വിഷ്ണുവിന്റെ കൂട്ടാളിയായിരുന്ന ആളെ എന്തിന് ബാലഭാസ്‌കറിന്റെ ഡ്രൈവറാക്കി? ഈ ചോദ്യത്തിന് ഉത്തരം കിട്ടാതെ വയലിനിസ്റ്റിന്റെ മരണത്തിലെ ദുരൂഹത നീങ്ങില്ല; പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കടത്തിലെ അറസ്റ്റിലും 'ദൈവത്തിന്റെ കൈ'! ബാലുവിനെ തീര്‍ത്ത അപകടമുണ്ടാക്കിയ ഡ്രൈവര്‍ വീണ്ടും അറസ്റ്റില്‍; കുറിയേടത്തു മന അര്‍ജുനിലെ സൂചനയെ സിബിഐ മുഖവിലയ്ക്ക് എടുക്കണം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കര്‍ മലയാളിയുടെ മാറാത്ത ദുഖമാണ്. ആ വാഹനാപകടത്തിന് പിന്നില്‍ സ്വര്‍ണ്ണ കടത്ത് ലോബിയുണ്ടെന്ന ആരോപണം സജീവം. പക്ഷേ പോലീസോ സിബിഐയോ അതിന് പിറകെ പോകുന്നില്ല. ബാലഭാസ്‌കറിന്റേയും മകളുടേയും മരണം വെറും അപകടമാക്കുന്നു. അപകടത്തെ അതിജീവിച്ച ഭാര്യ ഇന്നും ഒന്നും പറയുന്നില്ല. എല്ലാം വെറും ആത്മഹത്യയാകുമ്പോഴായിരുന്നു തിരുവന്തപുരത്തെ നടുക്കിയ സ്വര്‍ണ്ണ കടത്ത് കേസ് എത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തില്‍ അച്ഛനും അമ്മയും ബന്ധുക്കലും സംശയിച്ചവരെല്ലാം ആ കേസില്‍ അകത്തായി. ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്റെ മൊഴിയെ വിശ്വാസത്തിലെടുത്ത് ആ കേസിനെ വെറു അപകടമാക്കി. അര്‍ജുന്റെ ക്രിമിനല്‍ ബന്ധങ്ങള്‍ ആരും കാര്യമായെടുത്തില്ല. ബാലുവിന്റെ അച്ഛനും അടുത്ത ബന്ധു പ്രിയാ വേണുഗോപാലും നിരന്തര പോരാട്ടം നടത്തി. സിബിഐയും ആ കേസില്‍ മതിയായ അന്വേഷണം നടത്തിയില്ല. സ്വര്‍ണ്ണ കടത്ത് സംഘങ്ങളുടെ രഹസ്യ നീക്കമാണ് ബാലഭാസ്‌കറിന്റെ മരണമെന്നതിന് ഇതാ മറ്റൊരു സൂചന കൂടി. ഈ സൂചനയെ സിബിഐ ഗൗരവത്തില്‍ എടുക്കണം. എങ്കില്‍ ബാലഭാസ്‌കറിന്റെ മരണത്തിലെ സത്യം പുറത്തു വരും.
