ബോചെ ജയിലില്‍ അനുസരണയുള്ള നല്ല കുട്ടി; വെള്ളിയാഴ്ച വൈകിട്ട് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും കഴിച്ച് വയറുനിറച്ചു; ശനിയാഴ്ച ഉച്ചയ്ക്ക് ചോറും മട്ടനുമായി ഉഷാറാവാം; കാണാന്‍ അനുമതി കിട്ടാതെ നിരാശരായി ബോചെ ഫാന്‍സ്; ചൊവ്വാഴ്ച ആവാന്‍ കാത്തിരിപ്പ്
ബോചെ ജയിലില്‍ അനുസരണയുള്ള നല്ല കുട്ടി
കൊച്ചി: ജാമ്യ പ്രതീക്ഷ ചൊവ്വാാഴ്ച വരെ നീണ്ടതോടെ, കാക്കനാട് ജില്ല ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണൂര്‍ ജയിലിന്റെ ചിട്ടവട്ടങ്ങളിലേക്ക് ഒതുങ്ങി. ബോചെ ശാന്തനായിരുന്നുവെന്നാണ് വിവരം.
കാക്കനാട്ടെ ജയിലില്‍ എ ബ്ലോക്കിലാണ് താമസം. വ്യാഴാഴ്ച പകല്‍ കാര്യമായി ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ ജയിലില്‍ കരുതിയിരുന്ന ചോറും ചപ്പാത്തിയും കറിയും രാത്രി കഴിച്ചിരുന്നു. വസ്ത്രം മാറി പുതിയത് ധരിച്ചു. മരുന്നുകളും ബോബി കൈവശം കരുതിയിരുന്നു.
ജയിലില്‍ ബോബി ചെമ്മണ്ണൂര്‍ അനുസരണാ ശീലമുള്ള പുതിയ മനുഷ്യനാണ്. ജയില്‍ നിയമം എല്ലാം അനുസരിക്കുന്നു, ജയില്‍ വാര്‍ഡന്മാര്‍ പറയുന്നതും കേള്‍ക്കുന്നു. പരിഭവമൊന്നുമില്ലാതെ സാദാ തടവുകാരനായി കഴിയുകയാണ്. പുതിയ അഡ്മിഷന്‍കാരെ എ ബ്ലോക്കിലാണ് പാര്‍പ്പിക്കാറുള്ളത്. സെല്ലിന് പുറത്തിറങ്ങാന്‍ അനുവാദമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ബോബി ചെമ്മണ്ണൂരിനെ അറിയാം. മുതലാളിയാണെന്നും പരസ്യമാണ്. അതുകൊണ്ട് തന്നെ പുറത്തിറങ്ങിയാല്‍ മറ്റ് തടവു പുള്ളികള്‍ വളയാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ മറ്റ് തടവു പുള്ളികള്‍ സെല്ലില്‍ കയറുമ്പോള്‍ മാത്രമാണ് ബോബി ചെമ്മണ്ണൂരിനെ പുറത്തേക്ക് വിടുന്നത്. തടവുകാരായ മറ്റുളളവര്‍ ബോച്ചെയെ ശല്യപ്പെടുത്താതിരിക്കാനാണ് ഇതെല്ലാം. സാദാ പരിഗണനകള്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂവെന്ന് ജയില്‍ അധികൃതര്‍ ബോച്ചെയെ അറിയിച്ചിട്ടുണ്ട്. ജാമ്യം കിട്ടും വരെ ഇങ്ങനെ പോട്ടേയെന്ന നിലപാടിലാണ് സ്വര്‍ണ്ണ കട മുതലാളി. ജയില്‍ അധികൃതരോട് പരിഭവമൊന്നും പറയുന്നതുമില്ല.
