ബ്രഹ്‌മോസ് മിസൈലുകളുടെ ഉല്‍പ്പാദന കേന്ദ്രമായി തിരുവനന്തപുരം മാറുന്നത് കേരളത്തിന് ലോട്ടറി; അനേകം പുതിയ തൊഴില്‍ അവസരങ്ങള്‍; റിയല്‍ എസ്റ്റേറ്റ് സാധ്യതകളും വര്‍ധിക്കും; 15 വര്‍ഷംകൊണ്ട് 2500 കോടിയുടെ ജിഎസ്ടി വരുമാനവും പ്രതീക്ഷിക്കുന്നു; ഇന്ത്യയിലെ പ്രതിരോധ വ്യവസായത്തിന്റെ ഹബ്ബായി കേരളം മാറുമോ?
ബ്രഹ്‌മോസ് മിസൈലുകളുടെ ഉല്‍പ്പാദന കേന്ദ്രമായി തിരുവനന്തപുരം മാറുന്നത് കേരളത്തിന് ലോട്ടറി
ന്യൂഡല്‍ഹി: തിരുവനന്തപുരം നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലിന്റെ 180 ഏക്കര്‍ ബ്രഹ്‌മോസ് മിസൈല്‍ നിര്‍മാണ യൂണിറ്റിന് കൈമാറാന്‍ സുപ്രീംകോടതി അനുമതി നല്‍കിയതോടെ കേരളത്തിന് അത് പുതിയ വ്യവസായ കുതിപ്പാകും. രാജ്യത്തെ തുറന്ന ജയിലുകളുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പരിഗണിക്കുന്ന കേസില്‍ കേരളസര്‍ക്കാര്‍ നല്‍കിയ ഇടക്കാല അപേക്ഷയിലാണ് ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. ബ്രഹ്‌മോസ് എയര്‍സ്പെയ്സ് ട്രിവാന്‍ഡ്രം ലിമിറ്റഡിന് (ബിഎടിഎല്‍) ഭൂമി നല്‍കുക വഴി രാജ്യസുരക്ഷയ്ക്കും പ്രതിരോധ വളര്‍ച്ചയ്ക്കും നേരിട്ട് സംഭാവനചെയ്യാന്‍ സാധിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് അനുമതി.
കേന്ദ്ര സായുധ പോലീസ് സേനയായ സശസ്ത്ര സീമാ ബലിന് (എസ്എസ്ബി) 45 ഏക്കറും കേന്ദ്ര ഫൊറന്‍സിക് സയന്‍സ് സര്‍വകലാശാലയ്ക്ക് 32 ഏക്കറും നല്‍കാന്‍ അനുവദിക്കണമെന്ന അപേക്ഷയും സുപ്രീംകോടതി അംഗീകരിച്ചു. ജയിലിന്റെ പ്രവര്‍ത്തനത്തിന് നൂറേക്കറില്‍ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ. പദ്ധതികള്‍ക്ക് സ്ഥലം നല്‍കുന്നത് ജയിലിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും സ്റ്റാന്‍ഡിങ് കോണ്‍സെല്‍ നിഷെ രാജന്‍ ശങ്കര്‍ വഴി ഫയല്‍ ചെയ്ത അപേക്ഷയില്‍ സര്‍ക്കാര്‍ വ്യക്തമാക്കി. ദേശീയ ഫൊറന്‍സിക് സയന്‍സസ് സര്‍വകലാശാലയുടെ കാമ്പസ് സ്ഥാപിക്കുന്നതിലൂടെ ലോകോത്തര നിലവാരമുള്ള സംവിധാനങ്ങള്‍ ലഭ്യമാകും. സൈബര്‍ പ്രതിരോധ കേന്ദ്രങ്ങള്‍, ഫൊറന്‍സിക് ഇനവേഷന്‍ കേന്ദ്രങ്ങള്‍ എന്നിവയും ഇതിലുണ്ടാകും.
