150ഓളം പേരുടെ മരണത്തിന് കാരണക്കാരനായ നക്സലുകള്‍ക്കിടയിലെ ഹാഫീസ് സെയ്ദ്; ഒറ്റുകാര്‍ എന്ന് സംശയിച്ച് നിരവധി ആദിവാസികളെയും കൊന്നൊടുക്കി; തലക്ക് ഒരു കോടി ഇനാം; മാവോയിസ്റ്റ് ക്രുരന്‍ ബസവരാജു കൊല്ലപ്പെടുമ്പോള്‍ സിപിഎമ്മിന് വിഷമം എന്തിനെന്ന് സോഷ്യല്‍ മീഡിയ
കഴിഞ്ഞ ദിവസം ഛത്തീസ്ഗഢില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ നക്സല്‍ നേതാവും തലക്ക് ഒരുകോടിരൂപ ഇനാം പ്രഖ്യാപിച്ച ബസവരാജു അടക്കമുള്ള 27 മാവോയിസ്റ്റുകള്‍ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു, സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി രംഗത്ത് എത്തിയത്. കേന്ദ്ര സര്‍ക്കാര്‍ ഫാസിസ്റ്റ് മനോഭാവം വെടിയണം എന്നും മാവോയിസ്റ്റുകളെ ചര്‍ച്ച നടത്തി കീഴടങ്ങലിന്റെ വഴിയിലേക്ക് എത്തിക്കണം എന്നുമായിരുന്നു എം എ ബേബി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നത്.
ഈ പോസ്റ്റിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉണ്ടായത്. നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നവരാണോ ഈ വര്‍ത്തമാനം പറയുന്നത് എന്നും, അലന്‍ താഹ എന്നീ രണ്ട് വിദ്യാര്‍ത്ഥികളുടെ അനുഭവം എന്തായിരുന്നുവെന്നും, സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചോദിക്കുന്നു. ഇതോടൊപ്പം എന്തിനാണ് സിപിഎം നക്സലുകളെ വെളുപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നും ചോദ്യം ഉയരുകയാണ്. 150ഓളം പേരുടെ മരണത്തിന് ഇടയാക്കിയ നക്സലുകളുടെ ഹാഫീസ് സെയദാണ് ബസവരാജുവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കൊല ഹരമാക്കിയ നക്സല്‍ നേതാവ്
കൊല ഹരമാക്കിയ നകസ്ല് നേതാവ് എന്നാണ് ബസവരാജു അറിയപ്പെടുന്നത്. ഒന്നം രണ്ടുമല്ല 150ഓളം കൊലപാതക കേസുകളാണ് ഇദ്ദേഹത്തിന്റെ പേരിലുള്ളത്. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജിയന്നപേട്ട ഗ്രാമത്തിലാണ് ബസവ രാജു ജനിച്ചത്. വാറങ്കലിലെ റീജിയണല്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്നാണ് അദ്ദേഹം ബി.ടെക് ബിരുദം നേടി.1970-കളില്‍ ബസവരാജു നക്സലൈറ്റ് പ്രസ്ഥാനവുമായുള്ള ബന്ധം ആരംഭിച്ചു, 1980-കളില്‍ മുഴുവന്‍ സമയ അംഗമായി. കഴിഞ്ഞ 35 വര്‍ഷമായി അദ്ദേഹം മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റി അംഗമായിരുന്നു. ജനറല്‍ സെക്രട്ടറിയായിരുന്നു.
ശ്രീലങ്കന്‍ തമിഴ് തീവ്രവാദ സംഘടനയായ എല്‍ടിടിഇയില്‍ നിന്ന് ബസവരാജു ഗറില്ലാ യുദ്ധത്തിലും സ്ഫോടകവസ്തുക്കളിലും പരിശീലനം നേടി. ബോംബുകള്‍ നിര്‍മ്മിക്കുന്നതിലും സംഘടനയ്ക്കു വേണ്ടി ഗറില്ലാ യുദ്ധ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിലും ഇയാള്‍ വിദഗ്ദ്ധനായിരുന്നു. 2018 നവംബറില്‍, മുപ്പല ലക്ഷ്മണ റാവുവിന് (ഗണപതി) പകരക്കാരനായി ബസവരാജു സിപിഐ (മാവോയിസ്റ്റ്) ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.
ബസവരാജു എന്ന നമ്പാല കേശവ് റാവുവിനെ ജീവനോടെയോ അല്ലാതെയോ പിടിയ്ക്കുന്നയാള്‍ക്ക് ഛത്തീസ്ഗഢ് ഗവണ്‍മെന്റ് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. കൂടാതെ ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഇയാളുടെ തലയ്ക്ക് നല്ല വില ഇട്ടിരുന്നു.. എന്നിട്ടും ഇയാള്‍ മൂന്ന് മുതല്‍ 5 ലെയര്‍ വരെയുള്ള സുരക്ഷാ സംവിധാനങ്ങളുമായി 50 തോക്കുധാരികളായ മാവോയിസ്റ്റുകളുടെ സംരക്ഷണത്തിലായിരുന്നു.
അതിക്രൂര നക്സലൈറ്റ് ആക്രമണങ്ങള്‍ നടത്തിയ ആളാണ് ഇദ്ദേഹം. 2003 അലിപ്പിരി ബോംബ് സ്‌ഫോടനമാണ് ഇതില്‍ പ്രധാനം. അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ വധിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. 2010-ല്‍ ദന്തേവാഡയില്‍ നടന്ന ആക്രമണത്തില്‍ 76 സിആര്‍പിഎഫ് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ഇതിന്റെ സുത്രധാരനും ബസവരാജുവായിരുന്നു. 2013-ല്‍ ജിറാം ഘാട്ടിയില്‍ നടന്ന ആക്രമണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ 27 പേര്‍ കൊല്ലപ്പെട്ടത്, 2019 -ല്‍ ശ്യാംഗിരി ആക്രമണത്തില്‍ ബിജെപി എംഎല്‍എ ഭീമ മാണ്ഡവി ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചത്, 2020-ല്‍ സുക്മ നക്സലൈറ്റ് ആക്രമണത്തില്‍ 17 സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്, 2021-ല്‍ ബീജാപൂരില്‍ നടന്ന 22 സൈനികര്‍ മരിച്ച നക്സലൈറ്റ് ആക്രമണം എന്നിവയുടെയൊക്കെ സുത്രധാരന്‍ ബസുവരാജുവാണെന്നാണ് അധികൃതര്‍ പറയുന്നത്.
സുരക്ഷാ സൈനികരെ കണ്ണില്‍ച്ചോരയില്ലാതെ കൊന്നെടുക്കിയതുപോലെ, ഇയാള്‍ ഒറ്റുകാര്‍ എന്ന് സംശയിച്ചും നിരവധി ആദിവാസികള്‍ അടക്കമുള്ളവരെ കൊന്നൊടുക്കിയിട്ടുണ്ട്. ഇതാണ് നക്സലുകളിലെ ഹാഫിസ് സെയദ് എന്ന് വിളിപ്പേരുവരാനുള്ള കാരണവും. ഈ ഭീകരര്‍ കൊല്ലപ്പെടുമ്പോള്‍, സിപിഎമ്മിന് വിഷമമുണ്ടാവുന്നത് മനസ്സിലാവുന്നില്ല എന്നാണ് സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നത്.