കയ്യില്‍ കിട്ടിയ അധികാരം ഉപയോഗിച്ച് കസ്റ്റഡിയില്‍ കിട്ടിയവനെ മര്‍ദ്ദിക്കുന്ന കുട്ടന്‍ പിള്ളമാരില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍; പോലീസിന്റെ പേര് കളയുന്ന ജോര്‍ജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവര്‍; രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രശാന്ത് ബ്രോ; അശോകനില്‍ പിഴച്ചത് എങ്ങനെ?

Update: 2025-09-10 08:28 GMT

തിരുവനന്തപുരം: ഡോ.ബി.അശോകിന്റെ ട്രാന്‍സ്ഫര്‍ ഉത്തരവില്‍ വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമുണ്ട് എന്ന് ഏതൊരു ഐഎഎസ് ഉദ്യോഗസ്ഥനും ഒറ്റവായനയില്‍ മനസ്സിലാവുമെന്ന വിമര്‍ശനവുമായി എന്‍ പ്രശാന്ത് ഐഎഎസ്. ഡോ. ജയതിലക് എന്ന ജോര്‍ജ്ജ് സാര്‍ എന്ന പരിഹാസവുമായാണ് ഫെയ്‌സ് ബുക്ക് പോസ്റ്റ് തുടങ്ങുന്നന്നത്. ഒന്നുകില്‍ അശേഷം നിയമ പരിജ്ഞാനമോ ബേസിക് അറിവോ ഇല്ലാത്ത വ്യക്തി, അല്ലെങ്കില്‍ നിയമവ്യവസ്ഥയോട് പുച്ഛം മാത്രമുള്ള വ്യക്തി- രണ്ടിലൊരാള്‍ക്കേ ഇപ്രകാരം പ്രവര്‍ത്തിക്കാനാവൂ. എണ്ണി നോക്കിയപ്പോള്‍ 7 ല്‍ അധികം റൂളുകള്‍ വ്യക്തമായി ലംഘിക്കപ്പെട്ടിരിക്കുന്നു. അതിപ്പൊ കോടതിയും വ്യക്തമാക്കിയല്ലോ. കേസ് കോടതിയിലായത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ലെന്നും പ്രശാന്ത് വിശദീകരിക്കുന്നു. സസ്‌പെന്‍ഷനിലാണ് പ്രശാന്തുളളത്. ജയതിലകിനെതിരായ വിമര്‍ശനങ്ങളുടെ പേരിലാണ് സസ്‌പെന്‍ഷന്‍. അത് ഇപ്പോഴും തുടരുന്നു.

ജോലിയിലോ സര്‍ക്കാര്‍ ഫയലുകളോ ശ്രദ്ധിക്കുന്നതിന് പകരം അധികാര സ്ഥാനത്തിരിക്കുന്നവരെ അവരുടെ ഭൃത്യനെപ്പോലെ വിധേയനായി സദാ കൂടെ നടന്ന് മണിയടിച്ച് 'ജീവിത വിജയം' നേടുന്നവരുടെ രീതിയാണിത്. കയ്യില്‍ കിട്ടിയ അധികാരമുപയോഗിച്ച് കസ്റ്റഡിയില്‍ കിട്ടിയവനെ മര്‍ദ്ദിക്കുന്ന കുട്ടന്‍ പിള്ളമാരില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നില്ല എന്ന് മാത്രമല്ല അധികാരം കീഴുദ്യോഗസ്ഥര്‍ക്കും പൗരന്മാര്‍ക്കും എതിരെ ഉപയോഗിക്കുന്നതില്‍ 'സാഡിസ്റ്റിക് പ്ലെഷര്‍' കണ്ടെത്തുവരാണിവര്‍. പോലീസിന്റെ പേര് കളയുന്ന ജോര്‍ജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ.ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവരാണെന്നും പ്രശാന്ത് പറയുന്നു. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ നിയമം ലംഘിച്ചതിന് കോടതി പലതവണ കയ്യോടെ പൊക്കിയ ഉദ്യോഗസ്ഥന് പട്ടും വളയും മാത്രമല്ല, അടുത്ത നിയമലംഘനം നടത്താനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ടോ? ഡോ.ജയതിലക് എന്ന വ്യക്തി ചീഫ് സെക്രട്ടറി പദവിയിലിരുന്ന് കാട്ടിക്കൂട്ടുന്നതൊക്കെ സ്വന്തം നിലയ്ക്കാണോ? ഈ ഫയല്‍ പൊതുജനമധ്യത്തില്‍ വരേണ്ടതാണ്-ഇതാണ് പ്രശാന്ത് പറയുന്നത്.