എസ്എസ്ബി ബറ്റാലിയന്റെ ആസ്ഥാനം കേരളത്തില്‍ സ്ഥാപിക്കുന്നതോടെ ആഭ്യന്തര മന്ത്രാലയത്തിന്റെ ദീര്‍ഘകാലമായുള്ള ആവശ്യം നടപ്പാവും. ഇതുവഴി കേന്ദ്ര സായുധ പോലീസ് സേനയുടെ സ്ഥിരം സാന്നിധ്യം കേരളത്തിന് ലഭിക്കുകയും രാജ്യസുരക്ഷ ശക്തിപ്പെടുകയും ചെയ്യും.
ഡിആര്‍ഡിഒയ്ക്ക് കീഴിലുള്ള ബിഎടിഎലിന് തിരുവനന്തപുരത്തെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനാണ് പദ്ധതി. അത്യാധുനിക മിസൈലുകള്‍ക്കും ഉപകരണങ്ങള്‍ക്കുമായി രണ്ടാമത്തെ നിര്‍മാണ യൂണിറ്റ് തുടങ്ങും. ബിഎടിഎല്‍ വികസന പദ്ധതി വഴി എന്‍ജിനിയര്‍മാര്‍ക്കും സാങ്കേതികവിദഗ്ധര്‍ക്കുമായി അഞ്ഞൂറിലേറെ നേരിട്ടുള്ള തൊഴിലവസരങ്ങളുണ്ടാകും. പരോക്ഷമായി നൂറോളം തൊഴിലുകളും സൃഷ്ടിക്കപ്പെടും. ഇതുവഴി സംസ്ഥാനത്തിന് 15 വര്‍ഷംകൊണ്ട് 2500 കോടിയുടെ ജിഎസ്ടി വരുമാനവും പ്രതീക്ഷിക്കുന്നു.
തദ്ദേശീയമായി വലിയ തൊഴിലവസരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നു എന്നതാണ് ബ്രഹ്‌മോസ് യൂണിറ്റിന്റെ വരവോടെ സംഭവിക്കുന്ന പ്രധാന കാര്യം. പ്രദേശവാസികള്‍ക്ക് ഉയര്‍ന്ന നൈപുണ്യമുള്ള തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കപ്പെടും. ഈ മൂന്ന് സ്ഥാപനങ്ങളില്‍ മാത്രമല്ല, മറിച്ച് പുറത്ത് സ്വകാര്യമായും നിരവധി സ്ഥാപനങ്ങള്‍ ചുറ്റിപ്പറ്റി വളര്‍ന്നു വരും. എഞ്ചിനീയര്‍മാര്‍ക്കുള്ള നേരിട്ടുള്ള ജോലികള്‍ ഇതില്‍പ്പെടുന്നു. മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, എയ്റോസ്പേസ് മേഖലകളില്‍ മാത്രമല്ല, നിരവധി സപ്പോര്‍ട്ട് റോളുകളിലും ജോലികള്‍ സൃഷ്ടിക്കപ്പെടും. ഉദാഹരണത്തിന് ഗുണനിലവാര നിയന്ത്രണം, ലോജിസ്റ്റിക്‌സ്, അഡ്മിനിസ്‌ട്രേഷന്‍ തുടങ്ങിയവ.
രാജ്യത്തെമ്പാടു നിന്നും ജോലിക്ക് ആളുകളെ എടുക്കുന്ന സ്ഥാപനങ്ങളാണ് ഡിആര്‍ഡിഒ, എസ് എസ് ബി, ദേശീയ ഫോറന്‍സിക് സര്‍വകലാശാല എന്നിവ. എങ്കിലും തദ്ദേശീയമായി മാത്രം സോഴ്‌സ് ചെയ്യാവുന്ന നിരവധി ഘടകഭാഗങ്ങളും മറ്റുമുണ്ടാകും. ചിലതരം അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ക്കും, ലോജിസ്റ്റിക് ജോലികള്‍ക്കുമെല്ലാം പ്രദേശവാസികളാണ് നികത്തുന്നത്. ഇത് നഗരത്തിലെ സാങ്കേതിക തൊഴില്‍ മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും.