പെരിന്തല്‍മണ്ണ സ്വര്‍ണാഭരണങ്ങളുമായി വീട്ടിലേക്കുപോവുകയായിരുന്ന ജൂവലറി ഉടമകളെ ആക്രമിച്ച് മൂന്നരക്കിലോ സ്വര്‍ണംകവര്‍ന്ന കേസില്‍ ആസൂത്രകനടക്കം ഒമ്പതുപേര്‍ കൂടി അറസ്റ്റിലാകുമ്പോള്‍ അതിലൊരാള്‍ ബാലുവിന്റെ അപകടമുണ്ടാക്കിയ കാറോട്ടിച്ച അര്‍ജുനാണ്. കൊലക്കേസ് പ്രതി ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ ഉള്‍പ്പെട്ടവരടങ്ങുന്ന സംഘമാണു പെരിന്തല്‍മണ്ണയില്‍ കുടുങ്ങിയത്. കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയും നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊലപാതകക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയും ചെയ്യുന്ന മൂരിയാട് പവിത്രത്തില്‍ വിപിന്‍ (36), താമരശ്ശേരി അടിവാരം ആലംപടി ഷിഹാബുദീന്‍ (28), താമരശ്ശേരി അടിവാരം പുത്തന്‍വീട്ടില്‍ അനസ് (27), പിണറായി എരുവെട്ടി സ്വദേശി കിഴക്കേപറമ്പത്ത് അനന്തു (28), തൃശ്ശൂര്‍ മണ്ണൂത്തി കോട്ടിയാട്ടില്‍ സലീഷ് (35), തൃശ്ശൂര്‍ കിഴക്കേകോട്ട കിഴക്കുംപാട്ടുകര സ്വദേശി പട്ടത്ത് മിഥുന്‍രാജ് എന്ന അപ്പു (37), തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുന്‍ (28), പീച്ചി കണ്ണാറ പായ്യാംകോട്ടില്‍ സതീഷ് (46), തൃശ്ശൂര്‍ കണ്ണാറ കഞ്ഞിക്കാവില്‍ ലിസണ്‍ (31) എന്നിവരെയാണ് കണ്ണൂര്‍, തൃശ്ശൂര്‍, താമരശ്ശേരി ഭാഗങ്ങളില്‍നിന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഞായറാഴ്ച രാത്രിയോടെ അറസ്റ്റുചെയ്തത്. കേസില്‍ ഇതുവരെ പിടിയിലായവരുടെ എണ്ണം 13 ആയി. അഞ്ച് പ്രതികളാണ് ഇനി പിടിയിലാവാനുള്ളത്. ഇതില്‍ തൃശ്ശൂര്‍ പാട്ടുരായ്ക്കല്‍ പറക്കോട്ടില്‍ ലൈനില്‍ കുറിയേടത്തു മന അര്‍ജുനാണ് ബാലഭാസ്‌കറിന്റെ അപകടമുണ്ടാക്കിയ വണ്ടിയുടെ ഡ്രൈവര്‍.
കാറോട്ടിച്ചത് ബാലഭാസ്‌കറാണെന്ന് വരുത്താന്‍ ശ്രമിച്ച വിരുതനായിരുന്നു അര്‍ജുന്‍. ബാലുവിന്റെ ഭാര്യയും മരണത്തിന് കീഴടങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആ മൊഴി. പക്ഷേ സംഭവിച്ചത് മറിച്ചായിരുന്നു. ബാലുവിന്റെ ഭാര്യ രക്ഷപ്പെട്ടു. അര്‍ജുനെതിരെ മൊഴി കൊടുത്തു. ഇതിന് ശേഷം ശാസ്ത്രീയ പരിശോധനകളിലൂടെ കാറോട്ടിച്ചത് അര്‍ജ്ജുനാണെന്ന് കണ്ടെത്തി. പാലക്കാട്ടെ ആയുര്‍വേദ ആശുപത്രി നടത്തിപ്പുകാരുടെ ബന്ധുവായിരുന്നു അര്‍ജുന്‍. ഇവരാണ് അര്‍ജുനെ ബാലുവിന്റെ ഡ്രൈവറാക്കിയത്. തീര്‍ത്തും ദൂരൂഹമായ ഇടപെടലും മൊഴി നല്‍കലുമാണ് ബാലുവിന്റെ മരണത്തിന് ശേഷം അര്‍ജുന്‍ നടത്തിയത്. എന്നാല്‍ അര്‍ജുന്‍ ക്രിമിനലേ അല്ലെന്നാണ് പോലീസ് അന്ന് പറഞ്ഞത്. ആ വിശുദ്ധനാണ് വീണ്ടും സ്വര്‍ണ്ണ കടത്തിന് ശ്രമിച്ച് അകത്താകുന്നത്. ഇതോടെ ബാലുവിന്റെ മരണത്തില്‍ വീണ്ടും സംശയം സജീവമാകുകയാണ്. ബാലുവിന്റെ മാനേജര്‍ അടക്കം സ്വര്‍ണ്ണ കടത്തില്‍ അകത്തായവരാണ്. ഇവരുടെ സ്വാധീനത്തിലാണ് അര്‍ജുന്‍ മൊഴി നല്‍കിയതെന്ന സംശയം മുമ്പേ ഉയര്‍ന്നിരുന്നു. ഈ ചര്‍ച്ച വീണ്ടും സോഷ്യല്‍ മീഡിയയില്‍ സജീവമാക്കുകയാണ് ബാലുവിന്റെ ബന്ധു പ്രിയാ വേണുഗോപാല്‍.