ഐപിഎസ് അസോസിയേഷന്റെ പ്രസിഡന്റ് യോഗേഷ് ഗുപ്തയും ഐഎഎസ് അസോസിയേഷന്‍ പ്രസിഡന്റായ ബി.അശോകും സര്‍ക്കാര്‍ സംവിധാനത്തിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുന്നത്. കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ഡോ.ബി.അശോകിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായി നിയമിച്ചത് സ്റ്റേ ചെയ്ത ട്രൈബ്യൂണല്‍, യോഗേഷ് ഗുപ്ത വിഷയത്തിലും സര്‍ക്കാര്‍ നടപടികള്‍ ചോദ്യം ചെയ്തു. തന്നെ കേഡര്‍ തസ്തികയില്‍നിന്ന് ഒഴിവാക്കാനാണ് സര്‍ക്കാര്‍ നിരന്തരം ശ്രമിക്കുന്നതെന്നാണു ബി.അശോക് പരാതിപ്പെടുന്നത്. അശോകിനെ തൊട്ട സര്‍ക്കാരിനു രണ്ടാംവട്ടമാണ് നാണംകെട്ട തിരിച്ചടി നേരിടേണ്ടിവന്നിരിക്കുന്നത്. സിവില്‍ സര്‍വീസ് ചട്ടങ്ങള്‍ പാലിക്കാതെ സ്വീകരിക്കുന്ന പ്രതികാരനടപടികള്‍ തുടര്‍ച്ചയായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനു മുന്നിലെത്തുമ്പോള്‍ പൊളിഞ്ഞടുങ്ങുന്ന സ്ഥിതിയാണുള്ളത്. കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് തദ്ദേശ സ്വയംഭരണ പരിഷ്‌കാര കമ്മിഷന്റെ അധ്യക്ഷസ്ഥാനത്തേക്കു മാറ്റിയത് സംബന്ധിച്ച് അശോക് ട്രൈബ്യൂണലിനെ സമീപിക്കുകയും ട്രൈബ്യൂണല്‍ ഈ ഉത്തരവ് റദ്ദാക്കുകയും ചെയ്തിരുന്നു. ഇത്തവണ അശോകിനെ കേരള ട്രാന്‍സ്പോര്‍ട്ട് ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പറേഷന്‍ ചെയര്‍മാനായാണ് മാറ്റിയത്. എന്നാല്‍ കോര്‍പ്പറേഷന്റെ നിയമാവലിയില്‍ പറയുന്നതിനു കടകവിരുദ്ധമായാണു നിയമനം നടത്തിയതെന്നു ചൂണ്ടിക്കാട്ടി അശോക് നിയമനടപടി സ്വീകരിച്ചതോടെ സര്‍ക്കാര്‍ നീക്കം പാളി.

