മുംബൈയില്‍ താമര വിരിഞ്ഞു, പക്ഷേ കളി ബാക്കി! കുതിരക്കച്ചവടം ഭയന്ന് കൗണ്‍സിലര്‍മാരെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി ഷിന്‍ഡെ; 8 പേര്‍ മറുകണ്ടം ചാടിയാല്‍ കളി മാറും; മേയര്‍ പദവിക്കായുള്ള വിലപേശലോ ഉദ്ദവ് താക്കറെയുടെ അട്ടിമറി സാധ്യത തടയാനോ? താക്കറെ വാഴ്ചയ്ക്ക് അന്ത്യം കുറിച്ചിട്ടും നാടകീയ നീക്കങ്ങള്‍
മുംബൈയില്‍ താമര വിരിഞ്ഞു, പക്ഷേ കളി ബാക്കി!
മുംബൈ: കാല്‍നൂറ്റാണ്ടിന് ശേഷം താക്കറെ കുടുംബത്തില്‍ നിന്ന് ഏഷ്യയിലെ ഏറ്റവും സമ്പന്നമായ മുന്‍സിപ്പല്‍ കോര്‍പ്പറേഷനായ ബിഎംസി (BMC) (ബൃഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍) പിടിച്ചെടുത്തതിന് പിന്നാലെ മഹാരാഷ്ട്രയില്‍ നാടകീയ നീക്കങ്ങള്‍. കേവല ഭൂരിപക്ഷം മറികടന്നെങ്കിലും, കുതിരക്കച്ചവടം ഭയന്ന് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ തന്റെ പാര്‍ട്ടിയിലെ വിജയികളായ കൗണ്‍സിലര്‍മാരെ ബാന്ദ്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റി. ബിജെപിയുമായി ചേര്‍ന്ന് ഭരണം ഉറപ്പിക്കുമ്പോഴും മേയര്‍ പദവിക്കായി ഷിന്‍ഡെ പക്ഷം കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് സൂചന.. 227 വാര്‍ഡുകളുള്ള ബിഎംസിയില്‍ 117 സീറ്റുകള്‍ നേടിയാണ് സഖ്യം ഭരണം ഉറപ്പാക്കിയത്.
ഷിന്‍ഡെ പക്ഷത്തിന്റെ നീക്കത്തിന് പിന്നില്‍ രണ്ട് ലക്ഷ്യങ്ങള്‍:
1. പ്രതിപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കം തടയുക:
ബിഎംസിയില്‍ കേവല ഭൂരിപക്ഷത്തിന് 114 സീറ്റുകളാണ് വേണ്ടത്. ബിജെപി (89), ഷിന്‍ഡെ സേന (29) സഖ്യം 118 സീറ്റുകള്‍ നേടി ഭരണം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍, പ്രതിപക്ഷത്തുള്ള ഉദ്ധവ് സേന (65), കോണ്‍ഗ്രസ് (24), എംഎന്‍എസ് (6), എന്‍സിപി ശരദ് പവാര്‍ (1), എഐഎംഐഎം (8), സമാജ്വാദി പാര്‍ട്ടി (2) എന്നിവര്‍ ഒന്നിച്ചാല്‍ അവരുടെ സംഖ്യ 106-ല്‍ എത്തും. കേവല ഭൂരിപക്ഷത്തിന് ഇവര്‍ക്ക് എട്ട് പേരുടെ പിന്തുണ കൂടി മതിയാകും. ഷിന്‍ഡെ പക്ഷത്ത് നിന്ന് എട്ടുപേരെ അടര്‍ത്തിയെടുത്ത് ഭരണം പിടിക്കാന്‍ ഉദ്ധവ് താക്കറെയും കൂട്ടരും ശ്രമിക്കുമോ എന്ന ഭയം ഷിന്‍ഡെക്കുണ്ട്.
