകനായ അരുണ്‍ഗാന്ധി രചിച്ച 'ദ ഗിഫ്ററ്റ് ഓഫ് ആംഗര്‍' വായിച്ചാല്‍ നമ്മുടെ മനസ്സിലുള്ള സൗമ്യനായ ഗാന്ധി അപ്രത്യക്ഷനാകും.

മറ്റൊരു കൊച്ചുമകളായ ഇള മക്കളോടോ ഭാര്യയോടോ യാതൊരു വൈകാരികബന്ധവും കാണിക്കാത്ത ഗാന്ധി ആഭയോടും മനുവിനോടും കാണിച്ചിരുന്ന വൈകാരിക വൈകല്യങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്നു. രാജ്യം നിര്‍ണായകമായ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴും ഗാന്ധിജി ഏകാധിപത്യപരമായി പെരുമാറിയിട്ടുണ്ട്. അതില്‍ പലതും ഇന്ത്യയ്ക്ക് ഇന്ത്യക്കാര്‍ക്കോ എതിരായ നിലപാടുകളാണെന്ന ആക്ഷേപം ഉയരാറുണ്ട്. മറ്റൊരു കൊച്ചുമകള്‍ ആയ ഉമ ദുഫാലിയ എഴുതിയ പുസ്തകമാണ് 'ഗാന്ധീസ് പ്രസണര്‍'. സ്വന്തം മുത്തച്ഛനായ മണിക് ലാല്‍ ഗാന്ധിയെ ഒരു തടവുകാരനെ പോലെ ആണ് എം.കെ.ഗാന്ധി കണ്ടിട്ടുള്ളതെന്ന് ഉമ വേദനയോടെ സ്മരിക്കുന്നു. ഉഷ തക്കുര്‍ ഗാന്ധി എഴുതിയ ' ദ വുമണ്‍ ഇന്‍ ദ ടൈം ഓഫ് ഗാന്ധി' വായിച്ചാല്‍ ഗാന്ധി എന്ന കനകവിഗ്രഹം ഉടഞ്ഞുപോകും. സ്ത്രീകളുമായി അദ്ദേഹം നടത്തിയിട്ടുള്ള പരീക്ഷണങ്ങള്‍, അതിനുവേണ്ടി ആ സ്ത്രീകള്‍ നേരിടേണ്ടി വന്ന സഹനങ്ങള്‍, ഗാന്ധിയെ മഹാന്‍ ആക്കാന്‍ വേണ്ടി കസ്തൂര്‍ബ സഹിക്കേണ്ടിവന്ന സാഹചര്യങ്ങള്‍, അങ്ങനെ പല വസ്തുതകളിലൂടെയും ഉമ കടന്നുപോകുന്നു.

ഇതൊക്കെ അടുത്ത ബന്ധുക്കളും വിമര്‍ശകരും ഉന്നയിക്കുന്ന വ്യക്തിപരമായ കാര്യങ്ങളായി മാറ്റിവെച്ച് ഗാന്ധിയുടെ പ്രധാന സംഭാവനകളായി കരുതപെടുന്ന അഹിംസാവാദം, മതേതരത്വം, മതമൈത്രി തുടങ്ങിയ കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. ഗാന്ധിജി മതേതരവാദി ആയിരുന്നുവെന്ന് ആഴത്തില്‍ വിശ്വസിക്കുന്നവവരുണ്ട്. ഗാന്ധിയെന്ന് കേള്‍ക്കുമ്പോള്‍ പലര്‍ക്കും ഓര്‍മ്മ വരുന്നത് സെക്കുലറിസം, മതസൗഹാര്‍ദ്ദം, ഈശ്വര്‍-അള്ളാ എന്നൊക്കെയുള്ള പദങ്ങളാണ്. എന്താണ് ഗാന്ധിയും മതേതരത്വവുമായുള്ള ബന്ധം? ഈ വിഷയമാണ് രവിചന്ദ്രന്‍ പരിശോധിക്കുന്നത്.

Tags:    

Similar News