കോര്‍പ്പറേഷനില്‍ ഡയറക്ടര്‍ നിയമനം നടത്താനുള്ള അധികാരം ഗവര്‍ണര്‍ക്കാണുള്ളതെന്നു ഗവര്‍ണര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകനും ട്രൈബ്യൂണലിനെ അറിയിച്ചു. കോര്‍പ്പറേഷന്റെ ഡയറക്ടര്‍മാരെ നിയമിക്കേണ്ടത് ഗവര്‍ണറാണ്. ഈ ഡയറക്ടര്‍മാരില്‍നിന്ന് ഒരാളെ ഗവര്‍ണറുടെ അംഗീകാരത്തോടെ ചെയര്‍മാനായി നോമിനേറ്റ് ചെയ്യാനുള്ള അധികാരം ഡയറക്ടര്‍ ബോര്‍ഡിനാണ്. അശോക് കോര്‍പ്പറേഷനില്‍ ഡയറക്ടര്‍ അല്ല. അദ്ദേഹത്തെ ഡയറക്ടര്‍ ബോര്‍ഡ് നോമിനേറ്റ് ചെയ്തിട്ടുമില്ല. ഈ ചട്ടങ്ങള്‍ ഒന്നും പാലിക്കാതെയാണ് തന്നെ ചെയര്‍മാനായി നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നതെന്നാണ് അശോക് ട്രൈബ്യൂണലില്‍ വാദിച്ചത്. ഇത് അംഗീകരിച്ച് സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യുന്നുവെന്നാണു ട്രൈബ്യൂണലിന്റെ ഉത്തരവില്‍ പറയുന്നത്. നിലവിലെ തസ്തികയില്‍ അശോകിനു തുടരാമെന്നും ഉത്തരവ് വ്യക്തമാക്കിയിട്ടുണ്ട്. സ്ഥാനമാറ്റം സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ച സര്‍ക്കാര്‍ നടപടിക്രമവും ട്രൈബ്യൂണല്‍ ചോദ്യം ചെയ്തിട്ടുണ്ട്. 16നാണ് കേസ് വീണ്ടും പരിഗണിക്കുന്നത്. ഈ വിഷയമാണ് പ്രശാന്ത് തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ വിഷയമാക്കുന്നത്.

പ്രശാന്തിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഡോ. ജയതിലക് എന്ന ജോര്‍ജ്ജ് സാര്‍

ഡോ.ബി.അശോകിന്റെ ട്രാന്‍സ്ഫര്‍ ഉത്തരവില്‍ വിവിധ നിയമങ്ങളുടെയും ചട്ടങ്ങളുടെയും നഗ്‌നമായ ലംഘനമുണ്ട് എന്ന് ഏതൊരു IAS ഉദ്യോഗസ്ഥനും ഒറ്റവായനയില്‍ മനസ്സിലാവും. ഒന്നുകില്‍ അശേഷം നിയമ പരിജ്ഞാനമോ ബേസിക് അറിവോ ഇല്ലാത്ത വ്യക്തി, അല്ലെങ്കില്‍ നിയമവ്യവസ്ഥയോട് പുച്ഛം മാത്രമുള്ള വ്യക്തി- രണ്ടിലൊരാള്‍ക്കേ ഇപ്രകാരം പ്രവര്‍ത്തിക്കാനാവൂ. എണ്ണി നോക്കിയപ്പോള്‍ 7 ല്‍ അധികം റൂളുകള്‍ വ്യക്തമായി ലംഘിക്കപ്പെട്ടിരിക്കുന്നു. അതിപ്പൊ കോടതിയും വ്യക്തമാക്കിയല്ലോ. കേസ് കോടതിയിലായത് കൊണ്ട് കൂടുതലൊന്നും പറയുന്നില്ല.

ജോലിയിലോ സര്‍ക്കാര്‍ ഫയലുകളോ ശ്രദ്ധിക്കുന്നതിന് പകരം അധികാര സ്ഥാനത്തിരിക്കുന്നവരെ അവരുടെ ഭൃത്യനെപ്പോലെ വിധേയനായി സദാ കൂടെ നടന്ന് മണിയടിച്ച് 'ജീവിത വിജയം' നേടുന്നവരുടെ രീതിയാണിത്. അവര്‍ക്ക് നിയമമൊന്നും ബാധകമല്ല. ഡോ.ജയതിലകിനെ വിമര്‍ശിച്ചാല്‍ 'പ്രശാന്തിനെ സസ്‌പെന്റ് ചെയ്ത പോലെ' നടപടിയെടുക്കും എന്ന് ജൂനിയര്‍ ഉദ്യോഗസ്ഥരെ ഒരുന്നതന്‍ മീറ്റിങ്ങിനിടെ വിരട്ടിയത് സെക്രട്ടേറിയറ്റ് സ്റ്റാഫ് പറഞ്ഞറിഞ്ഞു. അധികാര സ്ഥാനങ്ങള്‍ പകയും വിദ്വേഷവും തീര്‍ക്കാനും മറ്റുള്ളവരെ ഉപദ്രവിക്കാനുമാണെന്ന് വിശ്വസിക്കുന്നവരാണിത്. ചട്ടങ്ങള്‍ ഉദ്ധരിച്ച് സ്വന്തം അഭിപ്രായം പറയുന്നവരെയൊക്കെ ഇനിയും പലവിധ കേസുകളില്‍ കുടുക്കുമത്രെ!

