പി ശശിക്കെതിരെ പരാതിപ്പെട്ടതിന് എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കിയത് 12 വര്‍ഷം മുമ്പ്; പുറത്താക്കിയെങ്കിലും പിന്നീട് പി ശശി സംസ്ഥാനസമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയും; സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയായ സി കെ പി പത്മനാഭന്‍ മാടായി ഏരിയ കമ്മിറ്റിയില്‍ നിന്നും പുറത്ത്

സി കെ പി പത്മനാഭന്‍ മാടായി ഏരിയ കമ്മിറ്റിയില്‍ നിന്നും പുറത്ത്

Update: 2024-11-24 13:32 GMT

കണ്ണൂര്‍: സിപിഎമ്മില്‍ വിഭാഗീയതയുടെ ഇരയായ മുന്‍ എം എല്‍ എ സി കെ പി പത്മനാഭനെ ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. മാടായി ഏരിയ കമ്മിറ്റിയില്‍ നിന്നാണ് സി.കെ.പിയെ ഒഴിവാക്കിയത്. ഏരിയ സമ്മേളനത്തില്‍ ഇന്ന് അവതരിപ്പിച്ച ഔദ്യോഗിക പാനലില്‍ സി.കെ.പിയെ ഉള്‍പ്പെടുത്തിയില്ല. ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്.

ഏരിയ കമ്മിറ്റിയില്‍നിന്നു നീക്കിയതോടെ അദ്ദേഹത്തിന് പാര്‍ട്ടി അംഗം മാത്രമായി തുടരേണ്ടിവരും. വൃക്കരോഗത്തിനു ചികിത്സയിലുള്ള അദ്ദേഹം ഇന്നലെ ഏരിയ സമ്മേളനത്തില്‍ പങ്കെടുത്തില്ല. ഡയാലിസിസിനു പോകേണ്ടതാണ് കാരണമായി പറയുന്നത്.

താന്‍ രോഗിയായതിനു കാരണം പാര്‍ട്ടിതന്ന മാനസിക സംഘര്‍ഷമെന്നു സിപിഎം സംസ്ഥാന സമിതി മുന്‍ അംഗമാമായ സി.കെ.പി.പത്മനാഭന്‍. തുറന്നടിച്ചിരുന്നു. വിഭാഗീയതയുടെ ഇരയാണു താനെന്നും പാര്‍ട്ടി എങ്ങനെ ജനങ്ങള്‍ വെറുക്കുന്ന രൂപത്തിലെത്തിയെന്ന പരിശോധനയാണു വേണ്ടതെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിലവില്‍ വൃക്കരോഗം ബാധിച്ച് ഡയാലിസിസിനു വിധേയനായിക്കൊണ്ടിരിക്കുകയാണ് സി.കെ.പി.

കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന സി.കെ.പി.പത്മനാഭനെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് 12 വര്‍ഷം മുന്‍പ് തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്ന് പാര്‍ട്ടി നീക്കി. ഏറെക്കാലത്തിനു ശേഷം മാടായി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. ഈ കമ്മിറ്റിയില്‍ നിന്നാണ് ഇപ്പോള്‍ ഒഴിവാക്കിയത്.

പി.ശശി ജില്ലാ സെക്രട്ടറിയായിരിക്കെ സ്വഭാവദൂഷ്യം ആരോപിച്ച് സികെപി നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു. വി.എസ്-പിണറായി വിഭാഗീയത കത്തിനിന്ന സമയത്താണ് സികെപിക്ക് എതിരായ നടപടി. സി.കെ.പിയുടെ പരാതിയില്‍ ശശിക്കും തരംതാഴ്ത്തല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവന്നു. വിഭാഗീയത കാരണം തന്റെ മേല്‍ അടിച്ചേല്‍പിച്ചതാണ് അച്ചടക്ക നടപടിയെന്ന് സി.കെ.പി പറയുന്നു. പാര്‍ട്ടിയില്‍നിന്നു പുറത്തുപോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ഇത്രയും കാലം ഇതൊന്നും പറയാതിരുന്നതെന്നു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു.

15 തവണ അപ്പീല്‍ നല്‍കിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. 4 ലക്ഷം രൂപയോളം കര്‍ഷക സംഘത്തിന്റെ അന്നത്തെ ഓഫിസ് സെക്രട്ടറി കട്ടെടുത്തെന്നത് സത്യമാണ്. പാര്‍ട്ടിയില്‍ അക്കാലത്ത് വിഭാഗീയതയുണ്ടായിരുന്നു. ഓഫിസ് സെക്രട്ടറി നടത്തിയ തിരിമറിക്ക് തന്നെ ബലിയാടാക്കിയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. പാര്‍ട്ടി തന്റെ വാദം കേട്ടില്ലെന്നും കള്ളനെന്നു വരുത്തിത്തീര്‍ത്ത് വിഭാഗീയതയുടെ ഇരയാക്കിയെന്നുമുള്ള പരിഭവമാണ് സി.കെ.പിക്കുള്ളത്. അതിന്റെ മാനസികസംഘര്‍ഷത്തിലാണു താന്‍ രോഗിയായതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മാടായി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയ ശേഷം പലതവണ ജില്ലാ സമ്മേളന പ്രതിനിധിയായെങ്കിലും ജില്ലാ കമ്മിറ്റിയില്‍ പോലും ഉള്‍പ്പെടുത്തിയില്ല. 2006-2011ല്‍ തളിപ്പറമ്പ് എംഎല്‍എയായിരുന്ന അദ്ദേഹത്തിന് പിന്നീടു മത്സരിക്കാനും അവസരം നല്‍കിയില്ല. സി.കെ.പിയുടെ പരാതിയില്‍ അന്ന് പാര്‍ട്ടി പുറത്താക്കിയെങ്കിലും പി.ശശി പിന്നീട് സംസ്ഥാനസമിതി അംഗവും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായി. സംസ്ഥാനസമിതി അംഗമായിരിക്കെ 2011 ജൂലൈ 2നാണ് ശശിയെ പുറത്താക്കിയത്. ശശിക്കെതിരെ നടപടിയെടുത്തു രണ്ടരമാസം കഴിഞ്ഞ് 2011 സെപ്റ്റംബര്‍ 18ന് ആയിരുന്നു വിഎസ് പക്ഷക്കാരനായ സികെപിക്കെതിരായ നടപടി. ഇതു പകപോക്കലാണെന്നു വിമര്‍ശനമുയര്‍ന്നപ്പോള്‍ പിന്നീട് മാടായി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പരാതി ഉന്നയിച്ച സികെപി ഇപ്പോള്‍ ഏരിയ കമ്മിറ്റിയില്‍ പോലും ഇല്ല

Tags:    

Similar News