ചെങ്ങന്നൂരില്‍ വിജയസാധ്യതയുള്ള സന്ദീപിനെ ഹരിപ്പാട് പോലുള്ള മണ്ഡലത്തിലേക്ക് 'കെട്ടിയിറക്കിയത്' കൊടുംചതി; കുമ്മനവും പിള്ളയും രമേശും നിരാശര്‍; മത്സരത്തിന് ഇല്ലെന്ന് എംടി രമേശ്; കടുത്തുരുത്തിയില്‍ റെജി ലൂക്കോസിനെ വെട്ടി; മുറുമുറുപ്പുമായി ക്‌നാനായ സഭയും; ബിജെപിയിലും സീറ്റ് വിഭജനം വിവാദത്തിലേക്ക്

Update: 2026-03-18 04:03 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതോടെ ബിജെപിയില്‍ എതിര്‍ ശബ്ദങ്ങള്‍. കുമ്മനം രാജശേഖരന്‍, പി.എസ്. ശ്രീധരന്‍പിള്ള, എം.ടി. രമേശ് തുടങ്ങിയ പ്രമുഖരെ തഴഞ്ഞതിനെച്ചൊല്ലി പാര്‍ട്ടിയില്‍ ചര്‍ച്ച രൂക്ഷമാകുകയാണ്. ദശാബ്ദങ്ങളായി പാര്‍ട്ടിക്ക് വേണ്ടി വിയര്‍പ്പൊഴുക്കിയ മുതിര്‍ന്ന നേതാക്കളെ വെട്ടി നിരത്തിയതിനെതിരെ അണികള്‍ തെരുവിലിറങ്ങുന്ന കാഴ്ചയാണ് പലയിടത്തും.

ചെങ്ങന്നൂര്‍ മണ്ഡലം കേന്ദ്രീകരിച്ച് കഴിഞ്ഞ കുറേക്കാലമായി സജീവമായിരുന്ന ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയെ അപ്രതീക്ഷിതമായി ഹരിപ്പാട്ടേക്ക് മാറ്റിയത് അണികള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ചെങ്ങന്നൂരില്‍ വിജയസാധ്യതയുള്ള സന്ദീപിനെ ഹരിപ്പാട് പോലുള്ള മണ്ഡലത്തിലേക്ക് 'കെട്ടിയിറക്കിയത്' കൊടുംചതിയാണെന്നാണ് പ്രാദേശിക പ്രവര്‍ത്തകരുടെ ആരോപണം. ഇതോടെ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ വിജയസാധ്യത മങ്ങുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.

കടുത്തുരുത്തി മണ്ഡലത്തില്‍ റെജി ലൂക്കോസിനെ  വെട്ടിയതാണ് മറ്റൊരു പ്രധാന തര്‍ക്കവിഷയം. ഈ സീറ്റ് ബിഡിജെഎസിന് നല്‍കി. ഇങ്ങനെയാണ് റെജിയെ വെട്ടിയത്. സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് റെജിയെ ഒഴിവാക്കിയത് ക്‌നാനായ സമുദായത്തിനിടയില്‍ കടുത്ത അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ബിജെപിയുമായി അടുക്കുന്ന ക്രൈസ്തവ വിഭാഗങ്ങളെ പിണക്കുന്ന നടപടിയാണിതെന്ന് സമുദായ നേതൃത്വം വിലയിരുത്തുന്നു. കുമ്മനം രാജശേഖരനെ ആറന്മുളയിലോ റാന്നിയിലോ പരിഗണിക്കാത്തതിലും ആര്‍എസ്എസ് പ്രാദേശിക ഘടകങ്ങള്‍ക്ക് അതൃപ്തിയുണ്ട്. മുന്‍ മിസോറാം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയ്ക്ക് സീറ്റ് നല്‍കുമോ എന്ന കാര്യത്തിലും ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

അതേസമയം, ബിജെപിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും എല്ലാ സീറ്റുകളിലെയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് തന്നെ പൂര്‍ത്തിയാകുമെന്നും സംസ്ഥാന നേതൃത്വം അറിയിച്ചു. സ്ട്രാറ്റജി മീറ്റിംഗുകളില്‍ മുതിര്‍ന്ന നേതാക്കളെ ഒഴിവാക്കി പുതുതായി എത്തിയവരെ പങ്കെടുപ്പിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ സ്ഥാനാര്‍ത്ഥി പട്ടിക വരുന്നത്.

രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ നടക്കുന്ന നീക്കങ്ങള്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം പരിഗണിക്കാതെയുള്ളതാണെന്ന വിമര്‍ശനം പാര്‍ട്ടിയില്‍ ശക്തമാണ്. വരും മണിക്കൂറുകളില്‍ പ്രഖ്യാപിക്കുന്ന രണ്ടാം പട്ടികയില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ഇടം ലഭിച്ചില്ലെങ്കില്‍ ബിജെപിയില്‍ വലിയ വിഭാഗീയതയ്ക്ക് വഴിതുറക്കുമെന്നുറപ്പാണ്. ഈ പട്ടികയ്ക്കായി കാത്തിരിക്കുകയാണ് ബിജെപി നേതാക്കള്‍.

Tags:    

Similar News