കയ്യില്‍ കിട്ടിയ അധികാരമുപയോഗിച്ച് കസ്റ്റഡിയില്‍ കിട്ടിയവനെ മര്‍ദ്ദിക്കുന്ന കുട്ടന്‍ പിള്ളമാരില്‍ നിന്ന് ഒരു തരത്തിലും വ്യത്യസ്തരല്ല ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്നില്ല എന്ന് മാത്രമല്ല അധികാരം കീഴുദ്യോഗസ്ഥര്‍ക്കും പൗരന്മാര്‍ക്കും എതിരെ ഉപയോഗിക്കുന്നതില്‍ 'സാഡിസ്റ്റിക് പ്ലെഷര്‍' കണ്ടെത്തുവരാണിവര്‍. പോലീസിന്റെ പേര് കളയുന്ന ജോര്‍ജ്ജ് സാറന്മാരും ബ്യൂറോക്രസിയിലെ ഡോ.ജയതിലകന്മാരും തുറന്ന് കാട്ടപ്പെടേണ്ടവരാണ്. ഇവര്‍ക്കെതിരെ സംസാരിക്കുക എന്നത് പൗരധര്‍മ്മമാണ്. ഇത്രയൊക്കെ നഗ്‌നമായ നിയമലംഘനങ്ങള്‍ പുറത്ത് വന്നിട്ടും ഇതൊക്കെ IAS ലെ 'തൊഴുത്തില്‍ കുത്താണെന്നും പടലപ്പിണക്കമാണെന്നും' തലക്കെട്ട് ചമച്ച് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന പ്രബുദ്ധ കേരളത്തിലെ പൊതുപ്രവര്‍ത്തകരും മാധ്യമങ്ങളുമാണ് യഥാര്‍ത്ഥ ട്രാജഡി! ചീഫ് സെക്രട്ടറി പദവിയിലിരിക്കുന്ന വ്യക്തിയുടെ, ഇതുവരെ പുറത്ത് വന്ന നിയമലംഘനങ്ങളുടെ പട്ടിക എടുത്താല്‍ ഇന്ന് മാധ്യമങ്ങള്‍ ഘോരഘോരം ചര്‍ച്ച ചെയ്യുന്ന ഏത് ഇടിയന്‍ പോലീസിനെക്കാളും വരും! ഇരകളുടെ എണ്ണമെടുത്താല്‍ ഞെട്ടും. ഇത്തരക്കാര്‍ സര്‍വ്വീസില്‍ തുടരുന്നത് നാടിന് തന്നെ ആപത്താണ്.

നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പ്രവര്‍ത്തിച്ചാല്‍ സാധാരണക്കാര്‍ക്കെതിരെ കേസെടുക്കും, നടപടിയുണ്ടാവും. സര്‍ക്കാര്‍ സര്‍വ്വീസിലിരിക്കെ നിയമം ലംഘിച്ചതിന് കോടതി പലതവണ കയ്യോടെ പൊക്കിയ ഉദ്യോഗസ്ഥന് പട്ടും വളയും മാത്രമല്ല, അടുത്ത നിയമലംഘനം നടത്താനുള്ള സാഹചര്യവും ഒരുക്കേണ്ടതുണ്ടോ? ഡോ.ജയതിലക് എന്ന വ്യക്തി ചീഫ് സെക്രട്ടറി പദവിയിലിരുന്ന് കാട്ടിക്കൂട്ടുന്നതൊക്കെ സ്വന്തം നിലയ്ക്കാണോ? ഈ ഫയല്‍ പൊതുജനമധ്യത്തില്‍ വരേണ്ടതാണ്.

Tags:    

Similar News