പ്രിസിഷന്‍ മെഷീനിങ്, സെന്‍സറുകള്‍, മെക്കാനിക്കല്‍ ഘടകങ്ങളുടെ നിര്‍മ്മാണം, ലോഹ സംസ്‌കരണം, ഐടി, സോഫ്റ്റ്വെയര്‍ പിന്തുണ, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളിലെല്ലാം തൊഴില്‍ സൃഷ്ടിക്കപ്പെടും. തിരുവനന്തപുരത്തും സമീപ ജില്ലകളിലുമുള്ള ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് (എംഎസ്എംഇ) വെണ്ടര്‍ കരാറുകളിലൂടെയും സബ്-കോണ്‍ട്രാക്റ്റിംഗിലൂടെയും പ്രയോജനം ലഭിക്കും. ഇതിലൂടെയുണ്ടാകുന്ന നേട്ടം തൊഴില്‍ ലഭിക്കുന്നു എന്നത് മാത്രമല്ല. പ്രാദേശികമായി അന്തര്‍ദ്ദേശീയ ഗുണനിലവാരമുള്ള ഉല്‍പ്പന്നങ്ങളുണ്ടാക്കുന്ന സ്വകാര്യ പങ്കാളികളും വളരുന്നു എന്നതാണ്. വിഴിഞ്ഞം സജീവമാകുന്നതോടെ ഇത്തരം ബിസിനസ്സുകള്‍ക്ക് രാജ്യാന്തര തലത്തിലും ബിസിനസ്സുകള്‍ പിടിക്കാന്‍ കഴിയും. അവരുടെ സാങ്കേതിക നിലവാരം, ഗുണനിലവാര മാനദണ്ഡങ്ങള്‍, സര്‍ട്ടിഫിക്കേഷനുകള്‍ എന്നിവ അപ്ഗ്രേഡ് ചെയ്യപ്പെടും എന്ന് ചുരുക്കം.
തിരുവനന്തപുരത്തെ ഒരു ഹൈടെക്‌നോളജി ഹബ്ബായി മാറ്റാനും ഡിആര്‍ഡിഒ, എസ് എസ് ബി, ദേശീയ ഫോറന്‍സിക് സര്‍വകലാശാല എന്നിവയുടെ വരവ് സഹായിക്കും. ഇതിനകം തന്നെ വിഎസ്എസ്സി, എല്‍പിഎസ്സി, ഐഐഎസ്യു, ഐഎസ്ആര്‍ഒ തുടങ്ങിയ സ്ഥാപനങ്ങള്‍ തിരുവനന്തപുരത്തുണ്ട്. സ്‌പേസിലും ഡിഫന്‍സിലും വൈദഗ്ധ്യമുള്ള ഒരു തലമുറയുടെ സൃഷ്ടിക്കും ഇത് വഴിയൊരുക്കും. ഇത് ദേശീയമായും അന്തര്‍ദേശീയമായും നഗരത്തിന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുകയും ചെയ്യുന്നു.
ചെറുകിട ബിസിനസ്സുകളുടെ വളര്‍ച്ചയ്ക്ക് ഏറെ സഹായകമാകും ബ്രഹ്‌മോസ് മിസൈല്‍ യൂണിറ്റിന്റെയും, എസ് എസ് ബിയുടെയും, ദേശീയ ഫോറന്‍സിക് സര്‍വകലാശാലയുടെയുമെല്ലാം വരവ്. പ്രദേശത്ത് വാടക വീടുകള്‍ക്ക് വലിയ തോതില്‍ ആവശ്യക്കാരുണ്ടാകും. ഹോട്ടലുകളും റെസ്റ്റോറന്റുകളുമെല്ലാം തുടങ്ങാന്‍ സാഹചര്യം ഒരുങ്ങും.
1964-ലാണ് 486 ഏക്കറില്‍ നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ സ്ഥാപിച്ചത്. ഇതില്‍ 12 ഏക്കര്‍ 2001-ല്‍ കേരളാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിനും 16 ഏക്കര്‍ 2022-ല്‍ ഡെയറി ഡിവലപ്മെന്റ് വകുപ്പിനും നല്‍കിയിരുന്നു. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് മലമൂത്ര വിസര്‍ജന സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരേക്കര്‍ നല്‍കുന്നത് പരിഗണനയിലുമാണ്. തുറന്ന ജയിലിനായി 200 ഏക്കര്‍ സ്ഥിരമായി നിലനിര്‍ത്തും.