2. മേയര്‍ പദവിക്കായുള്ള വിലപേശല്‍:
സഖ്യത്തില്‍ ബിജെപിയാണ് വലിയ കക്ഷിയെങ്കിലും 'കിങ് മേക്കര്‍' പദവിയിലുള്ള ഷിന്‍ഡെ പക്ഷം മേയര്‍ പദവിക്കായി പിടിമുറുക്കുകയാണ്. പരമ്പരാഗതമായി ശിവസേനയുടെ കൈവശമുള്ള മേയര്‍ പദവി വിട്ടുകൊടുക്കരുതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ ഷിന്‍ഡെയ്ക്ക് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. എംഎല്‍എമാരെയും കൗണ്‍സിലര്‍മാരെയും ഹോട്ടലിലേക്ക് മാറ്റുന്നത് ബിജെപിയുമായുള്ള ചര്‍ച്ചകളില്‍ വിലപേശല്‍ ശക്തി വര്‍ദ്ധിപ്പിക്കാനാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ബിഎംസിയിലെ സീറ്റ് നില ചുരുക്കത്തില്‍:
മഹായുതി സഖ്യം: ബിജെപി (89), ഷിന്‍ഡെ സേന (29), അജിത് പവാര്‍ എന്‍സിപി (3) ആകെ: 121
പ്രതിപക്ഷം (സഖ്യമുണ്ടാക്കിയാല്‍): ഉദ്ധവ് സേന (65), കോണ്‍ഗ്രസ് (24), എംഎന്‍എസ് (6), എഐഎംഐഎം (8), എസ്.പി (2), ശരദ് പവാര്‍ എന്‍സിപി (1) ആകെ: 106
മാറ്റത്തിന്റെ കാറ്റോ? അതോ കളി മാറുമോ?
25 വര്‍ഷം ബിഎംസി ഭരിച്ച താക്കറെ കുടുംബത്തെ താഴെയിറക്കി ബിജെപി-ഷിന്‍ഡെ സഖ്യം വലിയ വിജയം നേടിയെങ്കിലും ഭരണം കയ്യാളുന്നത് സംബന്ധിച്ച അന്തിമ തീരുമാനം ഇനിയും നീളുകയാണ്. കുതിരക്കച്ചവടം (Horse-trading) ഒഴിവാക്കാന്‍ തന്ത്രപരമായ നീക്കങ്ങളാണ് ഷിന്‍ഡെ ക്യാമ്പ് നടത്തുന്നത്.
രാജ്യത്തെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനമായ ബിഎംസിയില്‍ കാവിപ്പട അധികാരം ഏല്‍ക്കുമ്പോള്‍ ആര് മേയറാകും എന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം. ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിയോടെ കൗണ്‍സിലര്‍മാരെ ബാന്ദ്രയിലെ താജ് ലാന്‍ഡ്സ് എന്‍ഡ് ഹോട്ടലിലേക്ക് മാറ്റിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മൂന്ന് ദിവസത്തോളം ഇവര്‍ ഇവിടെ തങ്ങുമെന്നും നേതാക്കള്‍ അറിയിച്ചു. എന്നാല്‍, കൗണ്‍സിലര്‍മാരെ ഹോട്ടലിലേക്ക് മാറ്റിയത് പാര്‍ട്ടിയിലെ ഐക്യം ഉറപ്പിക്കാനാണെന്നും ബിജെപിയുമായുള്ള വിലപേശലിന്റെ ഭാഗമല്ലെന്നും ചില ഷിന്ദേ സേന നേതാക്കള്‍ വ്യക്തമാക്കി. ബിജെപിയുമായുള്ള ഏകോപനത്തെക്കുറിച്ചും ഭരണപരമായ മുന്‍ഗണനകളെക്കുറിച്ചും കൗണ്‍സിലര്‍മാര്‍ക്ക് അവബോധം നല്‍കാനാണ് ഈ നടപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, അഭിമാന വിഷയമായി കാണുന്ന മുംബൈ കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്താന്‍ ഉദ്ധവ് താക്കറെ വിഭാഗവും നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ടെന്ന സൂചനകള്‍ക്കിടെയാണ് ഷിന്ദേയുടെ ഈ നടപടി. നിലവിലെ നീക്കങ്ങള്‍ മുംബൈ നഗരഭരണത്തില്‍ കൂടുതല്‍ രാഷ്ട്രീയ നാടകങ്ങള്‍ക്ക് വഴിയൊരുക്കുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്.