പ്രിയാ വേണുഗോപാലിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ചുവടെ
പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ച കേസ്. വാര്‍ത്തയില്‍ പത്ത് -പതിമൂന്ന് പേരുകളുണ്ട്. അതിനിടയില്‍ പരിചയമുള്ള പേരോരെണ്ണം കണ്ടുപിടിക്കാന്‍ പ്രയാസമാണ്. അല്ലെങ്കിലും സാധാരണക്കാര്‍ എത്രപേരാണ് വാര്‍ത്തകള്‍ മുഴുവനായും വായിക്കുന്നത്.
ആത്മാര്‍ത്ഥമായ, മറ്റു ഗൂഢലക്ഷ്യങ്ങളില്ലാത്ത ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസം എന്നേ ഇല്ലാതായി! മുഖ്യധാരാമാദ്ധ്യമങ്ങള്‍ക്കാണെങ്കില്‍ വാര്‍ത്ത കണ്ടുപിടിച്ചുകൊടുത്ത് പേര് ചൂണ്ടിക്കാണിച്ചുകൊടുത്താലും കണ്ണിനുപിടിക്കുകയുമില്ല.
പറഞ്ഞുവരുന്നത്, 2019 ല്‍ സ്വര്‍ണ്ണക്കള്ളക്കടത്തു കേസ് പുറത്തുവരുമ്പോള്‍ ബാലുച്ചേട്ടന്റെ കേസില്‍ നട്ടംതിരിഞ്ഞുനിന്ന ഞങ്ങള്‍ക്കു മുന്നില്‍ അവിശ്വസനീയമാം വിധം നടന്ന ട്വിസ്റ്റുകള്‍ പോലെ ഇക്കഴിഞ്ഞ ദിവസം വന്നൊരു വാര്‍ത്തയാണ്!
മലപ്പുറം പെരിന്തല്‍മണ്ണ സ്വര്‍ണ്ണക്കവര്‍ച്ചാക്കേസില്‍ പിടിയിലായ 13 പേരില്‍ ഒരു പരിചിത മുഖവും പേരും.. തൃശ്ശൂര്‍ കുറിയേടത്തുമനയില്‍ അര്‍ജ്ജുന്‍!
'പാവം നമ്പൂരിപ്പയ്യന്‍', 'അവനങ്ങനെ സ്വയം ആക്സിഡന്റ് ഉണ്ടാക്കി സ്വന്തം ജീവന്‍ റിസ്‌ക് ചെയ്യുമോ?', 'അവന് ഒരല്‍പ്പം ഓര്‍മ്മക്കുറവിന്റെ പ്രശ്‌നമുണ്ട്, പഴയ കേസുകളൊന്നും അത്ര പ്രശ്‌നമല്ല', 'എടിഎം കവര്‍ച്ചയും വീടാക്രമിച്ച കേസുമൊക്കെ ഉള്ളതാ, പക്ഷെ അവനൊരു നിഷ്‌കളങ്കനാ കേട്ടോ..' ഈ വിശേഷണങ്ങളൊക്കെ ബാലുച്ചേട്ടന്റെ അന്നത്തെ യാത്രയില്‍ ഡ്രൈവര്‍ ആയി കൂടെക്കൂടിയ അര്‍ജ്ജുന് അന്നത്തെ ക്രൈം ബ്രാഞ്ച് DySP ഹരികൃഷ്ണന്‍ സ്‌നേഹവാത്സല്യങ്ങളോടെ നല്‍കിയതാണ്. ആ മനുഷ്യന്‍ മരിച്ചിട്ട് വര്‍ഷം 2 കഴിഞ്ഞിട്ടും ആത്മഹത്യയാണോ കൊലപാതകമാണോ എന്നൊന്നും ഉറപ്പില്ല!
ലോക്കല്‍ പോലീസ്, ക്രൈം ബ്രാഞ്ച് പിന്നെ വന്ന സിബിഐ ഒക്കെ അവസാനം നിവൃത്തികെട്ട് അവന്‍ തന്നെയാണ് വണ്ടി ഓടിച്ചത് എന്ന് തെളിയിച്ചു വച്ചെങ്കിലും 'എന്തിന് അര്‍ജുന്‍ മൊഴിമാറ്റി?', 'ബാലുച്ചേട്ടന്‍ ആണ് വണ്ടിയോടിച്ചത് എന്നെന്തിന് കള്ളം പറഞ്ഞു?', 'വിഷ്ണുവിന്റെ കൂട്ടാളിയായിരുന്ന ആളെ ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ എന്തിനാക്കി?', പേരിനൊന്ന് അറസ്റ്റ് ചെയ്ത് ഇത്യാദി ചോദ്യങ്ങള്‍ പോലും ചോദിക്കാതെ പൊന്നുപോലെ സംരക്ഷിച്ചു വരികയായിരുന്നു ഇത്രയും കാലം.
