മാര്‍ അപ്രേം എത്തിയത് അതിഥിയായി; തന്ത്രിയുടെ അനുമതിയോടെയാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്; ക്ഷേത്രത്തില്‍ പ്രവേശിച്ചത് ആചാരലംഘനമല്ല; നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കാനുള്ളതാകരുത്; നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ഹൈക്കോടതി
മാര്‍ അപ്രേം എത്തിയത് അതിഥിയായി
പത്തനംതിട്ട: അടൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ പ്രവേശിച്ച സംഭവം ആചാരലംഘനമല്ലെന്ന് ഹൈക്കോടതി. ഓര്‍ത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തില്‍ പ്രവേശിച്ചതില്‍ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. തന്ത്രിയുടെ അനുമതിയോടെയുള്ള ക്ഷേത്രപ്രവേശനം ആചാരലംഘനമല്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ക്ഷേത്രത്തിലെ അതിഥിയായാണ് സഖറിയാസ് മാര്‍ അപ്രേം എത്തിയത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമാണ് ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിച്ചത്. അതിനാല്‍ പ്രവേശനത്തെ ആചാരംഘനമായി കാണാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു.
അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു. 1965ലെ നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്നില്ല. ചട്ടങ്ങളില്‍ മാത്രമാണ് അഹിന്ദുക്കള്‍ പ്രവേശനമില്ലെന്ന് പറയുന്നത്. നിയമത്തിന് വിരുദ്ധമായി ചട്ടങ്ങള്‍ നില്‍ക്കരുതെന്നും നിയമങ്ങള്‍ സാമൂഹിക ഐക്യം തകര്‍ക്കാനുള്ളതാകരുതെന്നും ഹൈക്കോടതി പറഞ്ഞു.
പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവും വളര്‍ത്താനാണ് നിയമങ്ങള്‍ ഉപയോഗിക്കേണ്ടത്. അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണോ എന്ന് സര്‍ക്കാരിന് പരിശോധിക്കാം. തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
2023 സെപ്തംബര്‍ ഏഴിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നടന്ന ശോഭായാത്ര ഉദ്ഘാടനം ചെയ്യാനെത്തിയതാണ് സഖറിയാസ് മാര്‍ അപ്രേം. മാര്‍ അപ്രേം ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് പിന്നാലെ ക്ഷേത്രോപദേശക കമ്മിറ്റിക്കെതിരെ സനല്‍ നമ്പൂതിരി എന്നയാള്‍ ഹൈക്കോതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. പ്രസ്തുത ഹര്‍ജി പരിഗണിതക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.