വെള്ളിയാഴ്ച രാവിലെ ചപ്പാത്തിയും കടലക്കറിയുമായിരുന്നു. ബന്ധുക്കള്‍ക്കും അഭിഭാഷകര്‍ക്കും മാത്രമേ ജയില്‍ അധികൃതര്‍ സന്ദര്‍ശനത്തിന് അനുമതി നല്‍കിയുള്ളൂ. 'ബോചെ ഫാന്‍സു'കാര്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ചോദിച്ചെങ്കിലും നിഷേധിച്ചു. വെള്ളിയാഴ്ച ആയതിനാല്‍ പൂര്‍ണമായും വെജിറ്റേറിയന്‍ ഭക്ഷണമായിരുന്നു ജയിലില്‍. മറ്റു തടവുകാര്‍ക്കൊപ്പം ചോറും സാമ്പാറും തോരനും കൂട്ടി ഉച്ചഭക്ഷണം. വൈകിട്ട് ചപ്പാത്തിയും വെജിറ്റബിള്‍ കറിയും.
ശനിയാഴ്ച ഉച്ചയ്ക്ക് മട്ടണും ചോറുമാണ്. ചൊവ്വയും ബുധനും മീന്‍കറിയും കിട്ടും. എന്നാല്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ നിന്നും ജാമ്യം കിട്ടുമെന്നാണ് ബോചെയുടെ ടീമിന്റെ പ്രതീക്ഷ. മരുന്നെല്ലാം കൃത്യമായി തന്നെ ബോബി ചെമ്മണ്ണൂര്‍ കഴിക്കുന്നുണ്ട്. എല്ലാ അര്‍ത്ഥത്തിലും പരിഭവം പറയാതെയാണ് ജയില്‍ ജീവിതം. മൊന്തയും പാത്രവുമെല്ലാം നല്‍കിയിട്ടുണ്ട്. ഇതിനൊപ്പം പായയും പുതപ്പും. ഇത്രയും സാമഗ്രികള്‍ കൊണ്ടാണ് ബോച്ചെയുടെ ജയില്‍ ജീവിതം.
സെല്ലിന് പുറത്ത് മറ്റുള്ളവരുള്ളപ്പോള്‍ ബോബിയെ ഇറക്കില്ല. ഇതിന് കാരണവും അദ്ദേഹത്തോടെ ജയില്‍ അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം പ്രത്യേക നിരീക്ഷണവും സുരക്ഷയും ബോബിയ്ക്കായി ഏര്‍പ്പാടാക്കി. മറ്റ് തടവുകാരുടെ ശല്യത്തില്‍ ബുദ്ധിമുട്ടുണ്ടാകാതിരിക്കാനാണ് ഇത്. ആര്‍പി 8683 എന്ന നമ്പരാണ് ജയിലില്‍ ബോച്ചെയ്ക്ക് നല്‍കിയിട്ടുള്ളത്. റിമാന്‍ഡ് തടവുകാരനായതിനാല്‍ ബോച്ചെയ്ക്ക് പണികളൊന്നും നല്‍കില്ല.
ബോബിയെ വെള്ളിയാഴ്ച രാവിലെ ജയില്‍ ഡോക്ടര്‍ പരിശോധിച്ചു. നിലവില്‍ ആരോഗ്യ പ്രശ്‌നമൊന്നുമില്ല. വ്യാഴാഴ്ച രക്തസമ്മര്‍ദം താഴ്ന്നതിനെ തുടര്‍ന്ന് കോടതി മുറിക്കുള്ളില്‍ ബോബി തളര്‍ന്നു വീണിരുന്നു. എന്നാല്‍ വൈകിട്ട് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരുന്നു. തന്റെ കാലിനു പരുക്കുണ്ടെന്ന് ജയിലിലേക്ക് കയറുന്നതിനു മുന്‍പ് ബോബി പറഞ്ഞിരുന്നു. പത്ത് പേര്‍ക്ക് കഴിയാവുന്ന സെല്ലില്‍ നിലവിലുള്ള അഞ്ചു പേര്‍ കഴിഞ്ഞ് ആറാമനായിട്ടാണ് ബോബി ചെമ്മണൂരിനെ സെല്ലിലേക്ക് കയറ്റിയത്. വ്യാഴാഴ്ച രാത്രി 7.10-ഓടെയാണ് ബോബി ചെമ്മണൂരിനെ കാക്കനാട് ജില്ലാ ജയിലിലെത്തിച്ചത്. ബോചെയ്ക്ക് പ്രത്യേക ഇളവ് അനുവദിക്കാന്‍ കഴിയില്ലെന്ന് കാട്ടിയാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്‍ ജാമ്യ ഹര്‍ജി ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.