ഇതേ അര്‍ജ്ജുന്‍ അച്ഛനെയും അമ്മയെയും ഒന്നും രണ്ടും കക്ഷികളാക്കി കൊടുത്ത ഒരു കേസുണ്ട് - 'അയാളുടെ ആരോഗ്യവും ജീവിതവും നശിപ്പിച്ച ആക്സിഡന്റ് ആയിരുന്നതുകൊണ്ട് അമ്മയും അച്ഛനും അയാള്‍ക്ക് ഒന്നരക്കോടി നഷ്ടപരിഹാരം കൊടുക്കണ'മത്രേ ഓര്‍ക്കണം, ബാലഭാസ്‌കറിന് ബന്ധുക്കളില്ല, ബാലഭാസ്‌കറിന്റെ ഓര്‍മ്മകളില്‍പ്പോലും അച്ഛനോ അമ്മയ്ക്കോ ബന്ധുക്കള്‍ക്കോ അവകാശമില്ല എന്നൊക്കെ കഥകളുണ്ടാക്കി കുറേപേര്‍ അയാളെ സംരക്ഷിച്ചിരുന്നതിന്റെയും കൂടി ബലത്തിലാണ് ഇങ്ങനെയൊരു ഉമ്മാക്കി കാട്ടി ഞങ്ങളുടെ കുടുംബത്തെ പേടിപ്പിക്കാന്‍ ഈ സംഘം ശ്രമിച്ചത്. അത്താഴം മുടങ്ങാന്‍ ചേര കടിച്ചാലും മതിയല്ലോ എന്നപോലെ പാവം പേരപ്പനും പേരമ്മയും ആ കേസ് തൃശൂര്‍ MACT ഇല്‍ നടത്തിക്കുകയാണ്. ക്രൈം ബ്രാഞ്ചും സിബിഐ യും അയാള്‍ കാരണമാണ് അപകടം നടന്നത് എന്നൊക്കെ കണ്ടെത്തിയിട്ടും ഈ കേസ് മുറപോലെ മാറ്റി മാറ്റി വച്ച് 2026 ലെ ഒരു തീയതി വരെ എത്തിച്ചിട്ടുണ്ട് എന്ന വൈചിത്ര്യവും ഇതില്‍ കൂട്ടി വായിക്കണം. നമ്മുടെ നിയമ സംവിധാനങ്ങളെക്കുറിച്ചുള്ള വിശ്വാസവും മതിപ്പുമൊക്കെ ഏറും കൃത്യമായ തുടരന്വേഷണത്തിന് വിധിച്ചുകൊണ്ട് ഹൈക്കോടതി വിധി വന്ന് 3മാസം നല്‍കി, സിബിഐ അഭ്യര്‍ത്ഥന പ്രകാരം വീണ്ടും 3 മാസം സമയം നല്‍കി പിന്നെയും കാത്തിരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പോള്‍ 7 മാസം! പ്രസവകാലം സിബിഐ ക്ക് എത്രയാണോ ആവോ!
വാര്‍ത്ത ഓണ്‍ലൈനൊക്കെ വരും. വന്നപോലെ പോകും.. അതാണല്ലോ അവര്‍ക്ക് ഒരാശ്വാസം!
എല്ലാക്കാര്യങ്ങളും നിയമത്തിന്റെ വഴിക്കുമാത്രമല്ല നീങ്ങുന്നത് എന്നുതോന്നുന്നതും ഇതുപോലെ ഓരോ വാര്‍ത്തകള്‍ പൊങ്ങുന്നതുമാണല്ലോ ഞങ്ങള്‍ക്കുമാശ്വാസം! ചില സത്യങ്ങള്‍ അങ്ങനെയാണ്.. ചിലരുടെയും ??
