തിരൂരങ്ങാടിയില്‍ മഞ്ഞുരുകുന്നു; പി.എം.എ സമീറിനെ ആലിംഗനം ചെയ്ത് അബ്ദുറഹിമാന്‍ രണ്ടത്താണി; ലീഗിലെ പോരിന് വിരാമം
തിരൂരങ്ങാടി: മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെച്ചൊല്ലി തിരൂരങ്ങാടിയില്‍ പുകഞ്ഞുകൊണ്ടിരുന്ന തര്‍ക്കങ്ങള്‍ക്ക് അന്ത്യമായി. നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവരികയും ഇടതുപക്ഷത്തേക്ക് പോകുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്ത മു മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം.എ സമീറിന്റെ പ്രചാരണത്തിനായി നേരിട്ടെത്തി. തെന്നല ഗ്രാമപ്പഞ്ചായത്തിലെ വാളക്കുളം കുളങ്ങരയില്‍ നടന്ന കുടുംബസംഗമത്തിലാണ് രണ്ടത്താണി സ്ഥാനാര്‍ത്ഥിയെ ആലിംഗനം ചെയ്ത് തന്റെ പിന്തുണ പരസ്യമാക്കിയത്.
തിരൂരങ്ങാടിയില്‍ പി.എം.എ സമീറിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ അബ്ദുറഹിമാന്‍ രണ്ടത്താണി ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വലിയ വിവാദമായിരുന്നു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ചിലര്‍ കരുവാക്കുകയാണെന്നായിരുന്നു രണ്ടത്താണിയുടെ ആരോപണം. ഇതോടെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് രണ്ടത്താണിക്കെതിരെ ശക്തമായ പ്രതിഷേധമുയരുകയും അദ്ദേഹം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് വാര്‍ത്തകള്‍ വരികയും ചെയ്തു.
പ്രതിസന്ധി രൂക്ഷമായതോടെ ജില്ലാ പ്രസിഡന്റ് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍ നേരിട്ട് ഇടപെട്ടു. രണ്ടത്താണിയുമായി നടത്തിയ ചര്‍ച്ചയിലാണ് പരാതികള്‍ പരിഹരിക്കപ്പെട്ടത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചാരണ രംഗത്ത് നിന്ന് വിട്ടുനിന്ന രണ്ടത്താണി, വെള്ളിയാഴ്ച വൈകീട്ടോടെ സജീവമായി രംഗത്തിറങ്ങുകയായിരുന്നു.
ലീഗുമായി ഇടഞ്ഞുനില്‍ക്കുന്ന രണ്ടത്താണിയെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കി തിരൂരങ്ങാടി പിടിച്ചെടുക്കാന്‍ എല്‍.ഡി.എഫ് ക്യാമ്പില്‍ ആലോചനകള്‍ നടന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി രണ്ടത്താണി യു.ഡി.എഫ് വേദിയിലെത്തിയത് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. രണ്ടത്താണിയുടെ മടങ്ങിവരവ് തിരൂരങ്ങാടിയിലെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം പകര്‍ന്നിട്ടുണ്ട്. മണ്ഡലത്തിലെ വോട്ടുകള്‍ ചോരാതിരിക്കാന്‍ രണ്ടത്താണിയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് ലീഗ് നേതൃത്വവും വിലയിരുത്തുന്നു.