ടിടിസി- ബിഎഡ് കോഴ്സുകള്‍ നിര്‍ത്തലാക്കുന്നു; ബിഎഡ് ഇനി നാലുവര്‍ഷത്തെ ഡിഗ്രി കോഴ്സായി ആര്‍ട്‌സ് കോളേജുകളില്‍ പഠിക്കാം; ടിടിസിക്ക് പകരം ബിഎഡിന്റെ വകഭേദങ്ങള്‍ പഠിച്ച് പ്രൈമറി ക്ളാസ്സുകളിലും അധ്യാപകരാവാം; ടിടിസി- ബിഎഡ് കോളേജുകള്‍ പൂട്ടും

Update: 2024-11-28 01:46 GMT

തിരുവനന്തപുരം: ടിടിസി- ബിഎഡ് കോഴ്സുകള്‍ ഇനി ഉണ്ടാകില്ല. ബിഎഡ് ഇനി നാലുവര്‍ഷത്തെ ഡിഗ്രി കോഴ്സായി ആര്‍ട്‌സ് കോളേജുകളില്‍ പഠിക്കാവുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറും. ഇതിനൊപ്പം ടിടിസിക്ക് പകരം ബിഎഡിന്റെ വകഭേദങ്ങള്‍ പഠിച്ച് പ്രൈമറി ക്ളാസ്സുകളിലും അധ്യാപകരാവാം. ഫലത്തില്‍ കേരളത്തിലെ ടിടിസി- ബിഎഡ് കോളേജുകള്‍ പൂട്ടും. ഇവിടെയുള്ള അധ്യാപകര്‍ക്ക് ജോലി നഷ്ടവുമുണ്ടാകും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ കേരളത്തില്‍ നിരവധി ടിടിസി- ബിഎഡ് കോളേജുകളുണ്ട്. ഇവിടുത്തെ അധ്യാപകരാകും ഈ തീരുമാനത്തിലൂടെ പ്രതിസന്ധിയിലാകുക. പ്രൊഫ.മോഹന്‍ ബി.മേനോന്‍ അദ്ധ്യക്ഷനായ കരിക്കുലംകമ്മിറ്റി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവിന് കൈമാറിയിട്ടുണ്ട്. ഇത് സര്‍ക്കാര്‍ അംഗീകരിക്കുമെന്നാണ് സൂചന.

2030 മുതല്‍ നാലുവര്‍ഷ ബി.എഡ് മാത്രമേ ഉണ്ടാവൂ. ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമാണ് ഈ മാറ്റം. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള ബി.എഡ് കോഴ്‌സ് അടുത്തവര്‍ഷം മുതല്‍ നാലുവര്‍ഷ പ്രൊഫണല്‍ കോഴ്‌സാവും. എന്‍ജിനിയറിംഗ്, മെഡിക്കല്‍ കോഴ്‌സുകള്‍ പോലെ അദ്ധ്യാപനമേഖലയും പ്രൊഫഷണലാക്കുന്നതിന്റെ ഭാഗമാണിത്. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുകളിലാണ് ബിരുദപഠനം കൂടി ചേര്‍ത്തുള്ള കോഴ്‌സ്. യോഗത്യ പ്ലസ്ടു. നാലുവര്‍ഷ ബി.എഡിന്റെ ആദ്യ ബാച്ച് പുറത്തുവരുന്നതോടെ നിലവിലുള്ള ബി.എഡ് കോഴ്‌സ് ഇല്ലാതാവും. എല്‍.പി, യു.പി സ്‌കൂള്‍ അദ്ധ്യാപകരാവാനുള്ള രണ്ടുവര്‍ഷത്തെ ടി.ടി.സി കോഴ്‌സ് അടുത്ത വര്‍ഷം നിറുത്തും. നീറ്റ് മാതൃകയില്‍ നാഷണല്‍ ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിലൂടെയായിരിക്കും പ്രവേശനം. ഫീസ് സര്‍ക്കാര്‍ നിശ്ചയിക്കും.