പെരിന്തല്‍മണ്ണയിലും 'ബാലു ഇഫ്‌ക്ടോ'
ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട എല്ലാ വിവാദ നായകരും ജയിലില്‍ ആയിട്ടുണ്ടെന്നുള്ളതാണ് വസ്തുത. ഇവരെല്ലാം അബദ്ധത്തില്‍ പോലീസിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെ ചെറിയൊരു സ്വര്‍ണ്ണ കടത്തില്‍ തുടങ്ങിയ അന്വേഷണമാണ് ബാലുവിന്റെ മാനേജരെ അടക്കം അകത്താക്കിയത്. ഇതിന് സമാനമാണ് ഇപ്പോഴത്തെ അറസ്റ്റുകളും. പരസ്പരം പേരുപോലുമറിയാതെയുള്ള ഓപ്പറേഷന്‍ എല്ലാം കിറുകൃത്യം; ചതിച്ചത് കാറും മദ്യപാനവുമെന്നാണ് മാതൃഭൂമി പോലും ഈ കേസിനെ വിശേഷിപ്പിക്കുന്നത്. അതായത് അര്‍ജുന്‍ വീണ്ടും കേസില്‍ കുടുങ്ങിയത് അത്ഭുതമെന്ന തരത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് മാതൃഭൂമി വിശദ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ ഈ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ ഒരാള്‍ ബാലഭാസ്‌കറിന്റെ ഡ്രൈവറാണെന്ന വസ്തുത ആ റിപ്പോര്‍ട്ടിലൊന്നും ഉണ്ടായിരുന്നില്ല. പ്രിയയുടെ പോസ്റ്റാണ് ഇത് വെളിച്ചത്തു കൊണ്ടു വന്നത്.
പെരിന്തല്‍മണ്ണ കേസുമായി ബന്ധപ്പെട്ട മാതൃഭൂമി വാര്‍ത്ത ഇങ്ങനെ: വ്യാഴാഴ്ച രാത്രി എട്ടരയോടെയാണ് പെരിന്തല്‍മണ്ണയില്‍ കവര്‍ച്ച നടന്നത്. കുറ്റകൃത്യത്തിനുപയോഗിച്ച കാര്‍ കേന്ദ്രീകരിച്ച് തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസിന്റെ നിര്‍ദേശപ്രകാരം പാലക്കാട്, തൃശ്ശൂര്‍ പോലീസ് നടത്തിയ പരിശോധനയില്‍ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്യം സ്വദേശികളായ ശ്രീരജ് വീട്ടില്‍ നിജില്‍ രാജ് (35), കൂത്തുപറമ്പ് ആശാരിക്കണ്ടിയില്‍ പ്രഭിന്‍ലാല്‍ (29), തൃശ്ശൂര്‍ വരന്തരപ്പള്ളി സ്വദേശി കളിയങ്ങര സജിത്ത് കുമാര്‍ (39), എളവള്ളി സ്വദേശി കോരാംവീട്ടില്‍ നിഖില്‍ (29) എന്നിവര്‍ വെള്ളിയാഴ്ച തൃശ്ശൂരില്‍ പിടിയിലായിരുന്നു. ഇവരെ പെരിന്തല്‍മണ്ണയിലെത്തിച്ച് പ്രത്യേക അന്വേഷണസംഘം കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കണ്ണൂര്‍, തൃശ്ശൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും ആസൂത്രണം നടത്തിയവരെക്കുറിച്ചും വിവരം ലഭിക്കുന്നത്.
പോലീസ് ഇന്‍സ്പെക്ടര്‍മാരായ എ. ദീപകുമാര്‍, സുമേഷ് സുധാകരന്‍, പി. സംഗീത്, സി.വി. ബിജു, എസ്.ഐ. എന്‍. റിഷാദലി എന്നിവരുടെ നേതൃത്വത്തില്‍ സംഘങ്ങളായി തിരിഞ്ഞാണ് കവര്‍ച്ച ആസൂത്രണംചെയ്തവരടക്കം ഒമ്പതുപേരെ കസ്റ്റഡിയിലെടുത്തത്. വ്യാഴാഴ്ച രാത്രി എട്ടരയോടെ പെരിന്തല്‍മണ്ണ ഊട്ടിറോഡിലെ ജൂവലറി അടച്ച് സ്‌കൂട്ടറില്‍ വീട്ടിലേക്കു പോവുകയായിരുന്ന ഉടമ യൂസഫിനെയും സഹോദരന്‍ ഷാനവാസിനെയും കാറില്‍ എത്തിയ ഒമ്പതു പേരടങ്ങുന്ന സംഘം ആക്രമിച്ച് സ്വര്‍ണം കവരുകയായിരുന്നു. പട്ടാമ്പി റോഡില്‍വെച്ച് കാര്‍ കുറുകെയിട്ട് ഇടിച്ചുവീഴ്ത്തുകയും മറിഞ്ഞുവീണ ഇരുവരുടെയും കണ്ണിലേക്ക് കുരുമുളക് സ്പ്രേ അടിക്കുകയും മുഖത്ത് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തശേഷം കൈവശമുണ്ടായിരുന്ന മൂന്നരക്കിലോഗ്രാമോളം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നാണ് കാറില്‍ രക്ഷപ്പെട്ടത്.
തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി. തോംസണ്‍ ജോസ്, മലപ്പുറം ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. ടി.കെ. ഷൈജു, പെരിന്തല്‍മണ്ണ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്‍, പോത്തുകല്‍ ഇന്‍സ്പെക്ടര്‍ എ. ദീപകുമാര്‍, കൊളത്തൂര്‍ ഇന്‍സ്പെക്ടര്‍ പി. സംഗീത്, പെരുമ്പടപ്പ് ഇന്‍സ്പെക്ടര്‍ സി.വി. ബിജു, പെരിന്തല്‍മണ്ണ എസ്.ഐമാരായ എന്‍. റിഷാദലി, ഷാഹുല്‍ഹമീദ് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസും മലപ്പുറം ജില്ലാ ഡാന്‍സാഫ് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായ വിപിന്‍, ഷിഹാബുദീന്‍, അനസ്, അനന്തു എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തു. തൃശ്ശൂര്‍ സ്വദേശികളായ സലീഷ്, മിഥുന്‍രാജ്, അര്‍ജുന്‍, സതീഷ്, ലിസണ്‍ എന്നിവരെ കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
എല്ലാം കിറുകൃത്യമായി െപ്രാഫഷണല്‍ രീതിയില്‍ നടന്നെങ്കിലും പെരിന്തല്‍മണ്ണ കവര്‍ച്ചാസംഘത്തിന് പദ്ധതി പാളിയത് കാറിലും സ്വര്‍ണം മാറ്റിയശേഷം നടന്ന അലസമായ മദ്യപാനത്തിലും. കവര്‍ച്ച നടത്തിയശേഷം ചെര്‍പ്പുളശ്ശേരിയില്‍ എത്തിയ സംഘം രണ്ടായി പിരിയുകയായിരുന്നു. സ്വര്‍ണം സുരക്ഷിതമായി കാറില്‍ കൊണ്ടുപോതോടെ മറ്റൊരു കാറില്‍ തൃശ്ശൂരിലേക്ക് നീങ്ങിയ സംഘം ഇനി ഭയപ്പെടാനില്ലെന്ന നിരീക്ഷണത്തില്‍ മദ്യപാനത്തിലേക്ക് തിരിയുകയായിരുന്നു. കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റിയതും ആത്മവിശ്വാസമായി. പക്ഷേ വെളുത്ത കാര്‍ ഒന്നുപോലും വിടാതെ പോലീസ് പരിശോധിക്കുന്നുണ്ടായിരുന്നു.
മദ്യലഹരിയില്‍ ഇവര്‍ പോലീസിന് മുന്നില്‍ അകപ്പെടുകയായിരുന്നു. 21-ന് ഉച്ചയോടെ അജിത്ത്, നിജില്‍ രാജ്, പ്രഭിന്‍ ലാല്‍, മനു, സലീഷ്, ഫര്‍ഹാന്‍, സജിത്ത്, നിഖില്‍, വൈശാഖ് എന്നിവര്‍ വെള്ളനിറത്തിലുള്ള കാറില്‍ തൃശ്ശൂരില്‍നിന്ന് പുറപ്പെട്ട് വൈകീട്ട് ഏഴു മണിയോടെയാണ് പെരിന്തല്‍മണ്ണയില്‍ എത്തിയത്. ജങ്ഷന് സമീപം കോടതിയില്‍പ്പോകുന്ന വഴിയില്‍ ഇവര്‍ വാഹനം ഒതുക്കി കാത്തുനിന്നു. 8.30-ന് ജൂവലറി അടച്ച് രണ്ടു ബാഗുകളില്‍ സ്വര്‍ണ്ണവുമായി സ്‌കൂട്ടറില്‍ വീട്ടിലേക്കുപോകുകയായിരുന്ന ഷാനവാസ്, യൂസഫ് എന്നിവരെ അവരുടെ വീടിനുസമീപം വെച്ച് ഇടിച്ചുവീഴ്ത്തി ദേഹോപദ്രവം ഏല്‍പ്പിച്ചശേഷം സ്വര്‍ണ്ണമടങ്ങിയ രണ്ടു ബാഗുകളും കവര്‍ച്ചചെയ്ത് പെരിന്തല്‍മണ്ണയില്‍നിന്ന് ചെര്‍പ്പുളശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു.
