ഞായറാഴ്ച ഉച്ചകഴിഞ്ഞ് പൊടുന്നനെ കടുത്ത ശ്വാസം മുട്ടലും ചുമയും വയറുവേദനയും തലദേനയും കാരണം പുളഞ്ഞു; തനിക്ക് തീരെ വയ്യെന്ന് സുരക്ഷാ ഗാര്‍ഡുകളെ അറിയിച്ച് ബാഷര്‍ അല്‍ അസദ്; സിറിയന്‍ മുന്‍ പ്രസിഡന്റിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്; അസദ് മോസ്‌കോയില്‍ കഴിയുന്നത് തടവറയില്‍ എന്ന പോലെ
സിറിയന്‍ മുന്‍ പ്രസിഡന്റിനെ വിഷം കൊടുത്ത് കൊല്ലാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്
മോസ്‌കോ: വിമതനീക്കത്തില്‍ പൊറുതിമുട്ടി രാജ്യത്ത് നിന്ന് രക്ഷപ്പെട്ട് റഷ്യയില്‍ അഭയം തേടിയ സിറിയന്‍ മുന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ വിഷം നല്‍കി കൊല്ലാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. ഡിസംബര്‍ 8 മുതല്‍ വ്‌ളാഡിമിര്‍ പുടിന്റെ സംരക്ഷണയില്‍ കഴിയുന്ന അസദിനാണ് ആപത്ത് സംഭവിച്ചത്.
ഞായറാഴ്ചയാണ് 59 കാരനായ അസദ് ഗുരുതരാവസ്ഥയിലായത്. കടുത്ത ചുമയും ശ്വാസം മുട്ടലും അദ്ദേഹത്തിന് അനുഭവപ്പെട്ടു. രക്ത പരിശോധനയില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തി. അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ അദ്ദേഹത്തിന് ചികിത്സ നല്‍കി. തിങ്കളാഴ്ചയോടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. റഷ്യന്‍ അധികാരികള്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഒരുമുന്‍ റഷ്യന്‍ ചാരന്റെ ഉടമസ്ഥതയിലുള്ള ജനറല്‍ എസ് വി ആര്‍ എന്ന ഓണ്‍ലൈന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
രണ്ടുപതിറ്റാണ്ടത്തെ അസദിന്റെ ഭരണത്തിന് തിരശീലയിട്ടുകൊണ്ട് വിമതര്‍ അധികാരം പിടിച്ചെടുത്തതോടെ അസദും ഭാര്യ അസ്മയും റഷ്യയില്‍ അഭയം തേടിയിരിക്കുകയാണ്. ലണ്ടനില്‍ ജനിച്ച അസ്മ അവിടേക്ക് മടങ്ങാന്‍ ആഗ്രഹിച്ചെങ്കിലും, പാസ്്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞതോടെ യുകെയില്‍ പ്രവേശിക്കാന്‍ വിലക്ക് നേരിടുകയാണ്. അസ്മ വിവാഹമോചനം നേടി യുകെയിലേക്ക് പിന്നീട് മടങ്ങുമെന്നാണ് സൂചന.
അസദിനെ വിഷം തീണ്ടിയോ എന്നറിയാന്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അസദിന്റെ പ്രതിനിധികളോ റഷ്യന്‍ അധികാരികളോ ഒന്നും സ്ഥിരീകരിക്കാത്തത് കൊണ്ട് അനിശ്ചിതത്വം തുടരുകയാണ്. ' ഞായറാഴ്ച ഉച്ചകഴിഞ്ഞ് തനിക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെടുന്നതായി അസദ് സുരക്ഷാ ഗാര്‍ഡുകളെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് ഭയങ്കര ചുമയും ശ്വാസം മുട്ടലും ഉണ്ടായി. അസദിന് വെള്ളം നല്‍കിയെങ്കിലും സുഖം പ്രാപിച്ചിട്ടില്ല. ശ്വാസഗതി സാധാരണനിലയിലായില്ല. തലവേദനയും, വയറുവേദനയും കാരണം അസദ് പുളഞ്ഞു'- ഇങ്ങനെയാണ് ജനറല്‍ എസ് വി ആര്‍ എന്ന ഓണ്‍ലൈന്‍ ചാനലിന്റെ റിപ്പോര്‍ട്ട്.
അസദിന് സുഖമില്ലെന്ന വിവരം ഉടന്‍ തന്നെ റഷ്യന്‍ രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചു. ഡോക്ടര്‍മാര്‍ പ്രാഥമികശുശ്രൂഷ നല്‍കുന്നതിനിടെ, അസദിനെ അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ പാര്‍പ്പിച്ച് ചികിത്സിക്കാനും ആശുപത്രിയിലേക്ക് മാറ്റരുതെന്നും നിര്‍ദ്ദേശം വന്നു. ഇതേ തുടര്‍ന്ന് കൂടുതല്‍ മരുന്നുകള്‍ എത്തുകയും, പ്രത്യേക ചികിത്സാ മുറി അപ്പാര്‍ട്ട്‌മെന്റില്‍ തന്നെ സജ്ജമാക്കുകയും ചെയ്തു.
റഷ്യയില്‍ അഭയം തേടിയ അസദ് കഴിയുന്നത് തടങ്കലില്‍ എന്ന പോലെയാണ്. മോസ്‌കോ വിടാനോ, രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനോ കഴിയില്ല. അദ്ദേഹത്തിന്റെ ആസ്തികള്‍ റഷ്യന്‍ അധികൃതര്‍ മരവിപ്പിച്ചിരിക്കുകയാണ്.