ബി.എ, ബി.എസ്സി, ബികോം എന്നിങ്ങനെ മൂന്നു സ്ട്രീമുകള്‍ക്കൊപ്പമാവും നാലുവര്‍ഷ ബി.എഡും വകും. ആദ്യവര്‍ഷം മുതല്‍ നിശ്ചിത ക്രെഡിറ്റ് അദ്ധ്യാപക പരിശീലനത്തിനായിരിക്കും. നാലുവര്‍ഷവും വിജയിക്കുമ്പോള്‍ ബിരുദത്തിനൊപ്പം ബി.എഡും ലഭിക്കും. മൂന്നുവര്‍ഷം പൂര്‍ത്തിയാക്കി കോഴ്‌സ് മതിയാക്കാം. പക്ഷേ, ബി.എഡ് ലഭിക്കില്ല, ബിരുദം മാത്രം കിട്ടും. 6000 ബി.എഡ് സീറ്റുകളാണ് 188 ട്രെയിനിംഗ് കോളേജുകളിലായി നിലവിലുള്ളത്. അതായത് 188 കോളേജുകളിലെ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പണി പോകുന്ന അവസ്ഥയില്‍ കാര്യങ്ങളെത്തിക്കും.

ദേശീയ വിദ്യാഭ്യാസ നയം മാറ്റത്തിന് വഴിയൊരുക്കി

ബിരുദപഠനംകൂടി ചേര്‍ത്ത നാലുവര്‍ഷ ബി.എഡ്. കോഴ്സാണ് രാജ്യത്ത് വേണ്ടതെന്ന് ദേശീയ വിദ്യാഭ്യാസനയത്തില്‍ ശുപാര്‍ശചെയ്യുന്നുണ്ട്. 2030 മുതല്‍ ഈ ബി.എഡ്. മാത്രമേ രാജ്യത്ത് ഉണ്ടാകാന്‍ പാടുള്ളൂ എന്നാണ് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്റെ നിര്‍ദേശം. രാജ്യത്തെ സര്‍വകലാശാലകളാണ് നാലു വര്‍ഷ ബി.എഡ്. കോഴ്സ് നടത്തേണ്ടത്. സംസ്ഥാനത്ത് ഒരു സര്‍വകലാശാലയിലും നാലുവര്‍ഷ ബി. എഡ്. തുടങ്ങിയിട്ടില്ല. എന്നാല്‍, കേന്ദ്രസര്‍വകലാശാല കാസര്‍കോട് കാമ്പസ്, കോഴിക്കോട് എന്‍.ഐ.ടി. എന്നിവിടങ്ങളില്‍ ഈ കോഴ്സ് തുടങ്ങി. എന്‍.സി.ടി.ഇ. തയ്യാറാക്കിയ കരടുപാഠ്യപദ്ധതിയെ അടിസ്ഥാനമാക്കി സിലബസ് ഉണ്ടാക്കിയാണ് ഈ സ്ഥാപനങ്ങള്‍ കോഴ്സുകള്‍ തുടങ്ങിയത്. എന്‍.സി.ടി.ഇ.യുടെ അനുമതിയോടെയാണിത്.

നിലവില്‍ കോഴിക്കോട് എന്‍.ഐ.ടി, കാസര്‍കോട് കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളില്‍ നാലുവര്‍ഷ ബി.എഡുണ്ട്. എന്‍.ഐ.ടിയില്‍ വാര്‍ഷികഫീസ് ഒരുലക്ഷം രൂപയാണ്. മികച്ച നാക് ഗ്രേഡുള്ള കോളേജുകളില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എഡ്യൂക്കേഷനായിരിക്കും (എന്‍.സി.ടി.ഇ) കോഴ്‌സ് അനുവദിക്കുക. നിലവില്‍ ബി.എഡ് കോഴ്‌സുള്ള ട്രെയിനിംഗ് കോളേജുകളില്‍ നാലുവര്‍ഷ ബി.എഡ് അനുവദിക്കില്ല. ഇതോടെ ഈ കോളേജുകളെല്ലാം പൂട്ടും.

വിദേശജോലിക്ക് നാലുവര്‍ഷ ബി.എഡ് ഗുണകരമാണെന്നാണ് വിലയിരുത്തല്‍. പല വിദേശരാജ്യങ്ങളിലും ഈ രീതിയാണുള്ളത്. അദ്ധ്യാപകരെല്ലാം ബിരുദം യോഗ്യതയുള്ളവരായതിനാല്‍ പഠനനിലവാരം കൂടുതല്‍ മെച്ചപ്പെടുമെന്നാണ് വിലയിരുത്തല്‍.