കാറില്‍ രക്ഷപ്പെട്ട ഒന്‍പതുപേരും ചെര്‍പ്പുളശ്ശേരിക്കടുത്ത് ഒരു സ്ഥലത്തെത്തി നിര്‍ത്തി. അജിത്, സലീഷ്, മനു, ഫര്‍ഹാന്‍ എന്നിവര്‍ സ്വര്‍ണ്ണം അടങ്ങിയ ബാഗുകളുമായി വാഹനം മാറി. രണ്ടാമത്തെ കാറിലുള്ള അഞ്ച് പേരോടും അമല നഗറിലുള്ള റൂമിലേക്ക് പോകാനും നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് അര്‍ജുന്‍ ഓടിച്ചുവന്ന കാറില്‍ സ്വര്‍ണവുമായി ആദ്യസംഘം പോയി. തൃശ്ശൂര്‍ ഭാഗത്തേക്ക് വന്ന കാറിലുണ്ടായിരുന്ന നിജില്‍ രാജ്, പ്രബിന്‍ ലാല്‍, സജിത്ത്, നിഖില്‍ എന്നിവരെ സംശയത്തെതുടര്‍ന്ന് വാഹന പരിശോധനയ്ക്കിടെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന വൈശാഖ് രക്ഷപ്പെട്ടു.
സ്വര്‍ണ്ണവുമായി രക്ഷപ്പെട്ട അജിത്ത്, സലീഷ്, ഫര്‍ഹാന്‍, മനു എന്നിവര്‍ സലീഷിന്റെ ബന്ധുകൂടിയായ അപ്പു എന്ന് വിളിക്കുന്ന മിഥുന്‍ എന്നയാളുടെ ജൂബിലി മിഷനു സമീപമുള്ള വീട്ടിലേക്കു നേരത്തേ നിശ്ചയിച്ചപ്രകാരം എത്തി. മിഥുനും, സലീഷും സ്വര്‍ണ്ണം ഉരുക്കി ബാറുകളാക്കുന്നതിനും വില്പന നടത്തുന്നതിനും ഇരുവരുടെയും സുഹൃത്തായ തൃശ്ശൂര്‍ പട്ടിക്കാടിനടുത്ത് വീടുള്ള സതീഷിനെ കണ്ടു.
ഇതില്‍ 500 ഗ്രാം വരുന്ന ഒരുബാര്‍ സ്വര്‍ണമാണ് 35 ലക്ഷം രൂപയ്ക്ക് വിറ്റത്. മറ്റൊരു കേസില്‍ ജാമ്യം ലഭിച്ച സലീഷ് ജാമ്യപേപ്പര്‍ പീച്ചി പോലീസ്സ്‌റ്റേഷനില്‍ ഏല്പിക്കാന്‍ എത്തിയപ്പോള്‍ സംശയംതോന്നിയ പീച്ചി പോലീസ് പെരിന്തല്‍മണ്ണ പോലീസിനെ അറിയിക്കുകയായിരുന്നു. പീച്ചിയിലെത്തിയ പെരിന്തല്‍മണ്ണ പോലീസ് സലീഷിനെ കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പോലീസിന് സ്വര്‍ണത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്. ആദ്യം പിടിയിലായവര്‍ക്ക് പോലും സ്വര്‍ണവുമായി ബന്ധപ്പെട്ട ആസൂത്രണങ്ങള്‍ അറിയില്ലായിരുന്നു. ജാമ്യപേപ്പറുമായി പോലീസ്സ്‌റ്റേഷനിലെത്തിയ സലീഷിനെ പിടിച്ചതാണ് സ്വര്‍ണത്തിലേക്ക് വഴിതുറന്നത്.