ടിടിസിയ്ക്ക് ഫൗണ്ടേഷന്‍

കേന്ദ്രപാഠ്യപദ്ധതിയുടെ ചുവടുപിടിച്ചുള്ള സിലബസ് വേണം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള സര്‍വകലാശാലകള്‍ ഉണ്ടാക്കുക.. കേന്ദ്ര ചട്ടക്കൂടില്‍നിന്ന് വേറിട്ടൊരു പാഠ്യപദ്ധതി നാലുവര്‍ഷ ബി.എഡിന് സ്വീകരിച്ചാല്‍ കോഴ്‌സിന്റെ രാജ്യവ്യാപകമായ അംഗീകാരത്തിന് പ്രശ്നം ഉണ്ടാകും. യു.ജി.സി. ഗ്രാന്റുകളേയും ബാധിക്കാനിടയുണ്ട്. പ്ലസ്ടു കഴിഞ്ഞ് നാലുവര്‍ഷംകൊണ്ട് ബിരുദവും ബി.എഡും കിട്ടുന്ന കോഴ്സാണ് ദേശീയ വിദ്യാഭ്യാസനയം മുന്നോട്ടുവെയ്ക്കുന്നത്. ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ എന്നാണ് കോഴ്സ് അറിയപ്പെടുക. ഫൗണ്ടേഷന്‍, പ്രിപ്പറേറ്ററി, മിഡില്‍, സെക്കന്‍ഡറി എന്നിങ്ങനെ നാലുവിഭാഗമാണ് ഇതില്‍ ഉള്ളത്.

നാലുവര്‍ഷ ബി.എഡില്‍ രണ്ട് മേജര്‍ കോഴ്‌സുകളുണ്ടാവും. ഒരെണ്ണം ടീച്ചര്‍ എഡ്യൂക്കേഷനായിരിക്കണം. രണ്ടാമത്തേത് ഇഷ്ടമുള്ള വിഷയമാകാം. സിലബസ് ലോകനിലവാരത്തില്‍ പരിഷ്‌കരിക്കും. പ്രൈമറി ടീച്ചര്‍ക്കും ബി.എഡ്എല്‍.കെ.ജി മുതല്‍ രണ്ടാം ക്ലാസ് വരെ അദ്ധ്യാപകരാവാന്‍ ഫൗണ്ടേഷന്‍, മൂന്നു മുതല്‍ അഞ്ചുവരെ ക്ലാസുകള്‍ക്ക് പ്രിപ്പറേറ്ററി, ആറു മുതല്‍ എട്ടുവരെ മിഡില്‍, ഒമ്പതു മുതല്‍ 12 വരെ സെക്കന്‍ഡറി എന്നിങ്ങനെ ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. ബി.എ, ബി.എസ്സി, ബികോം എന്നിവയില്‍ നാലുവീതം വിഭാഗങ്ങളിലായി 12 ഇനം കോഴ്‌സുകളുണ്ടാവും. ഏത് വിഭാഗത്തിലാണോ അദ്ധ്യാപകരാവേണ്ടത് അതിനനുസരിച്ച് ഓപ്ഷനുകള്‍ തിരഞ്ഞെടുക്കാം. സിലബസിലും പഠനരീതിയിലും വ്യത്യാസമുണ്ടാവും.

എം.ബി.ബി.എസ്, ബി.ടെക് പ്രവേശനത്തിന് അതതു വിഷയങ്ങളില്‍ സെക്കന്‍ഡറി യോഗ്യത മതി. എന്നാല്‍, അധ്യാപക ജോലിയില്‍ താല്‍പര്യമുള്ളവര്‍ ആര്‍ട്‌സ്, സയന്‍സ് അല്ലെങ്കില്‍ കോമേഴ്‌സ് വിഷയങ്ങളില്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയ ശേഷമാണ് ബി.എഡിന് പ്രവേശനം നേടുന്നത്. അഥവാ സ്‌കൂള്‍പഠനം കഴിഞ്ഞ് പിന്നെയും മൂന്നു മുതല്‍ അഞ്ചോ അതിലധികമോ വര്‍ഷം കഴിഞ്ഞ ശേഷം. നഴ്സറി, എലിമെന്ററി അധ്യാപകര്‍ മാത്രമാണ് ഇതിനൊരു അപവാദം. വൈകിയുള്ള പരിശീലനവും കാലദൈര്‍ഘ്യവും കുറഞ്ഞ വേതനവും ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ അധ്യാപകരംഗത്തോടുള്ള താല്‍പര്യം കുറയാന്‍ കാരണമാവുന്നു എന്നാണ് വിലയിരുത്തല്‍.

പരിശീലനം നേരത്തേയാക്കുന്നതിലൂടെ അധ്യാപകരുടെ കുറവുമൂലമുണ്ടാകുന്ന പ്രയാസം ദൂരീകരിക്കാന്‍ സാധിക്കും. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും നിലവാരം ഉയര്‍ത്താനും സഹായകമാകും.

Tags:    

Similar News